kohli

ലോകകപ്പിൽ ഇന്ന് ഇന്ത്യ - അഫ്ഗാനിസ്ഥാൻ പോരാട്ടം

മത്സരം വൈകിട്ട് 3 മുതൽ

സ്റ്റാർസ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്രാറിലും തത്സമയം

സൗത്താംപ്ടൺ: ലോകകപ്പിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3 മണിമുതൽ സൗത്താംപ്ടണിലാണ് മത്സരം. ഇതുവരെ ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാത്ത ഇന്ത്യ വിജയ ഗാഥ തുടരാമെന്ന പ്രതീക്ഷയിലാണ് ദുർബലരായ അഫ്ഗാനെ നേരിടാനിറങ്ങുന്നത്. മറുവശത്ത് ഇകുവരെ കളിച്ച എല്ലാമത്സരങ്ങളിലും തോറ്റ അഫ്ഗാനിസ്ഥാൻ മുഖം രക്ഷിക്കാനുള്ള പോരാട്ടത്തിനാണ് കളത്തിലിറങ്ങുന്നത്. എന്നാൽ ടീമിലെ ആഭ്യന്തര കലഹങ്ങളും മോശം ഫോമും വലയ്ക്കുന്ന അഫ്ഗാൻ കരുത്തരായ ഇന്ത്യയെ അട്ടിമറിക്കുമെന്ന് അവരുടെ കടുത്ത ആരാധകർ പോലും കരുതുന്നില്ല.

പ്രമുഖ താരങ്ങളുടെ പരിക്കിൽ വലയുന്ന ഇന്ത്യ വരാനിരിക്കുന്ന വലിയ മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരീക്ഷണ വേദിയായാണ് ഇന്നത്തെ മത്സരത്തെ കാണുന്നത്.

പരിക്കിനെ പാട്ടിലാക്കാൻ

പ്രമുഖ താരങ്ങളുടെ പരിക്കാണ് ഇന്ത്യയുടെ പ്രധാന തലവേദന. ഓപ്പണർ ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, വിജയ് ശങ്കർ എന്നീ ഇന്ത്യൻ താരങ്ങൾക്കാണ് പരിക്കേറ്രത്. ഇതിൽ കൈവിരലിന് പരിക്കേറ്ര ധവാനെ കഴിഞ്ഞ ദിവസം ടീമിൽ നിന്നൊഴിവാക്കി യുവ വിക്കറ്ര് കീപ്പർ ബാറ്ര്‌സ്മാൻ റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. പന്ത് ഇന്ന് കളത്തിലിറങ്ങാൻ സാധ്യതയുണ്ട്. മുൻ നിരയിൽ ഒരു ഇടംകൈയന്റെ അഭാവം പന്തിന് അവസാന ഇലവനിൽ ഉൾപ്പെടാൻ തുണയാകുമെന്നാണ് പ്രതീക്ഷ.

പാകിസ്ഥാനെതിരായ മത്സരത്തിൽ പരിക്കേറ്റ ഭുവനേശ്വർ ടീമിലുണ്ടെങ്കിലും അദ്ദേഹത്തിന് ഇന്നും കളിക്കാൻ കഴിയില്ല. ഭുവനേശ്വർക്ക് പകരം ഇംഗ്ലണ്ടിൽ മികച്ച റെക്കാഡുള്ള മുഹമ്മദ് ഷമി ഇന്ന് കളിച്ചേക്കും. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ബുംറയുടെ യോർക്കർ കൊണ്ട് വിജയ് ശങ്കറുടെ കാലിന്റെ പെരുവിരലിന് പരിക്കേറ്രിരുന്നു. വിജയ്ക്ക് ഇന്ന് കളിക്കാനാകുമോയെന്ന കാര്യം വ്യക്തമല്ല. കുൽദീപും ചഹാലും നന്നായി പന്തെറിയുന്നതിനാൽ ജഡേജയ്ക്ക് ഇന്നും അവസരം ലഭിക്കാനിടയില്ല. എന്നാൽ ഇവരിൽ ആർക്കെങ്കിലും വിശ്രമം നൽകാൻ ടീം തീരുമാനിച്ചാൽ ജഡേജയ്ക്ക് നറുക്ക് വീഴും.

സാധ്യതാ ടീം: രോഹിത്, രാഹുൽ, കൊഹ്‌ലി, വിജയ്/പന്ത്, ധോണി, കേദാർ, പാണ്ഡ്യ,കുൽദീപ്,ചഹാൽ, ഷമി, ബുംറ.

അട്ടിമറിക്കാൻ അഫ്ഗാൻ

നിലവിലെ സാഹചര്യത്തിൽ വിജയ സാധ്യത കുറവാണെങ്കിലും മികച്ച പ്രതിഭകളുള്ള അഫ്ഗാനിസ്ഥാനെ എഴുതി തള്ളാൻ ആരും തയ്യാറല്ല. ടൂർണമെന്റിലെ ആദ്യ ജയമാണ് അവർ സ്വപ്നം കാണുന്നത്. ടീമിലെ ആഭ്യന്തര കലഹങ്ങളാണ് അവരെ വലയ്ക്കുന്ന പ്രധാന ഘടകം.

സാധ്യതാ ടീം: നൂർ അലി സദ്രൻ, ഗുൽബദീൻ നയിബ്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷഹിദി, അസ്ഗർ അഫ്ഗാൻ, മുഹമ്മദ് നബി, റഷിദാ ഖാൻ, ഇക്രാം അലി ഖിൽ, അഫ്‌ത്താബ് ആലാം, ദൗലത്ത് സദ്രാൻ, മുജീബ്.

പിച്ച് റിപ്പോർട്ട്

ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് റോസ് ബൗളിലേത്. അവസാനം ഇവിടെ നടന്ന അഞ്ച് ഏകദിനങ്ങളിലെ ആദ്യ ഇന്നിംഗ്സുകളിലെ ശരാശരി സ്കോർ 286 ആണ്.

ഓർമ്മിക്കാൻ

ലോകകപ്പിലെ അമ്പതാം ജയം തേടിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

നജിബുള്ള മാത്രമാണ് ഈ വർഷം 50തിന് മുകളിൽ ശരാശരിയും 100ന് മുകളിൽ സ്ട്രൈക്ക് റൈറ്റുമുള്ള ഏക അഫ്ഗാൻ ബാറ്റ്സ്മാൻ.

കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 150 റൺസിനാണ് അഫ്ഗാൻ തോറ്രത്. അവരുടെ സ്റ്രാർ സ്പിന്നർ റഷിദ് ഖാൻ ഒമ്പതോവറിൽ വഴങ്ങിയത് 110 റൺസാണ്