കോഴിക്കോട് : വടകര മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർത്ഥി സി.ഒ.ടി നസീർ വധശ്രമക്കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. തലശ്ശേരി സി.പി.എം ഏരിയാ കമ്മറ്റി ഓഫീസ് മുൻസെക്രട്ടറി രാജേഷാണ് അറസ്റ്റിലായത്. എ.എൻ.ഷംസീർ എം.എൽ.എയുടെ മുൻഡ്രൈവറാണ് രാജേഷ്.
ഈ കേസിലെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്ന സന്തോഷിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി രണ്ട് ദിവസം പിന്നിടുകയാണ്. ഇയാളെ ചോദ്യം ചെയ്തതിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സി.പി.എം തലശ്ശേരി മുൻ ഏരിയാ സെക്രട്ടറിയുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് ഇയാളിൽ നിന്ന് പൊലീസിന് കിട്ടിയത്.
അക്രമം നടന്ന ദിവസം രാജേഷ് സന്തോഷിനെ 12 തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ നസീർ വധശ്രമ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മേയ് 18-ാം തീയതിയാണ് തലശ്ശേരിക്ക് സമീപം നസീറിനെ ആക്രമിച്ചത്. നിലവിൽ കേസിൽ 11 പേരുടെ പ്രതിപ്പട്ടികയാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്ന് നസീർ ആരോപിച്ചിരുന്നു. തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീറിന് ആക്രമണത്തിൽ പങ്കുണ്ടെന്ന് നസീർ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും നസീർ ആവശ്യപ്പെട്ടിരുന്നു.