army-yoga-

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാ ദിനത്തിൽ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് യോഗയെയും ഇന്ത്യൻ സൈന്യത്തെയും അപമാനിക്കുന്നതാണെന്ന് ആരോപണം. ഇന്ത്യൻ സൈന്യത്തിന്റെ ശ്വാന വിഭാഗത്തിലെ അംഗങ്ങളും അവയുടെ പരിശീലകരും യോഗാ പ്രദർശനം നടത്തുന്ന ചിത്രമാണ് 'ന്യൂ ഇന്ത്യ' എന്ന അടിക്കുറിപ്പോടെ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. മോദി സർക്കാരിന്റെ പ്രധാന വികസന മുദ്രാവാക്യമാണ് 'ന്യൂ ഇന്ത്യ'. എന്നാൽ,​ രാഹുലിന്റെ ട്വീറ്റ് കണ്ട് അമ്പരന്ന് നിൽക്കുകയാണ് സോഷ്യൽമീഡിയ.

അന്താരാഷ്ട്ര യോഗദിനമായ ഇന്നലെ രാവിലെ ആയിരുന്നു ഡിഫൻസ് സ്പോക്സ് പേഴ്സൺ ആർമി ഡോഗ് യൂണിറ്റ് യോഗ പ്രാക്ടീസ് ചെയ്യുന്ന ചിത്രം ട്വിറ്ററിൽ കുറിച്ചത്. 'അന്താരാഷ്ട്ര യോഗദിനത്തിനു വേണ്ടി യോഗ പ്രാക്ടീസ് ചെയ്യുന്ന ആർമി ഡോഗ് യൂണിറ്റ്' എന്ന കുറിപ്പോടു കൂടിയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്.

അതേസമയം,​ കോൺഗ്രസ് അദ്ധ്യക്ഷന്റെ ട്വീറ്റിനെ ബി.ജെ.പി രൂക്ഷമായാണ് വിമർശിക്കുന്നത്. സൈന്യത്തേയും ധീര ജവാന്മാരേയും ശ്വാന വിഭാഗത്തേയും യോഗയേയും മാത്രമല്ല രാജ്യത്തെ തന്നെയാണ് രാഹുൽ ഗാന്ധി അധിക്ഷേപിച്ചതെന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.