malinga

ലീഡ്സ്: ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് 20 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം.

മുൻ മത്സരങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ബൗളർമാർ വിധിയെഴുതിയ മത്സരത്തിൽ

ആദ്യം ബാറ്ര്‌ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 232 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 47 ഓവറിൽ 212 റൺസിന് ആൾഔട്ടാവുകയായിരുന്നു. നാല് വിക്കറ്രെടുത്ത ലസിത് മലിംഗയും 3 വിക്കറ്ര് സ്വന്തമാക്കിയ ധനഞ്ജയ ഡി സിൽവയുമാണ് കരുത്തുറ്റ ഇംഗ്ലീഷ് ബാറ്രിംഗ് നിരയെ കശക്കിയെറിഞ്ഞത്. 89 പന്തിൽ 82 റൺസുമായി പുറത്താകാതെ ബെൻ സ്റ്രോക്സ് പൊരുതി നോക്കിയെങ്കിലും മറ്രുള്ളവരിൽ നിന്ന് പിന്തുണ കിട്ടിയില്ല. സ്റ്രോക്സ് 7 ഫോറും 4 സിക്സും നേടി. ജോ റൂട്ട് (57) മാത്രമാണ് സ്റ്രോക്സിനെക്കൂടാതെ ഇംഗ്ലണ്ട് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ബാറ്റ്സ്മാൻ. ഒന്നാമത്തെ ഓവറിലെ ഒന്നാം പന്തിൽ ജോണിബെയർസ്റ്റോയെ വിക്കറ്രിന് മുന്നിൽ കുടുക്കി മലിംഗയാണ് ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്.ടീം സ്കോർ 186ൽ വച്ച് ഒമ്പതാം വിക്കറ്റ് വീണശേഷം മാർക്ക് വുഡിനെ ഒരറ്റത്ത് നിറുത്തി സ്റ്റോക്സ് വിജയത്തിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. 47-ാം ഓവറിലെ അവസാന പന്തിൽ വുഡിനെ വിക്കറ്റ് കീപ്പർ കുശാൽ പെരേരയുടെ കൈയിൽ എത്തിച്ച് നുവാൻ പ്രദീപ് ഇംഗ്ലണ്ടിനെ ചെറുത്ത് നിൽപ്പിന് തിരശീലയിടുകയായിരുന്നു. അവസാന വിക്കറ്റിൽ

26 റൺസിൽ 25ഉം സ്റ്റോക്സിന്റെ സംഭാവനയായിരുന്നു. ഒരു റൺസ് എക്സ്ട്രായായി കിട്ടി. 4 പന്ത് മാത്രം നേരിട്ട വുഡ് റൺസൊന്നും എടുത്തില്ല.

നേരത്തേ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ധിമുത്ത് കരുണ രത്നെ ബാറ്രിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ലങ്കയെ ഞെട്ടിച്ച് ഓപ്പണർമാരായ കരുണ രത്നെയും (1), കുശാൽ പെരേരയും (2) ടീം സ്കോർ 3ൽ എത്തിയപ്പോൾ തന്നെ പവലിയനിൽ തിരിച്ചെത്തി. കരുണരത്നയെ ആർച്ചറുടെ പന്തിൽ ബട്ട്‌ലർ പിടികൂടിയപ്പോൾ കുശാൽ വോക്സിന്റെ പന്തിൽ അലിയുടെ കൈയിൽ ഒതുങ്ങി. തുടർന്ന് ക്രീസിൽ ഒന്നിച്ച അവിഷ്ക ഫെർണാണ്ടോയും (49), കുശാൽ മെൻഡിസും (42) വൻ തകർച്ചയിൽ നിന്ന് ലങ്കയെ കരകയറ്റി അമ്പത് കടത്തി. അവിഷ്കയെ റഷിദിന്റെ കൈയിൽ എത്തിച്ച് ടീം സ്കോർ 62ൽ വച്ച് വുഡാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് മെൻഡിസിന് കൂട്ടായി എയ്ഞ്ചലോ മാത്യൂസ് (പുറത്താകാതെ 85) എത്തി. ഇരുവരും ലങ്കയെ നൂറ് കടത്തി. ടീം സ്കോർ 133ൽ വച്ച് കുശാൽ മെൻഡിസ് റഷിദിന്റെ പന്തിൽ മോർഗസ് ക്യാച്ച് നൽകി മടങ്ങി. പിന്നീട് ഒരറ്രത്ത് വിക്കറ്രുകൾ വീണു കൊണ്ടിരുന്നപ്പോൾ മറുവശത്ത് പിടിച്ചുനിന്ന മാത്യൂസാണ് ലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 115 പന്ത് നേരിട്ട് 5 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് മാത്യൂസിന്റെ ഇന്നിംഗ്സ്. ആർച്ചറും വുഡും ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്ര് വീഴ്ത്തി.