ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ 'പുതിയ ഇന്ത്യ' മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റ് വിവാദത്തിൽ. സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് യോഗ ചെയ്യുന്നതിന്റെ ചിത്രം 'ന്യൂ ഇന്ത്യ'യെന്ന തലക്കെട്ടോടെ ട്വീറ്റ് ചെയ്തതാണ് കോൺഗ്രസ് അധ്യക്ഷന് പാരയായത്.
ട്വീറ്റ് വിവാദമായതോടെ നിരവധി നേതാക്കൾ രാഹുലിനെതിരെ രംഗത്തെത്തി. രാഹുൽ ഗാന്ധിയും കോൺഗ്രസും യോഗ ദിനത്തെയും സൈന്യത്തെയും അധിക്ഷേപിച്ചെന്ന വിമർശനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. ബി.ജെ.പി എം.പിമാരായ പരേഷ് റാവൽ, തേജസ്വി സൂര്യ എന്നിവരും രാഹുലിനെ വിമർശിച്ചു. ധീര സൈനികരെയും സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡിനെയും രാജ്യത്തിന്റെ യോഗ പാരമ്പര്യത്തെയുമാണ് രാഹുൽ അധിക്ഷേപിച്ചതെന്ന് തേജസ്വി സൂര്യ പറഞ്ഞു.
യുവാക്കളായ പ്രവർത്തകർ ഇനിയും കോണഗ്രസിലുണ്ടെങ്കിൽ അവർക്ക് ഇത്തരത്തിലുള്ള ഒരു നേതാവിനെ അംഗീകരിക്കേണ്ടി വരുന്നത് ദുഃഖകരമാണെന്നും എം.പി തുറന്നടിച്ചു. നേരത്തെ രാഷ്ട്രപതി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ രാഹുൽ ഗാന്ധി മൊബെെൽ ഉപയോഗിച്ചതും വിവാദമായിരുന്നു. രാഹുൽ ഗാന്ധി മൊബൈൽ ഉപയോഗിച്ചത് ചില വാക്കുകളുടെ അർത്ഥം തിരയാനാണെന്നാണ് പറഞ്ഞ് കോൺഗ്രസ് ആ വിഷയത്തിൽ തടിയൂരുകയാണ് ചെയ്തത്.
New India. pic.twitter.com/10yDJJVAHD
— Rahul Gandhi (@RahulGandhi) June 21, 2019