ലീഡ്‌സ്: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് 20 റൺസ് വിജയം. ശ്രീലങ്ക ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇംഗ്ലണ്ട് 212 റൺസിന് എല്ലാവരും പുറത്തായി.
ഓപ്പണർ ജോണി ബ്രിസ്‌റ്റോയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. സ്കോർ ചെയ്യുന്നതിനു മുമ്പുതന്നെ മലിംഗ ബ്രിസ്‌റ്റോയെ പുറത്താക്കി. ജോ റൂട്ട് 89 പന്തിൽ 57 റണ്‍സ് നേടി. ജെയിംസ് വിൻസ് 14 റൺസും ഓയിൻ മോർഗൻ 21 റൺസും ജോസ് ബട്ട്‌ലർ 10 റൺസും മോയിൻ അലി 16 റൺസും എടുത്ത് പുറത്തായി.ബെൻ സ്റ്റോക്സ് 82 റൺസുമായി പുറത്താകാതെ നിന്നു.
ശ്രീലങ്കയ്ക്കായി എട്ട് ഓവറിൽ 39 റൺസ് വഴങ്ങി മലിംഗ നാല് വിക്കറ്റ് എടുത്തു. ഇസുരു ഉദാന രണ്ടുവിക്കറ്റും, ധനജ്ഞയ ഡിസിൽവ 3 വിക്കറ്റും നേടി.
നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 232 റൺസ് എടുത്തിരുന്നു. 115 പന്തിൽ 85 റൺസ് നേടിയ ഏയ്ഞ്ചലോ മാത്യൂസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. ഫെർണാണ്ടോ 49 റൺസും കുശാൽ മെൻഡിസ് 46 റൺസും നേടി.