ലീഡ്സ്: ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് നേടിയ നാലുവിക്കറ്റുകൾ ശ്രീലങ്കൻ താരം ലസിത് മലിംഗയ്ക്ക് സമ്മാനിച്ചത് മറ്റൊരു ലോകകപ്പ് നേട്ടം കൂടിയായി. അമ്പതാം ലോകകപ്പ് വിക്കറ്റെന്ന നേട്ടമാണ് മലിംഗ ഇന്ന് കൈവരിച്ചത്. 25 ഇന്നിംഗ്സുകളിൽ നിന്നാണ് മലിംഗയുടെ ഈ നേട്ടം.
ഇംഗ്ലണ്ടിന്റെ നാലു മുൻനിര ബാറ്റ്‌സ്മാന്‍മാരെയാണ് മലിമഗ വീവ്ത്തിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയവരുടെ കൂട്ടത്തിൽ നാലാം സ്ഥാനത്തെത്താനും മലിംഗക്കായി. 49 വിക്കറ്റുകൾ സ്വന്തമാക്കിയ ശ്രീലങ്കയുടെ തന്നെ ചാമിന്ദ വാസിനെയാണ് മലിംഗ മറികടന്നത്.
55 വിക്കറ്റുകൾ വീഴ്ത്തിയ പാക്കിസ്ഥാന്റെ വാസിം അക്രവും 68 വിക്കറ്റുകൾ വീഴ്ത്തിയ ലങ്കയുടെ തന്നെ മുത്തയ്യ മുരളീധരനും 71 വിക്കറ്റുകൾ സ്വന്തമായുള്ള ഓസ്‌ട്രേലിയയുടെ ഗ്ലെൻ മക്ഗ്രാത്തുമാണ് ആദ്യമൂന്നുസ്ഥാനങ്ങളിൽ ഉള്ളത്. ഇപ്പോഴത്തെ ഫോമിൽ വസിം അക്രത്തിന്റെ റെക്കോഡ് മറികടക്കാൻ മലിംഗയ്ക്ക് ആറു വിക്കറ്റുകൾ കൂടി വേണം. 36 മത്സരങ്ങളിൽ നിന്നാണ് ആക്രം 55 വിക്കറ്റുകൾ വീഴ്ത്തിയത്.
ഇന്ത്യൻ താരങ്ങളായ ജവഗൽ ശ്രീനാഥ് (44) ആറാം സ്ഥാനത്തും സഹീർഖാൻ (44) ഏഴാം സ്ഥാനത്തുമുണ്ട്. 21-ാം സ്ഥാനത്ത് അനിൽ കുംബ്ലെയും 28-ാമത് കപിൽദേവുമുണ്ട്. ഇംഗ്ലീഷ് ഓപ്പണറും മിന്നുന്ന ഫോമിലുള്ള ബാറ്റ്‌സ്മാനുമായ ജോണി ബയർസ്‌റ്റോയെ വിക്കറ്റിനു മുന്നിൽകുടുക്കി ഗോൾഡൻ ഡക്കാക്കിയാണ് മലിംഗ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിടുന്നത്. പിന്നീട് ജയിംസ് വിൻസി (14)നെയും ജോ റൂട്ടിനെയും (57) ജോസ് ബട്‌ലറെയും (10) പുറത്താക്കി.