ലോകകപ്പിൽ നിന്ന് പരിക്കേറ്റ് ശിഖർ ധവാൻ പുറത്തുപോയതിന് പിന്നാലെ ബാറ്റിംഗ് ഓർഡറിൽ മാറ്റങ്ങളുമായി ഇന്ത്യൻ ടീം. ധവാനു പകരക്കാരനായി ഋഷഭ് പന്ത് ഇംഗ്ലണ്ടിലെത്തിയെങ്കിലും കെ.എൽ. രാഹുലിനെയാണ് ടീം മാനേജ്മെന്റ് രോഹിതിനൊപ്പം ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രാഹുലിനെ നാലാംനമ്പർ സ്ഥാനത്ത് ഇറക്കാനാണ് ടീം തീരുമാനിച്ചിരുന്നത്.
രാഹുൽ ഓപ്പണറാകുന്നതോടെ ആരാകും ഇന്ത്യയുടെ നാലാം നമ്പറിൽ എത്തുന്നത് എന്നകാര്യത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. ലോകകപ്പിലെ രണ്ട് മത്സരങ്ങലിൽ ഹാർദിക് പാണ്ഡ്യയാണ് നാലാം നമ്പറിൽ ക്രീസിലെത്തിയത്. പക്ഷേ അത് അവസാന ഓവറുകളിൽ സ്കോറുയർത്തുന്ന തന്ത്രത്തിന്റെ ഭാഗമായായിരുന്നു. ഹാർദികിനെ സ്ഥിരമായി നാലാംനമ്പറിൽ ഇറക്കാൻ ആകാത്തതിനാൽ വിജയ് ശങ്കറിലേക്കും ഋഷഭ് പന്തിലേക്കുമാണ് ചർച്ചകൾ എത്തിനിൽക്കുന്നത്.
ഇടംകൈയൻ ബാറ്റ്സ്മാനായ പന്തിലേക്കു തന്നെയാണ് സൂചനകൾ നീങ്ങുന്നത്. ടീമിൽ വേറൊരു ഇടം കൈയ്യൻ ബാറ്റ്സ്മാനില്ല എന്നതാണ് ഋഷഭ് പന്തിന് അനുകൂലമാകുന്നത്. ഒപ്പം ഐ.പി.എല്ലിൽ നാലാം നമ്പറിൽ ഡൽഹി ക്യാപിറ്റൽസിനു വേണ്ടിയുള്ള മികച്ച പ്രകടനവും പന്തിന് തുണയാകും.
ബാറ്റിങ്ങിനൊപ്പം ബൗളിംഗിലും പുലർത്തുന്ന മികവാണ് വിജയ് ശങ്കറിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. ഭുവനേശ്വറിന് പരിക്കേറ്റ സാഹചര്യത്തിൽ ഷമിക്കും ബൂമ്രയ്ക്കും ഒപ്പം ഒരു മീഡിയം പേസറെ കൂടി ടീമിലെടുക്കാൻ തീരുമാനിച്ചാൽ വിജയ് ശങ്കറിന് അവസരം ലഭിക്കും