തിരുവനന്തപുരം: അന്ധനായ ലോട്ടറി വിൽപ്പനക്കാരന്റെ കയ്യിൽ നിന്നും ഒരാൾ ലോട്ടറി മോഷ്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. തിരുവനന്തപുരം തമ്പാനൂർ സെൻറൽ ബസ് സ്റ്റാന്റിൽ ലോട്ടറി ടിക്കറ്റ് വിൽക്കുകയായിരുന്ന അന്ധനായ വ്യക്തിയിൽ നിന്നും 23 ടിക്കറ്റുകളാണ് മോഷ്ടിച്ചത്.
വിൽപ്പനക്കരന്റെ ടിക്കറ്റ് കെട്ടുകളിൽ നിന്നും ഒരു കെട്ട് ലോട്ടറി വാങ്ങി മറുവശത്തേക്ക് ചരിഞ്ഞ് എണ്ണിനോക്കുന്നതും അടുത്തൊന്നും ആരുമില്ലെന്നറിഞ്ഞതോടെ അയാൾ ടിക്കറ്റുകൾ മോഷ്ടിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. വിൽപ്പനക്കാരൻ ഇതൊന്നും അറിയാതെ അവിടെ തന്നെ നിൽക്കുന്നുണ്ട്. ഇന്ന് രാവിലെ 9.50നായിരുന്നു സംഭവം.
സംഭവത്തിൽ തമ്പാനൂർ പോലീസ് സ്റ്റേഷൻ കേസെടുത്തിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0471-2326543, 9497987013 എന്ന നമ്പറിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കാനും പൊലീസ് പറയുന്നു. വീഡിയോ പുറത്ത് വന്നതോടെ മോഷ്ടാവിനെതിരെ പ്രതിഷേധം ശക്തമാണ്. അയാൾക്കെതിരെ നടപടിയെടുക്കാനും മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്നവരെ പറ്റിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നിരവധി പേർ ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
21.06.2019 രാവിലെ 9.50 ന് തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തമ്പാനൂർ സെൻറൽ ബസ് സ്റ്റാൻ്റിൽ ലോട്ടറി ടിക്കറ്റ് വിൽക്കുകയായിരുന്ന അന്ധനായ വ്യക്തിയിൽ നിന്നും 23 ടിക്കറ്റുകൾ മോഷ്ടിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. ഈ സംഭവത്തിൽ
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0471-2326543, 9497987013 എന്ന നമ്പറിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.