തിരുവനന്തപുരം: മലിനജലം ശുദ്ധീകരിക്കാനും മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച മുട്ടത്തറ സ്വിവറേജ് പ്ളാന്റ് ഇപ്പോൾ പകർച്ചവ്യാധി പരത്തുന്ന അവസ്ഥയിലാണ്. ഇവിടത്തെ ജീവനക്കാരും പരിസരവാസികളും പകർച്ചവ്യാധി ഭീഷണിയിലാണ്. പ്രധാന ഗേറ്റ് കടന്ന് അകത്തെത്തുമ്പോൾ കാണുന്നത് തളംകെട്ടിക്കിടക്കുന്ന മലിനജലമാണ്. ഒപ്പം രൂക്ഷ ഗന്ധവും. പത്ത് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്ലാന്റിന്റെ ഏറ്റവും അങ്ങേ തലയ്ക്കൽ സ്ഥാപിച്ചിട്ടുള്ള കുറ്റൻ മലിനജല കിണർ നിറഞ്ഞൊഴുകി ഗേറ്റ് വരെ മലിനജലം പരന്നുകിടക്കുന്നു. ഇതിനു നടുവിൽ വേണം 35 ജീവനക്കാർക്ക് കഴിയാൻ. നഗരത്തിലെ വിവിധ സ്വിവറേജ് പമ്പ് ഹൗസുകളിൽ നിന്ന് പമ്പ് ചെയ്ത് എത്തുന്ന പ്ലാന്റിലെ രണ്ട് കിണറുകളാണ് ഒരാഴ്ചയായി നിറഞ്ഞൊഴുകുന്നത്. ഇതിൽ ഖരമാലിന്യം ഉൾപ്പെടെ ഒഴുകി നടക്കുകയാണ്. പരാതിയുമായി ജീവനക്കാർ വാട്ടർ അതോറിട്ടി അധികൃതരെ സമീപിച്ചപ്പോൾ മഴയായതിനാൽ മലിനജലം കൂടുതലായി ഒഴുകിയെത്തുന്നുവെന്നാണ് വാദം.
മ
ലിനജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വീര്യം കൂടിയ പോളിമർ, ക്ലോറിൻ തുടങ്ങിയ രാസവസ്തുക്കളുമായി നിരന്തരം ഇടപെടുന്നതിനാൽ ജീവനക്കാർ ത്വഗ്രോഗത്തിന്റെ പിടിയിലാണ്. ഇതിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റോ മാസ്കോ മറ്റ് സുരക്ഷാ ഉപകരണങ്ങളോ ഇല്ല.
പ്ലാന്റ് തുടങ്ങിയ അന്നുമുതലുള്ള സ്ലഡ്ജ് (മലിനജലത്തിൽ നിന്ന് വേർതിരിച്ച ഖരമാലിന്യം) പ്ലാന്റിൽ കൂട്ടിയിട്ടിരിക്കുകയാണ്. ബംഗളൂരു ആസ്ഥാനമായ കമ്പനിയാണ് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. പ്ലാന്റിന്റെ നടത്തിപ്പ് ചുമതല വാട്ടർ അതോറിട്ടിക്കാണ്. ജീവനക്കാർ തങ്ങളുടെ ദുരിതം പലതവണ കരാർ കമ്പനിയെ അറിയിച്ചെങ്കിലും വാട്ടർ അതോറിട്ടിയോട് പറയാനായിരുന്നു നിർദ്ദേശം. വാട്ടർ അതോറിട്ടിയാകട്ടെ കരാർ കമ്പനിയിലേക്ക് തിരിച്ചയയ്ക്കും. 24 മണിക്കൂറും രാസപ്രവർത്തനങ്ങൾ നടക്കുന്ന പ്ലാന്റിലാണ് ജീവനക്കാർ അന്തിയുറങ്ങുന്നത്. അത് പാടില്ലെന്നാണ് വയ്പെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത അടച്ചുറപ്പില്ലാത്ത മുറികളാണ് ഇവർക്ക് നൽകിയിരിക്കുന്നത്. പരിസരമാകട്ടെ ആകെ കാടു പിടിച്ച നിലയിലുമാണ്.
പ്ലാന്റ് തുടങ്ങിയിടത്ത് തന്നെ
കോടികൾ മുടക്കി നിർമ്മിച്ച പ്ലാന്റിനെ പൂർണതോതിൽ ഉപയോഗക്ഷമമാക്കാൻ നഗരസഭയ്ക്കും വാട്ടർ അതോറിട്ടിക്കും കഴിഞ്ഞിട്ടില്ല. 107 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റിൽ ശുദ്ധീകരിക്കുന്നത് 50 ദശലക്ഷത്തിനകത്ത് വെള്ളം. പ്ലാന്റിലേക്ക് മലിനജലം എത്തിക്കാൻ കൂടുതൽ പമ്പ്ഹൗസുകളും പൈപ്പ ്ലൈനുകളും സ്ഥാപിക്കുന്നതിന് ജൻറം പദ്ധതി പ്രകാരം 291 കോടി രൂപ അനുവദിച്ചിരുന്നു. സ്ഥലമേറ്റെടുക്കുന്നതിനെച്ചൊല്ലി നഗരസഭയും വാട്ടർ അതോറിട്ടിയും തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം.
പ്ലാന്റ് പൂർണതോതിൽ പ്രവർത്തനക്ഷമമാകണമെങ്കിൽ നഗരസഭയിലെ 64 വാർഡുകളെ 18 ബ്ളോക്കുകളിലായി പമ്പ് ഹൗസുകൾ സ്ഥാപിച്ച് കണക്ഷനുകൾ പ്ലാന്റുമായി ബന്ധിപ്പിക്കണം. വാട്ടർ അതോറിട്ടിയുടെ 1930 മുതൽ നിലവിലുള്ള നാലു ബ്ലോക്കുകളിലെ 10 പമ്പ് ഹൗസുകൾ മാത്രമാണ് ഇപ്പോഴും നിലവിലുള്ളത്. നാളിതു വരെ ഒരു പമ്പ് ഹൗസുപോലും നിർമ്മിക്കാൻ വാട്ടർ അതോറിട്ടിക്കായില്ല. കാഞ്ഞിരവിളാകത്ത് ഒരു പമ്പ് ഹൗസ് നിർമ്മിക്കാൻ നടപടികൾ ആരംഭിച്ചെങ്കിലും പണി പൂർത്തിയായില്ല. സ്ഥലം കണ്ടെത്തി തരേണ്ടത് നഗരസഭയാണെന്നു പറഞ്ഞ് വാട്ടർ അതോറിട്ടി തലയൂരി. പരിസ്ഥിതി വാദികളുടെ പ്രതിഷേധമാണ് പദ്ധതി മുന്നോട്ടു പോകാത്തതിനു കാരണമെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം. പുഞ്ചക്കരിയിൽ പമ്പ് ഹൗസ് സ്ഥാപിക്കാൻ നഗരസഭ സ്ഥലം കണ്ടെത്തിയെങ്കിലും വെള്ളായണി കായലിനു സമീപത്തായതിനാൽ ജൈവ വൈവിദ്ധ്യ ബോർഡ് എതിർപ്പുമായി എത്തിയെങ്കിൽ അമ്പലത്തറയിൽ അത് മിൽമയായിരുന്നു. എന്തായാലും അഞ്ചു വർഷത്തേക്ക് അനുവദിച്ച 291 കോടി കാലാവധി കഴിഞ്ഞതോടെ ലാപ്സായിരിക്കുകയാണ്.
പ്ളാന്റ് തുടങ്ങിയത് 2012ൽ
നിർമ്മാണം നോയിഡ ആസ്ഥാനമായ
യു.ഇ.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
40 കോടി ചെലവ്
നിലവിൽ ശുദ്ധീകരിക്കുന്നത്
45- 50 വരെ ദശലക്ഷം
ശേഷി 107 ദശലക്ഷം ലിറ്റർ
പ്ലാന്റ് കാലാവധി 30 വർഷം
പ്രവർത്തനം: മലിനജലം ശുദ്ധീകരിച്ച്
പാർവതി പുത്തനാറിലേക്ക് ഒഴുക്കും