തിരുവനന്തപുരം: പഴവങ്ങാടിയിൽ മഹാഗണപതിയുടെ പുനഃപ്രതിഷ്ഠ നിധികുംഭത്തിനു മുകളിൽ ! ഇതിനായി നിധികുംഭം ഉൾപ്പെടെ സ്ഥാപിച്ചു കഴിഞ്ഞു. ആദ്യം സ്ഥാപിച്ചത് ആധാരശിലയാണ്. അതിനു മുകളിലാണ് നിധികുംഭം സ്ഥാപിച്ചത്. അതിനു മുകളിൽ പദ്മം, കൂർമ്മം, യോഗനലം, അതിനും മുകളിൽ ഒൻപത് ദ്വാരങ്ങളുള്ള നപുംസക ശില. ഇതിനൊക്കെ മുകളിലാണ് ദേവനെ കുടിയിരുത്തുക. ഇനിയൊരു പുനഃപ്രതിഷ്ഠ വേണ്ടാത്ത വിധത്തിലാണ് ക്ഷേത്ര തന്ത്രി ദേവനാരായണൻ പോറ്റിയുടെ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുക. നിധികുംഭം ഉൾപ്പെടെ സ്ഥാപിക്കുന്ന ഷഡാധാരപൂജ കഴിഞ്ഞു.
നിധികുംഭത്തിൽ നിക്ഷേപിക്കാനുള്ള സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ളവയുടെ ശേഖരണം നേരത്തേ തന്നെ ആരംഭിച്ചിരുന്നു.
മദ്രാസ് റെജിമെന്റിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ ജൂലായ് 5ന് ആരംഭിക്കും 16ന്,1008 നാളികേരത്തിന്റെ മഹാഗണപതി ഹോമത്തോടെ പൂജകൾ സമാപിക്കും.11നാണ് പുനഃപ്രതിഷ്ഠ. അഞ്ചിന് രാത്രി 7 മണിക്കാണ് പൂജകൾ ആരംഭിക്കുക. 21 പൂജാരിമാർ നേതൃത്വം നൽകും. നേരത്തേ റോഡിൽ നിന്ന് മൂന്നുപടി താഴോട്ടിറങ്ങിയാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തുക. ഇപ്പോഴത്തെ നിർമ്മാണരീതിയനുസരിച്ച് ആറ് പടി മുകളിലോട്ടു കയറിവേണം ക്ഷേത്രനടയിൽ എത്താൻ. പ്രധാന ക്ഷേത്രത്തിനു ഇടതുവശത്താണ് തേങ്ങയുടയ്ക്കുന്ന സ്ഥലം.
പടി കഴിഞ്ഞ് പഞ്ചലോഹത്തിൽ പൊതിഞ്ഞ തൂണുകളും പിന്നെ നിരപ്പായ പ്രതലവും കഴിഞ്ഞാണ് മഹാഗണപതിയുടെ ദർശനത്തിലേക്ക് തുറക്കുന്ന വാതിൽ. പ്രധാന ക്ഷേത്രത്തിന്റെ വലതുവശത്താണ് വേട്ടയ്ക്കൊരുമകനെ പ്രതിഷ്ഠിക്കുക. ഇടതുവശത്ത് ദുർഗാദേവിയെയും പ്രതിഷ്ഠിക്കും. നേരത്തേ ഈ രണ്ടു പ്രതിഷ്ഠകളും ചെറിയ ഇടങ്ങളിലായിരുന്നു. ഇത്തവണ ഉപഅമ്പലങ്ങളിലാണ് പ്രതിഷ്ഠ. വേട്ടയ്ക്കൊരുമകൻ പ്രതിഷ്ഠയ്ക്കു വലതുവശത്തായാണ് നാഗർപ്രതിഷ്ഠ. തിടപ്പള്ളിയുടെ കിഴക്ക് വശം ശില്പങ്ങളും മ്യൂറൽ പെയിന്റിംഗും കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. ഗോപുരത്തിലും പ്രധാന ക്ഷേത്രത്തിന്റെ കൂരയ്ക്കു താഴെയും നവഗ്രഹ ശില്പങ്ങളുണ്ട്. സുനിൽ പ്രസാദാണ് ക്ഷേത്രശില്പി.
ഒരേസമയം 500 ഭക്തർക്ക് ദർശനം സാദ്ധ്യമാകുമാറ് സൗകര്യമൊരുക്കുമെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു. ഗോപുരം കഴിഞ്ഞ് തൊഴാനെത്തുന്നവർക്ക് പഴയതുപോലെ ഷർട്ടിന് വിലക്കുണ്ടാകില്ല. തന്ത്രിയുടെ ഉപദേശപ്രകാരമാണ് ഈ പരിഷ്കാരം. പക്ഷേ, എല്ലാത്തരം വസ്ത്രങ്ങളും അനുവദിക്കില്ല.