തിരുവനന്തപുരം : നഗരമദ്ധ്യത്തിൽ പട്ടാപ്പകൽ പാളയത്തെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പുസ്തകമെടുക്കാനെത്തിയ പെൺകുട്ടിക്ക് നേരെ അതിക്രമം. എന്നിട്ടോ?, പെൺകുട്ടി പ്രതിഷേധിച്ചതോടെ അധികൃതർ ഉണർന്നെങ്കിലും അവർക്ക് മുന്നിലൂടെ അക്രമി കൂളായി രക്ഷപ്പെട്ടു. പിന്നാലെ ചെന്ന് അക്രമിയെ പിടികൂടാൻ സഹായിക്കുന്ന ഏക സാക്ഷി, കാമറ കണ്ണടച്ചതോടെ കേസ് കൊടുത്തിട്ടും ഫലമില്ലെന്നായി. യൂണിവേഴ്സിറ്റി ലൈബ്രറിക്കുള്ളിലെ കാമറ മാസങ്ങളായി പ്രവർത്തനരഹിതമായതിനാൽ ലൈബ്രറിക്കുള്ളിൽ എന്തു തോന്ന്യാസവും നടക്കുമെന്ന സ്ഥിതിയാണ്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. നഗരത്തിലെ സർക്കാർ വനിത കോളേജിലെ വിദ്യാർത്ഥിനി സുഹൃത്തിനൊപ്പം പുസ്തമെടുക്കാൻ പാളയത്തെ സർവകലാശാല ലൈബ്രറിയിലെത്തി. പുസ്തകങ്ങൾ റഫർ ചെയ്യുന്നതിനായി സ്റ്റോക്ക് റൂമിലെത്തിയ പെൺകുട്ടിക്ക് നേരെ അപ്രതീക്ഷിതമായാണ് അക്രമമുണ്ടായത്. ആളൊഴിഞ്ഞ മുറിയിൽ വച്ച് അപരിചിതൻ പെൺകുട്ടിയെ കയറിപ്പിടിച്ചു. കുതറി മാറിയ പെൺകുട്ടി ജീവരക്ഷാർത്ഥം ഓടി റിസപ്ഷനിലെത്തിയപ്പോഴേക്കും പിന്നാലെ എത്തിയ യുവാവ് കൂളായി മുൻ വാതിലിലൂടെ പുറത്ത് കടന്നു രക്ഷപ്പെട്ടു. ഇതോടെ പെൺകുട്ടി പരാതിയുമായി പ്രധാന ലൈബ്രേറിയനെ സമീപിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ വെറും പത്ത് രൂപ നൽകിയാൽ കിട്ടാവുന്ന വൺ ഡേ മെമ്പർഷിപ്പെടുത്താണ് സാമൂഹിക വിരുദ്ധൻ ലൈബ്രറിക്കുള്ളിൽ കയറിയത്. അതോടെ ലൈബ്രറിയിലെ സുരക്ഷ കാമറ നോക്കി അക്രമിയെ പിടിക്കാമെന്നായി അധികൃതർ.
കാമറ ദൃശ്യങ്ങൾ തേടി പോയപ്പോഴാണ് കാമറ കണ്ണുംപൂട്ടി ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി എന്ന് കണ്ടെത്തിയത്. ഇതോടെ പരാതി ചുരുട്ടിക്കൂട്ടി ഫയലിലാക്കി ലൈബ്രറി അധികൃതർ കൈയൊഴിഞ്ഞു. നിസഹായയായി പെൺകുട്ടിയും ലൈബ്രറി വിട്ടു.
കാമറ ഇങ്ങനെ മതിയോ
കോടികൾ പൊടിപൊടിച്ചാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് സർക്കാർ കേരള സർവകലാശാല ലൈബ്രറി നവീകരിച്ചത്. കെട്ടിടങ്ങൾ മോടിപിടിപ്പിക്കുന്നതിനൊപ്പം ലൈബ്രറിയുടെ വിവിധ ഭാഗങ്ങളിൽ കാമറകളും സ്ഥാപിച്ചിരുന്നു. കോളേജ് വിദ്യാർത്ഥികളും വൺഡേ മെമ്പർഷിപ്പെടുക്കുന്നവരുമടക്കം സംഘമായെത്തി ലൈബ്രറിക്കുള്ളിൽ പതിയിരുന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയതിനെത്തുടർന്നായിരുന്നു ഇത്. എന്നാൽ കാമറ സ്ഥാപിച്ചതല്ലാതെ അതിന്റെ പ്രവർത്തനം എങ്ങനെയെന്ന് തിരിഞ്ഞുപോലും നോക്കാതായതോടെ കാമറ കണ്ണടച്ച കഥ അധികൃതർ പോലും അറിഞ്ഞില്ല. വായനയ്ക്കായി ലൈബ്രറിക്കുള്ളിൽ എത്തുന്നവർക്ക് സുരക്ഷയൊരുക്കേണ്ടത് ലൈബ്രറി അധികൃതരുടെ ചുമതലയാണെന്ന് ലൈബ്രറി റീഡേഴ്സ് ഫോറം ആവശ്യപ്പെട്ടു.