ഇതാദ്യമായി ടൊവിനോ തോമസ് നായകനാകുന്ന ഒരു ചിത്രം ബിഗ്ബഡ്ജറ്റിൽ ഒരുങ്ങുന്നു. ക്വീൻ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിലൂടെയാണ് ഇത് യാഥാർത്ഥ്യമാകുന്നത്.
ദാദാ സാഹിബ്, ശിക്കാർ, നടൻ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ എസ്. സുരേഷ്ബാബുവാണ് ഇതിന് തൂലിക ചലിപ്പിക്കുന്നത്. ഹിസ്റ്റോറിക്കൽ ഡ്രാമ എന്ന വിഭാഗത്തിലാണ് അണിയറപ്രവർത്തകർ ഇൗ ചിത്രത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.
കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകന്റെ കഥ, നായകന്റെയും എന്നാണ് സംവിധായകൻ സിനിമയെ വിശേഷിപ്പിക്കുന്നത്. അടുത്തവർഷം ഇതിന്റെ ചിത്രീകരണം തുടങ്ങും. ആദ്യപകുതി എഴുതി പൂർത്തിയാക്കിയതായി തിരക്കഥാകൃത്ത് സുരേഷ്ബാബു സിറ്റികൗമുദിയോട് പറഞ്ഞു. സുജിത് സാരംഗ് കാമറയും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കും. 2020ലെ ടൊവിനോയുടെ ഏറ്റവും വലിയ പ്രോജക്ടാണിത്. ജേക്സ് ബിജോയിയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. മമ്മൂട്ടിയുടെ മാമാങ്കത്തിന് കലാസംവിധാനം നിർവഹിച്ച മോഹൻദാസാണ് പള്ളിച്ചട്ടമ്പിയിലെ സെറ്റ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.
പള്ളിച്ചട്ടമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം ഫേസ് ബുക്കിലൂടെ പുറത്ത് വിട്ടു.മുടി നന്നായി മുറിച്ച് കൊമ്പൻ മീശയുമായുള്ള ടൊവിനോയുടെ ലുക്ക് ഇതിനോടകം തന്നെ വൈറലാണ്.