cpm

തിരുവനന്തപുരം: ആന്തൂർ നഗരസഭ പരിധിയിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവവും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്ക്കെതിരെ ഉയർന്ന പീഡന ആരോപണവും കേരളത്തിലെ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സി.പി.എം നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് ചേരും. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ തിരുത്തൽ പ്രക്രിയകൾക്ക് തുടക്കമിടാൻ ലക്ഷ്യമിട്ടുള്ള യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനും സാദ്ധ്യതയുണ്ട്. അതേസമയം, സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ മാറി നിൽക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് തിരിച്ചടിയെ കുറിച്ച് പ്രധാനമായും ച‌ർച്ച ചെയ്യാൻ വിളിച്ചുവരുത്തിയ യോഗത്തിൽ പാർട്ടി പ്രതിരോധത്തിലാക്കിയ രണ്ട് വിഷയങ്ങളും ഉയർന്നേക്കും. കണ്ണൂരിലെ പാർ‌ട്ടി നേതാക്കളുടെ അനൈക്യവും പിണറായിയും കോടിയേരിയും തമ്മിലുള്ള അകൽച്ചയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാർട്ടി യോഗങ്ങൾ. മകനെതിരെ ഉയർന്ന ആരോപണങ്ങൾ പാർട്ടി നേതൃയോഗങ്ങളിൽ വരെ എത്തി നിൽക്കുന്ന സാഹചര്യത്തിൽ അവധിയെടുത്ത് മാറി നിൽക്കാം എന്ന് കോടിയേരി ബാലകൃഷ്ണൻ തീരുമാനിച്ചതായാണ് സൂചന. ഇന്ന് കഴിയുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ വ്യക്തത വന്നേക്കാം. നാളെയാണ് സംസ്ഥാന സമിതി ചേരുന്നത്.

അതേസമയം, മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് ഇക്കാര്യത്തിൽ വിയോജിപ്പുണ്ട്. ബിനോയിക്കെതിരായ ആരോപണങ്ങൾ വ്യക്തിപരമായി തന്നെ നേരിടട്ടെയെന്നാണ് പാർട്ടി നിലപാട്. കോടിയേരിയെ വേട്ടയാടേണ്ട എന്ന നേതാക്കളുടെ നിലപാടിലും സന്ദേശം വ്യക്തമാണ്. പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ കണ്ണൂരിലെ സി.പി.എം ഘടകം കൂടുതൽ പ്രതിരോധത്തിലാവുകയാണ്. കൂടാതെ ആന്തൂർ സംഭവം പാർട്ടിക്കുണ്ടാക്കിയ ക്ഷീണം വലുതാണെന്ന് നേതൃത്വം തിരിച്ചറിയുന്നു. നഗരസഭാ അദ്ധ്യക്ഷയായ പി.കെ. ശ്യാമളയ്ക്കെതിരെയാണ് വിമർശനങ്ങൾ ഉയരുകയാണ്. ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്തതു കൊണ്ട് ക്ഷീണം മാറില്ലെന്ന വിലയിരുത്തൽ ജില്ലാ പാർട്ടിക്കകത്ത് ശക്തമാണ്. ശ്യാമളയെ തൽക്കാലത്തേക്കെങ്കിലും ചെയർപേഴ്സൺ സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമുയരുന്നു. പാർട്ടി സ്വന്തം നിലയിൽ അവിടെ ആഭ്യന്തര അന്വേഷണത്തിന് തീരുമാനിച്ചേക്കാം.