തൃശൂർ: വിയൂർ ജയിലിൽ വച്ച് ഇന്ന് പുലർച്ചെ നടന്ന റെയ്‌ഡിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തത് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയിൽ നിന്ന്. മൊത്തം നാല് ഫോണുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ രണ്ട് ഫോണുകളാണ് ഷാഫിയുടെ കൈവശം ഉണ്ടായിരുന്നത്. ഫോണുകൾ കൂടാതെ കഞ്ചാവും മദ്യവും ഇവിടെ നിന്നും കണ്ടെടുത്തു.കത്തിയും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചെ നാല് മണിക്കാണ് റെയ്‌ഡുകൾ നടന്നത്. ഷാഫിയുടെ പക്കൽ നിന്ന് ഇതിന് മുൻപും ഫോണുകൾ കണ്ടെടുത്തിട്ടുണ്ട്.
ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് ജയിലുകളിൽ റെയ്‌ഡുകൾ നടന്നത്. കണ്ണൂർ ജയിലിൽ നിന്ന് മദ്യകുപ്പികളും പിടിച്ചെടുത്തു. ഡി.ജി.പി. ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡുകൾ നടന്നത്. ഐ.ജി അശോക് യാദവ്, കണ്ണൂർ എസ് പി എന്നിവർ സിംഗിന് ഒപ്പം ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജയിലിനുള്ളിൽ ഇത്തരത്തിൽ അനധികൃതമായി വിവിധ സംഭവങ്ങൾ നടക്കുന്നുവെന്ന് നേരത്തെ തന്നെ ഋഷിരാജ് സിംഗിന് വിവരം ലഭിച്ചിരുന്നു. അതിനാലാണ് ഉടൻ തന്നെ റെയ്ഡ് നടത്തിയത്. മാത്രമല്ല തടവുകാരെ പ്രത്യേകം എസ്‌കോർട്ട് ഇല്ലാതെ പുറത്തും മറ്റും ജയിൽ അധികൃതർ വിടുന്നുവെന്നും മറ്റാളുകളുമായി ബന്ധപ്പെടാനും സംസാരിക്കാനും അനുവദിക്കുന്നതായും അദ്ദേഹത്തിന് പരാതി ലഭിച്ചിരുന്നു.ഇതിനെ തുടർന്ന് ഋഷിരാജ് സിംഗ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.