pk-shyamala-

കണ്ണൂർ: കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിൽ മനംനൊന്ത് ഉടമ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ആന്തൂർ നഗരസഭ അദ്ധ്യക്ഷയ പി.കെ ശ്യാമളക്ക് എതിരെ കൂടുതൽ പരാതികൾ. കണ്ണൂരിലെ വെള്ളിക്കീൽ പാർക്കിൽ ഇക്കോ ടൂറിസ്റ്റ് പദ്ധതി ശ്യാമള ഇടപെട്ട് തകർത്തെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വനിതാ സംരഭക. തന്റെ ഇക്കോ ടൂറിസം പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടും ആന്തൂർ നഗരസഭ അനുമതി നൽകാത്തതിന്റെ പേരിൽ അവസാനിപ്പിക്കേണ്ടി വന്നെന്നും കണ്ണൂർ സ്വദേശിനിയായ സുഗില പറയുന്നു.

പദ്ധതിക്കായി 71,000 രൂപ മാസവാടകയ്ക്ക് 3 വർഷത്തെ കരാറിൽ സുഗില ഒപ്പിട്ടു. തുടർന്ന് കിയോസ്കുകൾ വാടകയ്ക്ക് എടുക്കാൻ ആളുകൾ എത്തിയെങ്കിലും കെട്ടിടത്തിനും വൈദ്യുതിക്കും വെള്ളത്തിനും നഗരസഭ അനുമതി നൽകില്ല. ഇതോടെ ലഭ്യമായ സൗകര്യം ഉപയോഗപ്പെടുത്തി സംരഭം ആരംഭിച്ചെങ്കിലും കെട്ടിടം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ച് വാടകക്കാരെ നഗരസഭ പറഞ്ഞയച്ചു. പാർട്ടിക്ക് പിരിവായി ചോദിച്ച 10000 രൂപ കൊടുക്കാത്തതിന്റെ പേരിലാണ് തന്നോട് നഗരസഭ അദ്ധ്യക്ഷ ഇങ്ങനെ ചെയ്തതെന്നാണ് സുഗില പറയുന്നത്. നേരത്തെ പണം കൊടുത്തിരുന്നുവെന്നും ഇപ്പോൾ തൽകാലം 3000 രൂപ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അത് അവർക്ക് കൂടുതൽ പ്രശ്നമായി. ശ്യാമള ടീച്ചർ പണം വാങ്ങുന്നുവെന്ന രീതിയിൽ പാർട്ടിക്കുള്ളിൽ ചർച്ച വന്നെന്നും അതിന് കാരണം ഞാനാണെന്നും ആയി ആരോപണം- സുഗില പറഞ്ഞു.

ഞാനിവിടെ ഇരിക്കുന്ന കാലത്തോളം ഇതൊന്നും അനുവദിച്ചു തരാനാവില്ല എന്ന രീതിയിലാണ് ടീച്ചർ സംസാരിച്ചത്. പ്രശ്നം പരിഹരിക്കാൻ സ്ഥലത്തെ പാർട്ടിക്കാരെ വച്ച് ചർച്ച നടത്തിയെങ്കിലും എനിക്ക് അഹങ്കാരമാണെന്നായിരുന്നു അവരുടെ പരാതി.തന്നോടുള്ള എതിർപ്പൊഴിവാക്കാൻ കഴിഞ്ഞ വർഷം സംരംഭം നടത്തിപ്പ് അനുമതി സുഗില ഭർത്താവ് വിനോദിന്റെ പേരിലാക്കിയെങ്കിലും ഇതുവരെ നഗരസഭ ഇതിന് അനുമതി നൽകിയിട്ടില്ല. വാടക നൽകാനാകാതെയും വരുമാനം നിലച്ചും വായ്പകളും ചേർന്ന് അരക്കോടി രൂപയോളമാണ് സുഗിലയുടെ ഇതുവരെയുള്ള നഷ്ടം. അതേസമയം, ഈ ആരോപണം തള്ളി പി.കെ ശ്യാമള രംഗത്തെത്തി. കെട്ടിട്ടങ്ങളും മറ്റുനിർമ്മാണങ്ങൾക്കും നമ്പർ അനുവദിച്ചു നൽകേണ്ടത് ഉദ്യോഗസ്ഥരാണെന്നും ഇക്കാര്യത്തിൽ നഗരസഭാ അദ്ധ്യക്ഷയായ തനിക്ക് യാതൊരു അധികാരവുമില്ലെന്നുമാണ് പി.കെ ശ്യാമളയുടെ വിശദീകരണം.