minor-rape

ഉന്നാവോ: ഉത്തർ പ്രദേശിൽ 11 വയസുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തലയ്ക്ക് ഇഷ്ടിക കൊണ്ടടിച്ച് കൊന്നു. വെള്ളിയാഴ്ച ഉന്നാവോയിലെ സഫീർപൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ഥലത്ത് വച്ചാണ് ഈ പൈശാചിക സംഭവം നടന്നത്. തന്റെ അച്ഛനൊപ്പം വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ പാതിരാത്രി കാണാതാകുകയായിരുന്നു. കുട്ടി മൂത്രമൊഴിക്കാനോ മറ്റോ പുറത്തു പോയതാകാമെന്നാണ് താൻ കരുതിയതെന്ന് അച്ഛൻ പറയുന്നു.

'ഞാനുണർന്ന് നോക്കിയപ്പോൾ അവളെ കണ്ടില്ല. പുറത്ത് മൂത്രമൊഴിക്കനോ മറ്റോ പോയതാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും അവൾ മടങ്ങിയെത്തിയില്ല. ഇതിനെ തുടർന്ന് ഞാൻ ഏതാനും അയൽക്കാരെയും കൂട്ടി അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് അടുത്തുള്ള തോട്ടത്തിൽ അവളെ കണ്ടെത്തിയത്. അവളുടെ തല ഇഷ്ടിക കൊണ്ട് അടിച്ച് ചതച്ചിരുന്നു.' പെൺകുട്ടിയുടെ അച്ഛൻ കരച്ചിലടക്കാനാകാതെ പറഞ്ഞു.

വീട്ടിൽ നിന്നും 100 മീറ്റർ അകലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ തോട്ടം സ്ഥിതി ചെയ്യുന്നത്. പുലർച്ചെ അഞ്ച് മണിക്കാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ ദേഹത്തും സ്വകാര്യ ഭാഗങ്ങളിലും പരിക്കേറ്റതിന്റെ പാടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോക്സോ വകുപ്പിനൊപ്പം കൊലപാതകത്തിനും, പീഡനത്തിനും ഉത്തർ പ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റവാളികളെ കുറിച്ചുള്ള അന്വേഷണത്തിനായി വിവിധ സംഘങ്ങളേയും പൊലീസ് വിന്യസിച്ചിട്ടുണ്ട്.