binoy-kodiyeri

മുംബയ്: ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതിയും കുടുംബവും പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. തന്നെയും തന്റെ കുടുംബത്തെയും ബിനോയ് കോടിയേരി ഭീഷണിപ്പെടുത്തിയെന്ന് യുവതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഫോൺ കോൾ റെക്കാഡുകൾ കേസന്വേഷിക്കുന്ന മുംബയ് പൊലീസിന് കൈമാറിയിട്ടുണ്ട്. ബിനോയിയെ അറസ്റ്റ് ചെയ്തതിന് ശേഷം കൂടുതൽ കാര്യങ്ങൾ പ്രതികരിക്കുമെന്നും യുവതിയും കുടുംബവും വ്യക്തമാക്കി.

ബിനോയ് കോടിയേരി യുവതിയെ വിവാഹം കഴിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇക്കാര്യം പറയുമ്പോൾ ബിനോയ് കോടിയേരി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രശ്നപരിഹാരത്തിന് കഴിഞ്ഞ ഒന്നര വർഷമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംസാരിക്കുന്നു. എന്നാൽ നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോളൂ വിഷയത്തിൽ ഞങ്ങൾ ഇടപെടില്ലെന്നുമാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതെന്ന് കുടുംബം ഒരു ചാനലിനോട് വെളിപ്പെടുത്തി.

ഒന്നര വർഷമായി ഇതിന് പരിഹാരം കാണാത്തതിനെ തുടർന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിനെയും വിഷയം ധരിപ്പിച്ചിരുന്നു. കൂടാതെ കേരളത്തിലെ സുഹൃത്തുക്കൾ വഴിയും കോടിയേരിയുമായി സംസാരിച്ചിരുന്നു. എന്നാൽ ബിനോയ് മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്ന് അറിഞ്ഞതോടെയാണ് താൻ പീഡീപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. തുടർന്നാണ് പൊലീസിനെ സമീപിക്കാൻ ഒരുങ്ങിയതെന്നും യുവതിയുടെ കുടുംബം പറയുന്നു.