big-boss

മുംബയ്: ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കെ, 'ബിഗ് ബോസ് മറാത്തി'യുടെ മത്സരാർത്ഥിയെ അറസ്റ്റ് ചെയ്ത് മുംബയ് പൊലീസ്. പരിപാടിയുടെ രണ്ടാം സീസണിലെ മത്സരാർത്ഥിയും രാഷ്ട്രീയ പ്രവർത്തകനുമായ അഭിജിത് ബിച്ചുകാലേയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ബിച്ചുകാലേയുടെ അറസ്റ്റ്.

പൊലീസ് എത്തുന്നത് കണ്ട് പരിപാടിയുടെ മറ്റ് മത്സരാർത്ഥികളും അണിയറ പ്രവർത്തകരും ഞെട്ടിയെങ്കിലും അറസ്റ്റിന് തടസ്സം നിൽക്കാനോ അഭിജിത്തിനെ സംരക്ഷിക്കാനോ ഇവർ തയാറായില്ല. 2015 മുതൽ നിലവിലുള്ള വണ്ടിച്ചെക്ക് കേസിലാണ് ഇയാൾ ഇപ്പോൾ അറസ്‌റ്റിലായിലിരിക്കുന്നത്.

കേസിൽ നിരവധി തവണ കോടതിയിൽ ഹാജരാകാൻ കോടതി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഭിജിത്ത് ഇതിന് തയാറായിരുന്നില്ല. ഒടുവിൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. നിരവധി തവണ മുനിസിപ്പാലിറ്റി മുതൽ പാർലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകളിൽ അഭിജിത്ത് മത്സരിച്ചിട്ടുണ്ട്. എന്നാൽ ഒറ്റത്തവണ പോലും ജയിക്കാനായിട്ടില്ല.

മുംബയിലെ സത്താരെയിൽ നിന്നും, കിഴക്കൻ ഗോറേഗാവോണിൽ നിന്നുമുള്ള പൊലീസ് സംഘങ്ങളാണ് ഇയാളെ അറസ്റ്റ് ചെയ്യാനായി മുംബയ് ഫിലിം സിറ്റിയിലുള്ള 'ബിഗ് ബോസ് ഹൗസി'ലേക്ക് എത്തിയത്. ഇയാൾക്കെതിരെ സത്താര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.