kaumudy-news-headlines

1. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയോ പാര്‍ട്ടി കേന്ദ്ര നേതൃത്വമോ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിന് തൊട്ട് മുന്‍പാണ് കോടിയേരി പിണറായിയെ കണ്ടത്


2. തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് പിന്നാലെ ഉണ്ടായ രണ്ട് പ്രധാന വിവാദങ്ങള്‍ സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തില്‍ ആക്കുന്നുണ്ട്. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട പീഡന ആരോപണത്തിന്റെ സാഹചര്യത്തില്‍ ആണ് താന്‍ മാറി നില്‍ക്കാമെന്ന് കോടിയേരി അറിയിച്ചത്.
3. അതേസമയം, ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്. മകന്‍ ആരോപണ വിധയേനായത് കൊണ്ട് പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിയേണ്ട സാഹചര്യമില്ലെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കുന്നു. വൃന്ദാ കാരാട്ട് ഉള്‍പ്പടെയുള്ള സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ ഈ നിലപാടാണ് സ്വീകരിക്കുന്നത്
4. ബിനോയ് കോടിയേരിക്ക് എതിരായ ലൈംഗിക ആരോപണത്തില്‍ പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. ബിനോയ്ക്ക് എതിരെ തിരച്ചില്‍ ശക്തമാക്കിയതായി മുംബയ് പൊലീസ്. ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബയ് ദിന്‍ഡോഷി സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും. അതേസമയം, ബിനോയ്ത്ത് എതിരെ പരാതി നല്‍കിയ യുവതിയില്‍ നിന്നും മൊഴി രേഖപ്പെടുത്തുന്നു
5. ആരോപണം സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ പരിശോധനയുടെ ആവശ്യം ഇല്ല എന്നാണ് ബിനോയിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായേക്കാവുന്ന ഡി.എന്‍.എ പരിശോധന നടത്താന്‍ ബിനോയ് കോടിയേരിയെ കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ട് എന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത് എന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു
6. ജയിലുകളില്‍ മിന്നല്‍ പരിശോധനയുമായി ഉദ്യോഗസ്ഥര്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പുലര്‍ച്ചെ നാല് മുതല്‍ ആരംഭിച്ച റെയ്ഡില്‍ മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് എന്നിവയാണ് പിടിച്ചെടുത്തത്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ലഭിച്ചതായും വിവരം
7. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സി.പി.എമ്മിന്റെ കീഴില്‍ എന്ന ആരോപണങ്ങള്‍ക്കിടയില്‍ ആയിരുന്നു റെയ്ഡ്. തടവുകാര്‍ പിരിവിട്ട് ടെലിവിഷന്‍ വാങ്ങിയതും നേരത്തെ വിവാദം ആയിരുന്നു. റെയ്ഡില്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിയതിനാല്‍ ജയില്‍ സൂപ്രണ്ടിന് എതിരെ നടപടി ഉണ്ടായേക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 4 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇതില്‍ രണ്ടെണ്ണം ടി.പി. കേസ് പ്രതി ഷാഫിയില്‍ നിന്നുമാണ് പിടിച്ചെടുത്തത്.
8. സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സി.പി.എം തലശേരി ഏരിയ കമ്മറ്റി മുന്‍ ഓഫീസ് സെക്രട്ടറി രാജേഷാണ് അറസ്റ്റിലായത്. എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ താത്ക്കാലിക ഡ്രൈവറും സന്തത സഹചാരിയുമാണ് രാജേഷ്. ബി.ജെ.പി നേതാവ് സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കോടതി കഠിന തടവിന് ശിക്ഷിച്ച പൊട്ടി സന്തോഷിനെ കഴിഞ്ഞ ദിവസം സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
9. സി.ഒ.ടി നസീറിനെതിരായ അക്രമം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും താനാണന്ന് ചോദ്യം ചെയ്യലില്‍ സന്തോഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അക്രമം നടന്ന ദിവസം സി.പി.എം ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറി കൂടിയായ രാജേഷ് 12 തവണ സന്തോഷിനെ ഫോണ്‍ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തില്‍ രാജേഷിനുളള പങ്ക് തെളിഞ്ഞത്.
10. നസീര്‍ അക്രമിക്കപ്പെടുമെന്ന വിവരം രാജേഷിന് അറിയാമായിരുന്നു. പ്രതികള്‍ക്ക് ആയുധം എത്തിച്ച് നല്‍കിയതും കൃത്യം നടത്തിയതിന് ശേഷം ഒളിവില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിയതും രാജേഷിന്റെ അറിവോടെ ആണന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ രാജേഷിനെ നാളെ കോടതിയില്‍ ഹാജരാക്കും. രാജേഷിന്റെ അറസ്റ്റോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
11. ലോകകപ്പില്‍ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. മത്സരം വൈകിട്ട് മൂന്നിന് സതാംപ്ടണില്‍ നടക്കും. ടീമില്‍ ചെറിയ മാറ്റങ്ങളോടെ ആണ് നാലാം ജയത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനാല്‍ പകരം മുഹമ്മദ് ഷമി ആയിരിക്കും ഇന്ന് കളിക്കുക. പാകിസ്ഥാന്‍ എതിരായ മത്സരത്തിന്‍ ഇടെയാണ് കാലിലെ പേശികള്‍ക്ക് പരിക്കേറ്റത്. ഭുവനേശ്വര്‍ അടുത്ത രണ്ട് മത്സരത്തിലും കളിക്കില്ല എന്നും റിപ്പോര്‍ട്ട് ഉണ്ട്.
12. ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് എത്തുമെന്ന് അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുക ആണ് ആരാധകര്‍. പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്തായതോടെ പകരക്കാരന്‍ ആയി റിഷഭ് പന്ത് ടീംമില്‍ ഇടം നേടി. എന്നാല്‍ റിഷഭ് ഇന്ന് ഇറങ്ങുമോ എന്ന് കാര്യം വ്യക്തമല്ല. കടുത്ത പ്രതിസന്ധിയിലുള്ള അഫ്ഗാന്‍ ടീംമിന് വിജയ സാധ്യത കുറവാണെങ്കിലും മികച്ച പ്രതിഭകളുള്ള ടീം ആദ്യ ജയത്തിനു വേണ്ടിയാണ് ഇന്ന് ഇറങ്ങുന്നത്. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ അമ്പതാം ജയത്തിന് തന്നെയാണ് മുന്‍തൂക്കം