ആകാശത്ത് കാർമേഘം മൂടിക്കിടക്കുകയാണ്. ഏതു സമയത്തും മഴ പെയ്തേക്കും എന്നു തോന്നി.
തങ്കപ്പൻ ഓട്ടോയുടെ വേഗത വർദ്ധിപ്പിച്ചു. കാരണം മേൽമൂടിയിലെ റക്സിൻ അങ്ങിങ്ങു കീറിത്തുടങ്ങിയതാണ്..
അടുത്ത നിമിഷം ദിഗന്തം പിളരുന്ന ഒരു മിന്നൽ ... ഒപ്പം അതിശക്തമായ ഇടി വെട്ടി.
തുടർന്ന് ചരൽ വാരിയെറിയുന്നതുപോലെ മഴ പെയ്യാൻ തുടങ്ങി.
''നാശം..." തങ്കപ്പൻ മനസ്സിൽ ശപിച്ചു.. ''ഇന്ന് നനഞ്ഞു കുളിച്ചതു തന്നെ."
അനുനിമിഷം മഴയ്ക്കു ശക്തിയേറി. അണമുറിയാതെ എന്നവണ്ണം പെയ്തിറങ്ങുകയാണ് മഴ.
മുന്നിലെ കാഴ്ച പെട്ടെന്നു മങ്ങി. ഓട്ടോയുടെ വൈപ്പർ പ്രവർത്തനരഹിതമായിരുന്നു.
ഒരടി മുന്നോട്ടു നീങ്ങാൻ കഴിയാത്ത അവസ്ഥ.
ഒപ്പം കാറ്റും വീശാൻ തുടങ്ങി.
ഓട്ടോയ്ക്കുള്ളിലേക്ക് വെള്ളം അടിച്ചുകയറി.
തങ്കപ്പൻ ഇടത്തേക്കു ചേർത്ത് അതു നിർത്തി. അയാളുടെ പാന്റും ഷർട്ടും വെള്ളത്തിൽ കുതിർന്നു കഴിഞ്ഞു.
ഇടയ്ക്കിടെ ബൈക്ക് യാത്രികർ റോഡിൽ ഉണ്ടായിരുന്നു. മഴ കാരണം ഇപ്പോൾ അവരുമില്ല.
പെട്ടെന്ന് കറണ്ടുപോയി. അതോടെ സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചവും നിലച്ചു.
സർവ്വത്ര ഇരുട്ട്.
പിന്നിൽ നിന്നു വരുന്ന ഒരു വാഹനത്തിന്റെ മങ്ങിയ വെളിച്ചം റിയർ വ്യൂ മിററിൽ പതിഞ്ഞു.
അവർക്കും റോഡ് ശരിക്കു കാണാത്തതിനാലാവാം പതുക്കെ വരുന്നതെന്ന് തങ്കപ്പൻ അനുമാനിച്ചു.
ഓട്ടോയ്ക്ക് അല്പം പിന്നിലായി ആ വാഹനവും നിന്നു.
ഒരു കാർ.
പ്രളയം ഉണ്ടായതു പോലെ റോഡിൽ വെള്ളം പരന്നൊഴുകി.
'എന്തുപറ്റി ചേട്ടാ?"
പൊടുന്നനെ ഒരു ചോദ്യം.
ഞെട്ടിപ്പോയി തങ്കപ്പൻ. എങ്കിലും പറഞ്ഞു.
''ഒടുക്കത്തെ മഴ. ഒന്നും കാണാൻ വയ്യ..."
''അല്ലെങ്കിലും അങ്ങനാ. ഒടുക്കം അടുക്കുമ്പോൾ ഒന്നും കാണാൻ പറ്റത്തില്ല."
''ങ്‌ഹേ?"
തങ്കപ്പൻ തൊട്ടരുകിൽ നിൽക്കുന്ന ആളിനെ പകച്ചുനോക്കി.
അടുത്ത സെക്കന്റിൽ കണ്ണടയുന്നതുപോലെ കാറിന്റെ ലൈറ്റ് അണഞ്ഞു.
ബലിഷ്ഠമായ ഒരു കൈ അകത്തേക്കു വന്ന് തങ്കപ്പന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചപ്പോഴേ അയാൾ അത് അറിഞ്ഞുള്ളൂ.
''ഏയ്... എന്തായിത്?"
തങ്കപ്പൻ കുതറി.
പക്ഷേ ആഗതന്റെ പിടി അയഞ്ഞില്ല.
''എന്തായാലും ചേട്ടൻ നനഞ്ഞു. എന്നാലിനി കുളിക്കുന്നതല്ലേ നല്ലത്?"
ചോദിച്ചതും അയാൾ തങ്കപ്പനെ വലിച്ച് മഴയിലേക്കെറിഞ്ഞു.
തങ്കപ്പൻ റോഡിൽ മലർന്നു വീണു. വെള്ളം ഇരുവശത്തേക്കും തെറിച്ചു. തങ്കപ്പന്റെ കൈമുട്ടുകൾ റോഡിലെ ടാറിൽ ഇടിച്ചു വേദനിച്ചു.
''തോന്ന്യാസം കാണിക്കുന്നോടാ?" കോപത്തോടെ അലറിക്കൊണ്ട് തങ്കപ്പൻ ചാടിയെഴുന്നേറ്റു.
ആ ക്ഷണം നനഞ്ഞ കൈപ്പത്തി വീശിവന്നു..
പടക്കം പൊട്ടുന്നതു പോലെ ഒരു അടിയൊച്ച.
''അമ്മേ..."
തങ്കപ്പൻ പിന്നെയും റോഡിലേക്കു മറിഞ്ഞു.
ആ മനുഷ്യൻ അയാളുടെ ഷർട്ടിൽ പിടിച്ച് മഴവെള്ളത്തിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി.
തങ്കപ്പൻ ചീത്തവിളിച്ചുകൊണ്ട് കൈകാൽ അടിച്ചു പിടഞ്ഞു. അയാളുടെ വായിൽ മഴവെള്ളം പതിച്ചു.
തങ്കപ്പൻ അത് തുപ്പിക്കളഞ്ഞു.
ആഗതൻ, തങ്കപ്പനെ കാറിന്റെ ഡിക്കിയ്ക്കരുകിൽ വലിച്ചുകൊണ്ടിട്ടു. അപ്പോൾ മറ്റൊരാൾ കൂടി കാറിൽ നിന്നിറങ്ങി.
അയാൾ ഡിക്കി ഡോർ ഉയർത്തി. പിന്നെ ഇരുവരും ചേർന്ന് തങ്കപ്പന്റെ പ്രതിരോധത്തെ മറികടന്ന് അയാളെ പൊക്കി ഡിക്കിയിലേക്കു മറിച്ചു.
തൊട്ടടുത്ത നിമിഷം ഡിക്കി അടച്ചു..
അകത്ത് കരയിൽ പിടിച്ചിട്ട മീനിന്റേതുപോലെ പിടച്ചിൽ കേട്ടു...
യാതൊരു തിടുക്കവും കൂടാതെ ഇരുവരും കാറിൽ കയറി.
അത് മഴയിലൂടെ മുന്നോട്ടു കുതിച്ചു.
ഡിക്കിയ്ക്കുള്ളിലെ ഇരുട്ടിൽ ചുരുണ്ടുകിടന്ന തങ്കപ്പന് രക്ഷപ്പെടാനുള്ള യാതൊരു ബുദ്ധിയും തോന്നിയില്ല...
ശ്രീനിവാസ കിടാവിന്റെ ഫാം ഹൗസ്.
അവിടെ കിടാവിനെ കൂടാതെ സി.ഐ ഋഷികേശും പ്രജീഷും ഉണ്ടായിരുന്നു.
വൈദ്യുതിയില്ലാത്തതിനാൽ രണ്ടു മെഴുകുതിരികൾ അവിടെ കത്തിച്ചു വച്ചിട്ടുണ്ട്.
വാഴത്തോപ്പിൽ പിശറൻ കാറ്റ് വീശിയടിച്ചു.
മഴയിലൂടെ രണ്ട് ഹെഡ് ലൈറ്റുകൾ അടുത്തുവരുന്നതുകണ്ട് കിടാവ് വരാന്തയിലേക്കിറങ്ങി.
ചരിഞ്ഞും കുലുങ്ങിയും വന്ന അംബാസിഡർ കാർ അവിടെ നിന്നു.
അതിലുണ്ടായിരുന്ന രണ്ടുപേരും ഇറങ്ങി ഡിക്കി തുറന്നു. പിന്നെ തങ്കപ്പനെ വലിച്ചിറക്കി.
''കിട്ടിയോടാ? " കിടാവു തിരക്കി.
''കിട്ടി." അവരുടെ മറുപടി.
അടുത്ത നിമിഷം ഒരു ചാക്കുകെട്ടുപോലെ തങ്കപ്പൻ കിടാവിന്റെ കാൽക്കൽ വീണു.
...
(തുടരും)