red-69

''അയ്യോ...."

അവിടെ കിടന്നുകൊണ്ട് തങ്കപ്പൻ മുകളിലേക്കു നോക്കി.

മഹാമേരു പോലെ ഇരുൾക്കട്ടയായി ഒരാൾ നിൽക്കുന്നതു കണ്ടു...

''എന്നെ രക്ഷിക്കണം." തങ്കപ്പൻ നിലവിളിച്ചു.

മഴയുടെയും കാറ്റിലിളകുന്ന വാഴയിലകളുടെയും ശബ്ദത്തിൽ ആ രോദനം അലിഞ്ഞുചേർന്നു.

''കൊണ്ടുവാ...."

പറഞ്ഞിട്ട് എം.എൽ.എ ശ്രീനിവാസ കിടാവ് തിരിഞ്ഞുനടന്നു.

കാറിൽ വന്ന രണ്ടുപേരും ചേർന്ന് തങ്കപ്പനെ മുറിക്കുള്ളിലേക്കു വലിച്ചിഴച്ചു.

അവിടെയെത്തി, മെഴുകുതിരി വെളിച്ചത്തിൽ എല്ലാവരെയും കണ്ട് തങ്കപ്പൻ നടുങ്ങി.

തന്നെ കാറിൽ പിടിച്ചുകൊണ്ടുവന്നത് പരുന്ത് റഷീദും അണലി അക്‌ബറും ആണെന്നും അയാൾ തിരിച്ചറിഞ്ഞു.

''സാർ.. എന്തിനാ എന്നെ ഇങ്ങനെ..."

തങ്കപ്പൻ, കിടാവിനോട് ചോദിച്ചുകൊണ്ട് എഴുന്നേൽക്കാൻ ഭാവിച്ചു.

ആ ക്ഷണം കിടാവ് ഹാഫ് ഷൂസണിഞ്ഞ കാലുയർത്തി അയാളുടെ നെഞ്ചിൽ ചവുട്ടിയമർത്തി.

മുപ്പല്ലിയിൽ കോർത്ത പാമ്പിനെപ്പോലെ തങ്കപ്പൻ പുളഞ്ഞു.

''നോക്ക്. ഞാൻ ഒന്നുകൂടി കാൽ വലിച്ചു വച്ചാൽ നിന്റെ നെഞ്ച് തവിടുപൊടിയാകും തങ്കപ്പാ... പ്രാണൻ പോകുന്നതുപോലും നീ അറിയില്ല. അത് വേണോടാ?"

കിടാവ് ചീറി.

''അയ്യോ വേണ്ടാ..."

പറയുമ്പോൾ തങ്കപ്പന്റെ കവിളിലൂടെ ചോര കമിട്ടി. ക്രൂരമായ ഒരു ചിരിയോടെ കിടാവ് പരുന്ത് റഷീദിനെയും അണലി അക്ബറിനെയും നോക്കി.

''ഇവൻ നമ്മുടെ അതിഥിയല്ലേ. പൊക്കി കസേരയിലിരുത്ത്."

അവർ തങ്കപ്പനെ കസേരയിലിരുത്തി.

സി.ഐ ഋഷികേശും പ്രജീഷും പകയോടെ അയാളെ നോക്കിനിൽക്കുകയാണ്.

കിടാവ് അര ഗ്ളസോളം വിസ്കി പകർന്ന് തങ്കപ്പനു നീട്ടി.

''വെള്ളം ചേർക്കാതെ കുടിച്ചോടാ... നനഞ്ഞു കുതിർന്നിരിക്കുകയല്ലേ നീ? കുളിര് മാറിക്കോളും. മാത്രമല്ല നിന്റെ ശരീരത്തേറ്റ ചതവിനും ബസ്റ്റാ."

തങ്കപ്പൻ മടിച്ചു.

ദയനീയമായി കിടാവിനു നേർക്ക് കണ്ണയച്ചു.

''ഛീ... കുടിക്കെടാ."

കിടാവിന്റെ ഭാവം മാറി. തങ്കപ്പൻ പെട്ടെന്നു ഗ്ളാസ് വാങ്ങി. അയാളുടെ കൈ വിറച്ചു.

ഒറ്റവലിക്ക് തങ്കപ്പൻ അത് കുടിച്ചു.

അന്നനാളം മുതൽ ആമാശയം വരെ കത്തിയെരിയുന്ന പ്രതീതി.

''അയാൾ ഗ്ളാസ്, കിടാവിനു തിരികെ നീട്ടി.

''പ്‌ ഭ. നിന്റെ എച്ചില് വാങ്ങാനിരിക്കുകയാണോടാ ഞാൻ?"

കിടാവിന്റെ കൈപ്പത്തി ഒന്നു മുറുകി.

തങ്കപ്പൻ ഗ്ളാസ് തറയിൽ വച്ചു.

''ഇനി ഞാൻ ഇടപെടാം സാർ."

പറഞ്ഞുകൊണ്ട് സി.ഐ ഋഷികേശ് ഒരു കസേര വലിച്ച് തങ്കപ്പന് അഭിമുഖമായി ഇട്ടു. പിന്നെ അതിലിരുന്നു.

''തങ്കപ്പാ ചതിക്കുന്നവർക്ക് ഒരിക്കലും ഞങ്ങൾ മാപ്പു കൊടുക്കാറില്ല. എന്നാൽ നിന്റെ കാര്യത്തിൽ മാത്രം ഒരു മാറ്റം. നിനക്ക് ഞങ്ങൾ തരുന്ന ഫേവർ! നീ പ്രാരാബ്ധക്കാരൻ ആയതുകൊണ്ടുമാത്രം."

തങ്കപ്പൻ പേടിയോടെ സി.ഐയെ നോക്കി.

അയാൾ തിരക്കി:

''കത്തിച്ചു കളയാൻ ഗ്യാസ് ക്രിമിറ്റോറിയത്തിൽ വച്ച സി.ഐ അലിയാരെ നീ എന്തുചെയ്തു?‌"

തങ്കപ്പന്റെ ഉള്ളു പിടഞ്ഞു. മുഖം വിളറി. ചുണ്ടുകൾ വിറച്ചു.

അയാളുടെ ഓരോ ഭാവവും കഴുകൻ കണ്ണുകളോടെ ഋഷികേശ് ശ്രദ്ധിച്ചു.

''തങ്കപ്പന്റെ ചുണ്ടനങ്ങി....

''അപ്പഴേ കത്തിച്ചുകളഞ്ഞു സാറേ.."'

''പിന്നെ അലിയാരുടെ ബാപ്പയാണോടാ വാഴക്കൂട്ടം അപ്പുണ്ണി വൈദ്യരുടെ വീട്ടിലുള്ളത്?"

തങ്കപ്പൻ ഉൽക്കടമായി വിറച്ചു.

ആ നിമിഷം സി.ഐ കാലുയർത്തി അയാളുടെ നെഞ്ചിൽ ഒരു ചവിട്ട്.

അർധ വിലാപത്തോടെ കസേരയോടൊപ്പം തങ്കപ്പനും പിന്നിലേക്കു മലർന്നുവീണു.

താൻ ഇരുന്ന കസേര പിന്നോട്ടുതള്ളി അലറിക്കൊണ്ട് ഋഷികേശ് ചാടിയെഴുന്നേറ്റു.

''കള്ളം പറയുന്നോടാ റാസ്കൽ?"

തങ്കപ്പന്റെ അരഭാഗം മുതൽ മുകളിലേക്ക് തറയിലും ബാക്കി ഭാഗം കസേരയിലുമാണ്.

സി.ഐ അയാളുടെ വാരിയെല്ലുകൾക്കിടയിൽ ഒറ്റത്തൊഴി.

''നിന്നെ കൊല്ലാതെ വിടാമെന്ന് വിചാരിച്ചാൽ സമ്മതിക്കത്തില്ല. അല്ലേടാ?"

തന്റെ വാരിയെല്ലുകൾ ഒടിഞ്ഞതുപോലെ തോന്നി തങ്കപ്പന്.

അയാൾ തൊഴുതുപോയി.

''കൊല്ലല്ലേ സാറേ.. എന്റെ ഭാര്യയും പിള്ളേരും വഴിയാധാരമാകും..."

''അങ്ങനെ ഉണ്ടാകാതിരിക്കാനല്ലേടാ നേരത്തെ കാര്യം പറഞ്ഞത്.."

''ഞാൻ എല്ലാം പറയാം സാറേ... ഒന്നെഴുന്നേറ്റോട്ടേ.."

''വേണ്ടാ. അങ്ങനെ കിടന്ന് പറഞ്ഞാൽ മതി."

കൽപ്പിച്ചത് പ്രജീഷാണ്!

(തുടരും)