കണ്ണൂർ: താനിപ്പോൾ രാജിവയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നും സി.പി.എം പറഞ്ഞാൽ മാത്രമേ രാജി വയ്ക്കുകയുള്ളൂ എന്നും ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ ശ്യാമള. താൻ പാർട്ടിയോട് രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും പി.കെ ശ്യാമള മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി പറഞ്ഞാൽ താൻ അപ്പോൾത്തന്നെ രാജി വയ്ക്കുമെന്നും ശ്യാമള പറഞ്ഞു. എന്നാൽ പാർട്ടി പ്രാദേശിക ഘടകങ്ങളുടെ വികാരം ശ്യാമളയ്ക്കെതിരെ ആയതിനാൽ അവർ രാജിസന്നദ്ധത അറിയിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തിൽ വിശദമായ ഒരു കുറിപ്പ് ശ്യാമള പാർട്ടിക്ക് കൈമാറുകയും ചെയ്തിരുന്നു.
എന്നാൽ ശ്യാമള ഇപ്പോൾ രാജിവെക്കേണ്ട ആവശ്യമില്ല എന്ന് സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തതായാണ് സൂചന. കണ്ണൂരിലെ പാർട്ടി ജില്ലാ കമ്മിറ്റി യോഗവും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഒരേ സമയം നടക്കുകയാണ്. ഇരു യോഗങ്ങളിലും ഈ വിഷയം തന്നെയാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗം അവസാനിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയാനാകുക.