sardine

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട മത്സ്യവിഭവമായ മത്തിയെ കേരളത്തിന് നഷ്‌ടപ്പെടുമോ എന്ന ആശങ്കയിൽ കേരളം. മൺസൂൺ കാലത്ത് സംസ്ഥാനത്ത് മത്തി ലഭ്യതയുടെ അളവിൽ വളരെയധികം കുറവു വന്നിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മത്സ്യ ഗവേഷണ സ്ഥാപനങ്ങളാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

എൽ നിനോ പ്രതിഭാസമാണ് മത്തിയുടെ ലഭ്യത കുറവിന് കാരണമായി വിദഗ്‌ദർ ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സമുദ്രജലത്തിന്റെ താപനില വർദ്ധിക്കുന്ന പ്രതിഭാസമാണ് എൽ നിനോ. 2013ലാണ് സംസ്ഥാനത്ത് മത്തിയുടെ ഉത്പ്പാദനം കുറഞ്ഞത്. 2012ൽ 8.39 ലക്ഷം ടൺ മത്സ്യം ലഭിച്ചിരുന്നു. അതിൽ പകുതിയും മത്തിയായിരുന്നു. എന്നാൽ എൽനിനോയുടെ വരവ് മത്തിയുടെ ഉത്പ്പാദനത്തെ സാരമായി ബാധിച്ചു. 2015ലും 2018ലും ഇതുതന്നെയയിരുന്നു അവസ്ഥ.

ഉത്പ്പാദനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് മത്തി കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. മത്തി ലഭിക്കാത്തത് മൂലം 50ലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന 400 ഇൻബോർഡ് വള്ളങ്ങളും പ്രതിസന്ധിയിലാണ്. വള്ളമിറക്കാനായി വായ്പ എടുത്ത തൊഴിലാളികൾ ജപ്തി ഭീഷണി നേരിടുകയാണ്.മത്തി ലഭ്യത കുറഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നുള്ള മത്തിയും ഒമാൻ മത്തിയുമാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. ഇതിനാകട്ടെ കിലോയ്ക്ക് 250മുതൽ 350 രൂപ വരെയാണ് വില.