shot-dead

സാഗർ: രണ്ടടി ഭൂമിയ്ക്ക് വേണ്ടിയുള്ള തർക്കത്തിൽ കുട്ടിയെയടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ വെടിവച്ച് കൊന്നു. ഇവരുടെ മൂന്ന് ബന്ധുക്കൾ തന്നെയാണ് കൊല നടത്തിയത്. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുടുംബത്തിലെ ഒരു സ്ത്രീയും രണ്ട് ആൺകുട്ടികളും സംഭവത്തിൽ പരിക്കേൽക്കാതെ രക്ഷപെട്ടു.

ബന്ധുക്കൾ ഇവർക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങിയപ്പോൾ ഈ സ്ത്രീയും കുട്ടികളും മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. അങ്ങനെയാണ് ഇവർ മാത്രം രക്ഷപെട്ടത്. ഒരു റോഡ് നിർമ്മിക്കാനായി രണ്ടടിയോളം സ്ഥലം വിട്ടുകിട്ടാത്തതിനെ തുടർന്നാണ് ബന്ധുക്കൾ തമ്മിൽ തർക്കങ്ങൾ തുടങ്ങുന്നത്.

മനോജ് അഹിർവാർ, സഹോദരൻ സഞ്ജീവ് അഹിർവാർ, മനോജിന്റെ ഭാര്യ രാജ്‌കുമാരി, മകൻ യശ്വന്ത്, മനോജിന്റെ അച്ഛന്റെ അമ്മായി താരാഭായി, എന്നിവരാണ് വെടിവയ്പ്പിൽ മരണപ്പെട്ടത്. പൊലീസ് ഭാഷ്യമനുസരിച്ച്, മനോജിന്റെ അമ്മാവൻ മനോഹർ ആഹിർവാർ ഒരു റോഡ് നിർമ്മിക്കാനായി ഇവരോട് രണ്ടടി സ്ഥലം ചോദിച്ചിരുന്നു. എന്നാൽ മനോജും കുടുംബവും ഈ സ്ഥലം വിട്ടുകൊടുക്കാൻ തയാറായില്ല. ഇതിൽ കോപാകുലനായ മനോഹർ തന്റെ രണ്ട് മക്കളെയും കൂട്ടിവന്ന് കുടുംബത്തെ കൊലപ്പെടുത്തുകയായിരുന്നു. സഞ്ജീവ് അഹിർവാറിന്റെ പേരിലാണ് ഭൂമി. മനോഹറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇയാളുടെ മക്കൾ ഒളിവിലാണ്.