കോഴിക്കോട്: നഴ്സിംഗ് കോളേജിൽ റാഗിംഗ് മൂലം പഠനം നിറുത്തേണ്ടിവന്ന വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞു വച്ചതുമൂലം തുടർ പഠനം നിലച്ചതായി പരാതി. തമിഴ്നാട് പേരമ്പല്ലൂർ ശ്രീനിവാസൻ കോളേജിൽ നഴ്സിംഗ് പഠനത്തിന് ചേർന്ന ചേളന്നൂർ സ്വദേശി എസ്. ആതിരയുടെ സർട്ടിഫിക്കറ്റുകളാണ് തടഞ്ഞുവച്ചിരിക്കുന്നത്.
ആദ്യ വർഷത്തെ കോഴ്സ് ഫീസായ ഒന്നര ലക്ഷം രൂപ വിദ‌്യാഭ്യാസ ലോണെടുത്ത് അടച്ച ആതിര
നിരവധി തവണ കോളേജിലെത്തി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിച്ചെങ്കിലും നാലു വർഷത്തെ മുഴുവൻ ഫീസായ അഞ്ചുലക്ഷം അടച്ചാലേ സർട്ടിഫിക്കറ്റുകൾ നൽകൂ എന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്.
പ്ളസ് ടു ഉന്നത മാർക്കോടെ പാസായ ആതിരയ്ക്ക് നഴ്സിംഗ് കോളേജിൽ നേരിടേണ്ടിവന്നത് സീനിയേഴ്സിന്റെയും കോളേജ് അധികൃതരുടെയും പീഡനങ്ങളാണ്. പ്രിൻസിപ്പളിനോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പഠനം ഉപേക്ഷിച്ചത്.
എസ്.എസ്.എൽ.സി, പ്ളസ് ടു, മെെഗ്രഷൻ തുടങ്ങിയ സർട്ടിഫിക്കറ്റുകളാണ് കോളേജ് അധികൃതരുടെ കെെവശം ഉള്ളത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയടക്കം നിരവധി പേർക്ക് പരാതി കൊടുത്തിട്ടുണ്ടെങ്കിലും ഒരു വർഷമായിട്ടും അനുകൂല നടപടി ഉണ്ടായില്ലെന്ന് ആതിരയുടെ അമ്മ ജിവിഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുവജന കമ്മിഷന് പരാതി നൽകി
ആതിരയുടെ തടഞ്ഞുവച്ച സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന യുവജന കമ്മിഷൻ, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം, യു.ജി.സി, വിദ്യാഭ്യാസ മന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് റവല്യൂഷണറി യൂത്ത് പരാതി നൽകി. സർട്ടിഫിക്കറ്റുകൾ തിരികെ ലഭ്യമാക്കുന്നതിനാവശ്യമായ അടിയന്തര ഇടപെടലുകൾ അധികൃതരിൽ നിന്ന് ഉണ്ടാകാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് റവല്യൂഷണറി യൂത്ത് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. റവല്യൂഷണറി യൂത്ത് കൺവീനർ ടി.കെ. സിബി, ജി. രതീഷ്, വിജിത്ത് സോമൻ, ആതിരയുടെ അനുജത്തി അശ്വതി .എസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.