കൊച്ചി: ഹ്യൂണ്ടായിയുടെ സബ് കോംപാക്‌റ്റ് എസ്.യു.വി വിപണിയിലെത്തി ഒരുമാസത്തിനകം 33,000 ബുക്കിംഗ് സ്വന്തമാക്കി റെക്കാഡ് കുറിച്ചു. വിപണിയിലെത്തി ഒരുമാസം തികഞ്ഞ ജൂൺ 21ന്, ഒറ്റ ദിവസം വെന്യൂവിന്റെ ആയിരം യൂണിറ്റുകളുടെ ഡെലിവറി നടത്തിയും ഹ്യൂണ്ടായ് ചരിത്രമെഴുതി. ഒരുമാസത്തിനിടെ രണ്ടുലക്ഷം അന്വേഷണങ്ങളും വെന്യൂവിന് ലഭിച്ചുവെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ നാഷണൽ സെയിൽസ് ഹെഡ് വികാസ് ജെയിൻ പറഞ്ഞു.
1.2 ലിറ്റർ പെട്രോൾ മാനുവൽ ട്രാൻസ്‌മിഷൻ (എം.ടി), 1.0 ലിറ്റർ പെട്രോൾ എം.ടി/ഓട്ടോമാറ്റിക്, 1.4 ലിറ്റർ ഡീസൽ എൻജിൻ വേരിയന്റുകൾ വെന്യൂവിനുണ്ട്. ബേസ് മുതൽ ടോപ്പ് വരെ ആറു വേരിയന്റുകളുമുണ്ട്. ആകർഷകമായ രൂപകല്‌പന, മികച്ച പെർഫോമൻസ്, എട്ട് ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സിസ്‌റ്റം, വയർലെസ് ചാർജിംഗ്, ഹ്യൂണ്ടായിയുടെ സ്വന്തം ബ്ളൂലിങ്ക് കണക്‌ടിവിറ്റി ടെക്‌നോളജി എന്നിങ്ങനെ മികവേറിയ ഫീച്ചറുകൾ തുടങ്ങിയ സവിശേഷതകളാൽ സമ്പന്നവുമാണ് വെന്യൂ.