കോഴിക്കോട്: രാജ്യത്ത് നടപ്പാക്കാൻ പോകുന്ന ദേശീയ വിദ്യാഭ്യാസനയം കച്ചവട ലക്ഷ്യത്തിലൂന്നിയതാണെന്ന് വിദ്യാഭ്യാസ വിചക്ഷണനും ഖാദർ കമ്മിറ്റി ചെയർമാനുമായ പ്രൊഫ. എം.എ. ഖാദർ പറഞ്ഞു. വിദ്യാഭ്യാസനയത്തിന്റെ കരട് രേഖയെ അടിസ്ഥാനപ്പെടുത്തി ടീച്ചർ ട്രെയിനിംഗ് കോളേജിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവിനെ സാമ്പത്തികവുമായി ചേർത്തുനിറുത്തുന്ന രീതിയിലാണ് പുതിയ നയം രൂപീകരിച്ചത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജോലിയും സാമ്പത്തിക സ്ഥിരതയുമാണെന്ന് ഈ കരട് പരോക്ഷമായി വ്യക്തമാക്കുന്നു. വിദ്യാഭ്യാസം മാനുഷിക മൂല്യങ്ങൾക്കാകണം ആദ്യം പ്രധാന്യം നൽകണ്ടേത്. സാങ്കേതികതയ്ക്കും വാണിജ്യ ചിന്തയ്ക്കും പ്രാധാന്യം നൽകുന്ന ഈ നയം അമേരിക്കൻ കാഴ്ചപ്പാടിലുള്ളതാണ്. ഇത് നടപ്പാക്കിയാൽ വിദ്യാഭ്യാസ സംവിധാനം കേന്ദ്രീകൃത നിയന്ത്രണത്തിലാവും. ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ഇടപെടൽ സാദ്ധ്യതയും കൂടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടനാ മൂല്യങ്ങളിലേക്ക് സമൂഹത്തെ തിരികെ നടത്താൻ സഹായിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് അസീം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ ഡോ. ഋഷികേശ് പറഞ്ഞു. ആദ്യ അഞ്ചു വർഷം കളിയിൽ അടിസ്ഥാനപ്പെടുത്തിയുള്ള പഠനം അവരുടെ അറിവിനോടുള്ള ജിജ്ഞാസകളെ പ്രോത്സാഹിപ്പിക്കും. പല രീതിയിലായി നടത്തുന്ന അദ്ധ്യാപക തിരഞ്ഞെടുപ്പ് പരീക്ഷകൾ ഒരു കുടക്കീഴിൽ നടത്തുന്നത് ഏകീകൃത സ്വഭാവം കൈവരിക്കും.

വേൾഡ് സ്‌കൂൾ അലയൻസിന്റെയും ചേംബർ ഒഫ് എഡ്യൂക്കേഷന്റെയും സംയുക്താഭിമുഖ്യത്തിൽ അസീം പ്രേംജി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഡോ. എം.ജി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്തു. അസീം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ രാജഗോപാൽ, കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിലെ ഡോ. രാജേശ്വരി, ഡോ. പി. കേളു, കെ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. സെമിനാറിലെ നിർദേശങ്ങൾ ഡൽഹിയിൽ നടക്കുന്ന അദ്ധ്യയന സമ്മേളനത്തിൽ പ്രധാനമന്ത്രിക്ക് കൈമാറും.