കണ്ണൂർ: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിക്കു പിന്നാലെ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കെതിരെ രൂക്ഷവിമർശനം. വിവാദം ചർച്ച ചെയ്യാൻ വിളിച്ച അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിൽ അംഗങ്ങളെല്ലാം ശ്യാമളയെ രൂക്ഷഭാഷയിലാണ് വിമർശിച്ചത്. ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളയ്ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ 30 ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ജില്ലാ കമ്മിറ്റിയിൽ തീരുമാനമുണ്ടായേക്കും.
ശ്യാമളയെ മാറ്രി നിറുത്തണമെന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നിലപാടിനെ സംസ്ഥാന നേതൃത്വം പിന്തുണച്ചാൽ ശ്യാമളയ്ക്ക് പുറത്തുപോകേണ്ടി വരും. നഗരസഭാ അദ്ധ്യക്ഷന്മാരുടെ കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ശ്യാമള ചെയർപേഴ്സൺ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം യോഗത്തിലെ ഭൂരിപക്ഷവും മുന്നോട്ടുവച്ചപ്പോൾ അത് കുറ്റസമ്മതത്തിനു തുല്യമാണെന്ന വാദം ചിലർ ഉന്നയിച്ചു. പരസ്യശാസന പോലുള്ള നടപടി വേണമെന്നും അഭിപ്രായമുയർന്നു. ആന്തൂർ, കോടല്ലൂർ ലോക്കൽ കമ്മിറ്റികളിലും ശ്യാമളയ്ക്കെതിരെ ശക്തമായ വിമർശനമുയർന്നിരുന്നു. കീഴ്ഘടകങ്ങളുടെ വികാരം ജില്ലാ സെക്രട്ടേറിയറ്റിൽ അംഗങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ എന്നിവരും യോഗത്തിൽ ശ്യാമളയ്ക്കെതിരെ വിമർശനം ഉന്നയിച്ചു. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ചിലരുടെ ഇത്തരം പ്രവൃത്തികൾ കാരണം ജനങ്ങളിലെത്തുന്നില്ലെന്നും എതിരാളികൾ ഇത്തരം വിഷയങ്ങൾ ആഘോഷമാക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. സമൂഹമാദ്ധ്യമങ്ങളിൽ നഗരസഭയെ ന്യായീകരിക്കാനൊരുങ്ങിയ ചിലരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊങ്കാലയിട്ടാണ് ഒതുക്കിയത്. പതിവില്ലാത്തവിധം നഗരസഭയ്ക്കും ശ്യാമളയ്ക്കുമെതിരെയുള്ള ട്രോളുകൾ സി.പി.എം പ്രവർത്തകർ പ്രചരിപ്പിക്കുകയും ചെയ്തു.
പാർട്ടി അംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും വികാരം കണക്കിലെടുക്കാതെ തീരുമാനമെടുത്താൽ ആന്തൂരിലും തളിപ്പറമ്പിലും പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്ന് നേതൃത്വം തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിൽ ശ്യാമളയോട് രാജി ആവശ്യപ്പെടാനും പകരം ആളെ കണ്ടെത്താനുമാണ് സാദ്ധ്യത.
രാജിക്കത്ത് നൽകിയിട്ടുണ്ട്. പാർട്ടി സ്വീകരിക്കുന്ന ഏതു തീരുമാനവും അംഗീകരിക്കും. എനിക്ക് ഇഷ്ടമുണ്ടെങ്കിൽ ഇരിക്കാനും അല്ലെങ്കിൽ ഇറങ്ങിപ്പോകാനും പറ്റില്ല. എന്നെ സീറ്റിലിരുത്തിയത് പാർട്ടിയാണ്. ആ സ്ഥാനത്ത് തുടരണോ എന്നു തീരുമാനിക്കേണ്ടതും പാർട്ടിയാണ്. സാജൻ ആത്മഹത്യ ചെയ്ത വിഷയത്തിൽ എന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കരുതുന്നില്ല.
-പി.കെ. ശ്യാമള
ചെയർ പേഴ്സൺ, ആന്തൂർ നഗരസഭ