-chile

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ ചിലി ക്വാർട്ടർ ഉറപ്പിച്ചു. ഗ്രൂപ്പ് സിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് തുടർച്ചയായ രണ്ടാം ജയവുമായി ചിലി ക്വാർട്ടറിൽ എത്തിയത്. ആദ്യ മത്സരത്തിൽ ജപ്പാനെ ചിലി കീഴടക്കിയിരുന്നു.

ജോസ് ഫുയെൻസലിഡയും അലക്സി സാഞ്ചസുമാണ് ചിലിയ്ക്കായി ഗോളുകൾ നേടിയത്. എന്നർ വാലൻസിയയാണ് പെനാൽറ്റിയിലൂടെ ഇക്വഡോറിനായി സ്കോർ ചെയ്തത്. 89-ാം മിനിറ്റിൽ ഗബ്രിയേൽ ആച്ചിലർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്ത് പേരുമായാണ് ഇക്വഡോർ മത്സരം പൂർത്തിയാക്കിയത്.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ഫുയൻസലിഡ ചിലിയ്ക്ക് ലീഡ് സമ്മാനിച്ചു. കോർണറിൽ നിന്ന് വീണ് കിട്ടയി ലൂസ് ബോളാണ് ഫുയൻസലിഡ മനോഹരമായൊരു വലങ്കാലൻ ഷോട്ടിലൂടെ വലയ്ക്കകത്താക്കിയത്. 25-ാം മിനിറ്റിൽ ഇക്വഡോറിന് അനുകൂലമായി പെനാൽറ്റി കിട്ടി. പന്തുമായി പെനാൽറ്റി ബോക്സിനകത്തെത്തിയ ഇക്വഡോർ താരം മെൻഡോസിനെ ചിലി ഗോൾ കീപ്പർ ഏരിയാസ് ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത എന്നാർ വലൻസിയ പിഴവില്ലാതെ പന്ത് വലയ്ക്കകത്താക്കി. 51-ാം മിനിറ്റിലാണ് സാഞ്ചസ് ചിലിയുടെ വിജയ മുറപ്പിച്ച ഗോൾ നേടിയത്. അരൻഗുയിസ് ഇക്വഡോർ പെനാൽറ്രി ബോക്സിൽ വച്ച് അളന്ന് കുറിച്ച പോലെ നൽകിയ പാസ് മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്ന സാഞ്ചസ് അതിമനോഹരമായി വലയ്ക്കകത്താക്കുകയായിരുന്നു. ടൂർണമെന്റിൽ സാഞ്ചസിന്റെ രണ്ടാമത്തെ ഗോളായിരുന്നു ഇത്. 89-ാം മിനിറ്റിൽ വിദാലിന്റെ മുഖത്ത് കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് ആച്ചിലർ ചുവപ്പ് കാർഡ് കണ്ടത്.

കോപ്പയിൽ ഇന്ന്

ഖത്തർ - അർജന്റീന

കൊളംബിയ-പരാഗ്വെ

(രാത്രി 12.30 മുതൽ)