modi

ലണ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി 2019ലെ ലോകത്തിലെ ഏറ്റവും ശക്തനായ നേതാവാണെന്ന് പ്രമുഖ ബ്രിട്ടീഷ് മാദ്ധ്യമമായ ബ്രിട്ടീഷ് ഹെറാൾഡ് മാഗസിൻ. 25ഓളം വരുന്ന ലോക നേതാക്കളിൽനിന്ന് നാല് പേരാണ് അവസാനവട്ട വോട്ടെടുപ്പ് പട്ടികയിൽ എത്തിയത്. വായനക്കാർക്കിടയിൽ നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് മോദി ഒന്നാമതെത്തിയത്.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരായിരുന്നു അവസാനറൗണ്ടിൽ മോദിയുടെ എതിരാളികൾ. മോദിക്ക് 31ശതമാനം, പുടിന് 29.9 ശതമാനം, ട്രംപിന് 21.9 ശതമാനം, ചിൻപിംഗിന് 18.1 ശതമാനം എന്നിങ്ങനെയായിരുന്നു അവസാനറൗണ്ടിൽ നാലുപേർക്കും ലഭിച്ച വോട്ടിംഗ് ശതമാനം. വോട്ടെടുപ്പിൽ പങ്കെടുക്കുന്നവർക്ക് വൺടൈം പാസ്‌വേർഡ് നൽകിയായിരുന്നു നടപടിക്രമം.

''വോട്ടെടുപ്പ് അവസാനിച്ചു നമോ വിജയിച്ചു" എന്ന തലക്കെട്ടോടുകൂടിയാണ് ബ്രിട്ടീഷ് ഹെറാൾഡ് വോട്ടെടുപ്പ് ഫലം അറിയിച്ചത്. ജൂലായ് 15ന് പുറത്തിറങ്ങാനിരിക്കുന്ന ബ്രിട്ടീഷ് ഹെറാൾഡിന്റെ പുതിയ ലക്കത്തിലെ മുഖചിത്രം മോദിയുടേതാണ്. ലോക ജനതയ്ക്കിടയിൽ ഭരണാധികാരിയായി മോദിക്കുള്ള സ്വീകാര്യതയും ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ രണ്ടാംവട്ടവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതുമാണ് മോദിയെ ഒന്നാമതെത്തിക്കാനുള്ള കാരണമായി മാഗസിൻ ചൂണ്ടിക്കാട്ടുന്നത്.