ന്യൂയോർക്ക്: ചൈനയുമായുള്ള വ്യാപാരയുദ്ധം കൂടുതൽ ശക്തമാക്കി അമേരിക്ക 30,000 കോടി ഡോളറിന്റെ ഉത്‌പന്നങ്ങൾക്ക് കൂടി അധിക നികുതി ഏർപ്പെടുത്താനൊരുങ്ങുന്നു. വസ്‌ത്രം, ചെരുപ്പ്, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി ചുങ്കം കൂട്ടാനാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. നികുതി കൂടുന്നതോടെ ഉത്‌പന്ന വിലയും വർദ്ധിക്കുമെന്നതിനാൽ അമേരിക്കൻ ഉപഭോക്താക്കൾക്ക് കൂടുതൽ ബാദ്ധ്യതയാകുന്ന നീക്കമാണിത്. പുതിയ നികുതി വർദ്ധന നീക്കത്തിലൂടെ മാത്രം 1,220 കോടി ഡോളറിന്റെ അധിക ബാദ്ധ്യതയാണ് പ്രതിവർഷം അമേരിക്കൻ ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് നാഷണൽ റീട്ടെയിൽ ഫെഡറേഷൻ (എൻ.ആർ.എഫ്) അഭിപ്രായപ്പെട്ടു.
വസ്‌ത്രങ്ങൾക്ക് മാത്രം 440 കോടി ഡോളിന്റെ അധിക ബാദ്ധ്യത വരും. ചെരിപ്പിനങ്ങൾക്ക് 250 കോടി ഡോളർ, കളിപ്പാട്ടങ്ങൾക്ക് 370 കോടി ഡോളർ, വീട്ടുപകരണങ്ങൾക്ക് 160 കോടി ഡോളർ എന്നിങ്ങനെയും അധിക ബാദ്ധ്യത പ്രതീക്ഷിക്കുന്നു. ചൈനയ്ക്ക് പകരം ഈ ഉത്‌പന്നങ്ങൾക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുക പ്രായോഗികമല്ല. ഇതേ നിലവാരത്തിലും അളവിലും ഉത്‌പന്നങ്ങൾ ലഭിക്കില്ലെന്നതാണ് പ്രധാന കാരണം. നികുതി കൂടിയാലും വിതരണക്കാർ ചൈനീസ് ഉത്‌പന്നങ്ങളെ തന്നെ ആശ്രയിക്കും. അധിക ബാദ്ധ്യത വഹിക്കേണ്ടി വരിക ഉപഭോക്താക്കൾ മാത്രമായിരിക്കുമെന്നും എൻ.ആർ.എഫ് വ്യക്തമാക്കി.