ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായതോടെ ഇറാൻ വ്യോമപാതയിൽക്കൂടിയുള്ള ഇന്ത്യയുടെ വിമാനസർവീസുകൾ ഒഴിവാക്കുന്നതായി ഇന്ത്യൻ ഏവിയേഷൻ റഗുലേറ്ററായ ഡി.ജി.സി.എ. ഉചിതമായ രീതിയിൽ ഇന്ത്യൻ വിമാനങ്ങളുടെ പാത ക്രമീരിക്കുമെന്നും ഡി.ജി.സി.എ അധികൃതർ അറിയിച്ചു. യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) ഇറാനു മുകളിലൂടെ പറക്കുന്ന വിമാന സർവീസുകൾ നിറുത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ വിമാനസർവീസുകളും ഇതേരീതി പിന്തുടർന്നത്. ഇന്ത്യയിലെ എല്ലാ വിമാനക്കമ്പനികളും ഡി.ജി.സി.എയുടെ തീരുമാനം അഗീകരിച്ചിട്ടുണ്ട്.
എഫ്.എ.എ, തങ്ങളുടെ സർവീസുകൾ നിറുത്തലാക്കിയതിന്റെ ഭാഗമായി അമേരിക്കൻ വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസ്, നെവാർക്ക് – മുംബയ് വിമാന സർവീസും അനിശ്ചിത കാലത്തേക്ക് നിറുത്തിവച്ചിരിക്കുകയാണ്. ദിവസേനയുള്ള നോൺസ്റ്റോപ് സർവീസായിരുന്നു നെവാർക്ക് – മുംബയ് വിമാന സർവീസ്. പാകിസ്ഥാൻ വ്യോമപാത അടച്ചതോടെ നെവാർക്ക് –ഡൽഹി വിമാന സർവീസ് നേരത്തെ നിറുത്തിവച്ചിരുന്നു. ഇപ്പോൾ മുംബയ് സർവീസും നിറുത്തിയതോടെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള രണ്ട് സർവീസുകളും നിറുത്തിവച്ചിരിക്കുകയാണ്. ഗൾഫ് മേഖലയിലെ ഹോർമുസ് കടലിടുക്കിനും ഒമാൻ ഉൾക്കടലിനും മുകളിലൂടെ പറക്കുന്നതിൽനിന്നു തങ്ങളുടെ വിമാനങ്ങൾക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയിരുന്നു. എഫ്.എ.എയുടെ നിർദേശം ഒമാൻ തീരവും ഹോർമുസ് കടലിടുക്കും വഴിയുള്ള യാത്രയെ ബാധിച്ചുവെന്ന് ഇൻഡിഗോ വക്താവും വ്യക്തമാക്കി.
കൊണ്ടും കൊടുത്തും ഇറാനും അമേരിക്കയും
അമേരിക്കയും ഇറാനും തമ്മിൽ പ്രശ്നം രൂക്ഷമായതിന് പിന്നാലെ ഉടലെടുത്ത സുരക്ഷാപ്രശ്നങ്ങളാണ് ഇറാനു മുകളിലൂടെ വിമാനം പറത്തുന്നതിൽ നിന്നു അമേരിക്ക പിന്തിരിയാൻ കാരണം. ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കയുടെ ആളില്ലാ വിമാനം വ്യാഴാഴ്ച ഇറാൻ വെടിവച്ചിട്ടതിന് പിന്നാലെയാണ് ഇറാനെതിരെ വ്യോമപാതയിലും അമേരിക്ക കർശനനിയന്ത്രണങ്ങളുമായി രംഗത്തെത്തിയത്. മാത്രമല്ല, ആളില്ലാവിമാനം വെടിവച്ചിട്ടതിന് പിന്നാലെ ഇറാനെതിരെ അമേരിക്ക യുദ്ധത്തിന് തയാറായിരുന്നതായും പിന്നീട് അവസാന നിമിഷം പിന്തിരിയുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.