കോതമംഗലം: കോഴിഫാം ജീവനക്കാരനെ വീട്ടിൽനിന്ന് അര കിലോമീറ്ററോളം അകലെയുള്ള ഫാം ഉടമയുടെ വീടിന്റെ ടെറസിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്താനിക്കാട് പുളിന്താനം കുഴുപിള്ളി പ്രസാദിന്റെ (45) മൃതദേഹമാണ് പുളിന്താനം മാനിക്ക കവലയ്ക്കടുത്തുള്ള ഫാം ഉടമ സജീവന്റെ വീടിന്റെ ടെറസിൽ കണ്ടെത്തിയത്. സമീപത്തുനിന്ന് ഒടിഞ്ഞനിലയിൽ സജീവന്റെ എയർഗണ്ണും കണ്ടെടുത്തു. തോക്കിന്റെ പാത്തികൊണ്ടുള്ള അടിയേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ പുലർച്ചെയാണ് സജീവന്റെ വീട്ടുകാർ മൃതദേഹം കണ്ടത്. ഉടനെ നാട്ടുകാരെ അറിയിച്ചു. പോത്താനിക്കാട് സി.ഐ പി.എൻ. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദദ്ധരുമെത്തി വിശദ പരിശോധനകൾ നടത്തി. മൃതദേഹത്തിന്റെ നെറ്റിയിലും മൂക്കിനും താടിയെല്ലിനും അടിയേറ്റ പാടുണ്ട്.
സജീവന്റെ കോഴിഫാമിലെ ജീവനക്കാരനാണ് കൂലിപ്പണിക്കാരനായ പ്രസാദ്. ഇന്നലെ രാത്രി ഒമ്പതരവരെ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സജീവൻ ഉൾപ്പെടെ മൂന്നുപേരെ എ.എസ്.പി എം.ജെ. സോജന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടം നടത്തും. ഈ റിപ്പോർട്ട് ലഭിച്ചാലേ മരണത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഷൈലയാണ് പ്രസാദിന്റെ ഭാര്യ. മക്കൾ: ശരണ്യ, വിഷ്ണു, സുകന്യ. മരുമകൻ: രാഹുൽരാജു.