oil

ന്യൂഡൽഹി: ക്രൂഡോയിലിന് വിലസ്ഥിരത ഉറപ്പാക്കാനായി ഉത്‌പാദക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഒഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ് (ഒപെക്) ഉത്‌പാദന നിയന്ത്രണം തുടർന്നേക്കും. അംഗ രാജ്യങ്ങൾക്കിടയിൽ ഇതു സംബന്ധിച്ച് സമവായമില്ലെങ്കിലും സൗദി അറേബ്യ ചെലുത്തുന്ന സമ്മർദ്ദമാണ് നിയന്ത്രണം തുടർന്നേക്കുമെന്ന സൂചനയ്ക്ക് പിന്നിൽ. ഒപെക് സമ്മേളനം ഈമാസം 25, 26 തീയതികളിൽ വിയന്നയിൽ ചേരാൻ തീരുമാനിച്ചിരുന്നു. അംഗങ്ങൾ തമ്മിലെ ഭിന്നതമൂലം സമ്മേളനം ജൂലായ് ഒന്ന്, രണ്ട് തീയതകളിലേക്ക് മാറ്റിയിട്ടുണ്ട്.

സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒപെക് രാഷ്‌ട്രങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് ഇതര ഉത്‌പാദക രാജ്യങ്ങളും ഈ വർഷം ജനുവരി ഒന്നുമുതൽ ദിവസേന 1.2 മില്യൺ ബാരൽ വീതം ഉത്‌പാദനം കുറയ്‌ക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ സമയപരിധി ജൂൺ 30ന് അവസാനിക്കുകയാണ്. എന്നാൽ, വിലസ്ഥിരത ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് കഴിഞ്ഞദിവസം സൗദി അറേബ്യ വ്യക്തമാക്കി. ഉത്‌പാദന നിയന്ത്രണം ഈ വർഷാന്ത്യം വരെ തുടരാനാണ് നീക്കമെന്നാണ് അറിയുന്നത്.

അമേരിക്ക-ചൈന, അമേരിക്ക-മെക്‌സിക്കോ വ്യാപാരത്തർക്കം, പശ്‌ചിമേഷ്യയിലെ യുദ്ധ സമാന സാഹചര്യം, പലിശനിരക്ക് കുറയ്‌ക്കാനുള്ള അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നീക്കം എന്നിവമൂലം ആഗോളതലത്തിൽ ക്രൂഡോയിൽ ഡിമാൻഡ് കുറഞ്ഞതും ഉത്‌പാദന നിയന്ത്രണം തുടരാൻ സൗദിയെയും റഷ്യയെയും പ്രേരിപ്പിക്കുന്നുണ്ട്. വില്‌പന വളർച്ചാ പ്രതീക്ഷ കുറയുന്നതും ഉത്‌പാദനം നിയന്ത്രിക്കാൻ കാരണമാകുന്നു. 2019ൽ ക്രൂഡോയിൽ ഡിമാൻഡ് പ്രതിദിനം 1.14 മില്യൺ ബാരൽ വീതം കൂടുമെന്നാണ് ഒപെക്കിന്റെ വിലയിരുത്തൽ. നേരത്തേ, പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 70,000 ബാരൽ വീതം കുറവാണിത്. ക്രൂഡോയിൽ ഡിമാൻഡ് വളർച്ചാ പ്രതീക്ഷ ഇന്റർനാഷണൽ എനർജി അസോസിയേഷനും (ഐ.ഇ.എ) വെട്ടിക്കുറച്ചു. പ്രതിദിനം 1.2 മില്യൺ ബാരലിൽ നിന്ന് ഒരുലക്ഷം ബാരലായാണ് കുറച്ചത്.

വില മുന്നോട്ട്

ഉത്‌പാദന നിയന്ത്രണവും പശ്‌ചിമേഷ്യയിലെ യുദ്ധഭീതിയും ക്രൂഡോയിൽ വിലക്കുതിപ്പിന് കാരണമാകുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 65 ഡോളറിലെത്തി. ഈമാസം ഇതുവരെ ബാരലിന് അഞ്ച് ഡോളർ ഉയർന്നു. യു.എസ് ക്രൂഡ് വില 53 ഡോളറിൽ നിന്നുയർന്ന് 57 ഡോളറുമായിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലെ തർക്കം മുറുകുന്നതും അമേരിക്കൻ ഉപരോധം മൂലം ഇറാനിൽ നിന്നുള്ള എണ്ണ വിതരണം കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമാകുന്നു.

ഉത്‌പാദനം കൂട്ടി അമേരിക്ക

ഡിമാൻഡ് കുറവാണെങ്കിലും അമേരിക്ക ക്രൂഡോയിൽ ഉത്‌പാദനം കൂട്ടുകയാണ്. പ്രതിദിന ഉത്‌പാദനം ഈവർഷം അമേരിക്ക 12.4 മില്യൺ ബാരലിലേക്കും അടുത്തവർഷം 13.3 മില്യൺ ബാരിലിലേക്കും കൂട്ടാനാണ് ഉദ്ദേശിക്കുന്നത്.

സൗദിയെ ആശങ്ക അറിയിച്ച് ഇന്ത്യ

ക്രൂഡോയിൽ വർദ്ധന സംബന്ധിച്ച ആശങ്ക കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, സൗദി അറേബ്യയുടെ എണ്ണ മന്ത്രി ഖാലിദ് അൽ-ഫാലിയെ അറിയിച്ചു. വില നിയന്ത്രിക്കാനും അമേരിക്കയും ഇറാനും തമ്മിലെ പ്രശ്‌നം പരിഹരിക്കാനും സൗദി ഇടപെടണമെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

1.2 മില്യൺ

പ്രതിദിനം 1.2 മില്യൺ ബാരൽ വീതം ക്രൂഡോയിൽ ഉത്‌പാദനം കുറയ്ക്കാൻ ഒപെക് രാഷ്‌ട്രങ്ങൾ ജനുവരി ഒന്നിന് തീരുമാനിച്ചിരുന്നു. ഇതിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കും.