ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് അനകരണത്തിന് മുന്നോടിയായി ധനകാര്യ മന്ത്രാലയത്തിൽ ഹൽവ സെറിമണി സംഘടിപ്പിച്ചു.കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെയും സഹമന്ത്രി അനുരാഗ് താക്കൂറിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ബഡ്‌ജറ്റ് രേഖകളുടെ അച്ചടി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ചടങ്ങ് നടത്തുന്നത്.
കേന്ദ്രബഡ്ജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ധനകാര്യ മന്ത്രാലയത്തിൽ എല്ലാ ബഡ്ജറ്റിന് മുമ്പും ഹൽവ ഉണ്ടാക്കി ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നൽകാറുള്ളത്. ഈ പരിപാടിക്ക് ശേഷം മന്ത്രാലയത്തിലെ മിക്ക ഉദ്യോഗസ്ഥരും ബഡ്‌ജറ്റുമായി ബന്ധപ്പെട്ട ജോലികളിലാവും. ചില മുതിർന്ന ഉദ്യോഗസ്ഥർക്കൊഴികെ മറ്റാർക്കും വീട്ടിലേക്ക് പോകാനോ കുടുംബാംഗങ്ങളോട് പോലും ഫോണിൽ സംസാരിക്കാനോ അനുമതിയുണ്ടാകില്ല. ബഡ്ജറ്റ് അവതരണം വരെ ഈ നിയന്ത്രണം നീളും.
ധനകാര്യമന്ത്രാലയത്തിന്റെ താഴത്തെ നിലയിലുള്ള പ്രസ്സിലാണ് ബഡ്‌ജറ്റിന്റെ അച്ചടി ജോലികൾനടക്കുക. ഹൽവ സെറിമണിക്ക് ശേഷമാണ് ഈ ജോലികൾ ആരംഭിക്കുന്നത്.