kodiyeri-balakrishnan

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. വിവാദത്തെ തുടർന്ന് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് താൻ മാറുന്നു എന്ന വാർത്തകളെ കോടിയേരി തള്ളിയിരുന്നു. എന്നാൽ കോടിയേരി മാറാനുള്ള സാദ്ധ്യത ഇപ്പോഴുമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കോടിയേരി സ്ഥാനമോഴിഞ്ഞാൽ പ്രധാനമായും രണ്ട് പേരുകളാണ് പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിന് യോജിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അതിൽ ഒന്ന് പി. ജയരാജനും രണ്ടാമത്തത് എം.എ ബേബിയുമാണ്. വടകരയിലെ തോൽവി പാർട്ടിക്ക് ക്ഷീണമായെങ്കിലും കണ്ണൂർ,​ കോഴിക്കോട് ജില്ലകളിൽ പി. ജയരാജന് ജനപിന്തുണ കുറഞ്ഞിട്ടില്ല. കണ്ണൂരിലെ ജനങ്ങൾക്കും നേതാക്കൾക്കും ജയരാജനോടുള്ള വെെകാരിക ബന്ധവും സെക്രട്ടറി സ്ഥാനത്തിന് സാദ്ധ്യത കൽപ്പിക്കുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജയരാജൻ സജീവമായി രാഷ്ട്രീയ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയങ്ങിട്ടുണ്ട്. പാർട്ടി കോട്ടയായ ആന്തൂരിൽ സി.പിഎമ്മിന് പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടി സെക്രട്ടറി അല്ലാതിരുന്നിട്ടും മുന്നിട്ടിറങ്ങി പ്രശ്നങ്ങൾ പരിഹരിക്കാനിറങ്ങയത് ജയരാജനാണ്. ഇതുവരെ യാതൊരു സാമ്പത്തിക ആരോപണങ്ങളും നേരിടാത്ത ജയരാജനെ സെക്രട്ടറി സ്ഥാനമേൽപ്പിക്കുമോ എന്നാണ് പാർട്ടി നേതാക്കളും പ്രവർത്തകരും ഉറ്റുനോക്കുന്നത്.

അതേസമയം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ പേരും ഉയർന്നു കേൾക്കുന്നു. സൗമ്യ സ്വഭാവവും സൈദ്ധാന്തിക മേഖലയിലുള്ള മികവും ഉള്ള എം.എ ബേബിയെ സെക്രട്ടറിയാക്കിയാൽ പാർട്ടിക്ക് നിലവിൽ നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് മാറ്റമുണ്ടാകുമെന്നും വിലയിരുത്തുന്നു. മാത്രമല്ല തുടർച്ചയായി സെക്രട്ടറി സ്ഥാനം കണ്ണൂർ ലോബി കയ്യാളുന്നു എന്ന ആക്ഷേപത്തെയും ഇല്ലാതാക്കാം. പാർട്ടിയും സർക്കാരും ഒരേപൊലെ പ്രതിസന്ധിയിൽ പെടുമ്പോൾ പാർട്ടി സെക്രട്ടറി സ്ഥാനം ആര് ഏറ്റെടുക്കുമെന്ന് കാണാമെന്നും കൂടുതൽ സാദ്ധ്യത പി. ജയരാജനാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.