ഹൈദരാബാദ്: പ്രവാസിയുടെ ഭാര്യയുമായി രഹസ്യബന്ധം തുടർന്ന് യുവാവിനെ ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി. ഹൈദരാബാദിലെ വെമുലവാഡയിലാണ് സംഭവം. നഗുല രവി എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. യുവതിയുടെ സഹോദരനും ബന്ധുക്കളും ചേർന്നാണ് നഗുല രവിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഭർത്താവ് വിദേശത്തായ ഈ യുവതിയുമായി യുവാവിന് ബന്ധമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വെമുലവാഡയിൽ ബാർബർ ജോലി ചെയ്ത് വരികയായിരുന്ന അവിവാഹിതനായ നഗുല രവിയും യുവതിയും തമ്മിൽ ബന്ധമുണ്ടായിരുന്നു. ഇരുവരും രണ്ട് മതമായതിനാൽ ബന്ധുക്കൾ വിവാഹം നടത്തിക്കൊടുക്കാൻ തയ്യാറായില്ല. തുടർന്നാണ് ദുബായിൽ ജോലിയുള്ള യുവാവുമായി വിവാഹം നടത്തിയത്. എന്നാൽ വിവാഹ ശേഷവും യുവതി നഗുലയുമായുള്ള ബന്ധം തുടരുകയായിരുന്നു.
വിവാഹ ശേഷവും യുവതിയുമായി നഗുല ബന്ധം തുടരുന്നതായി മനസിലാക്കിയ യുവതിയുടെ സഹോദരനും ബന്ധുക്കളും ഇവർക്ക് താക്കീത് നൽകിയിരുന്നു. എന്നാൽ യുവതിയും നഗുലയും രഹസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതറിഞ്ഞ യുവതിയുടെ സഹോദരനും മറ്റ് രണ്ട് ബന്ധുക്കളും കൂടി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നഗുലനെ അക്രമിക്കുകയായിരുന്നു. സുബ്രഹ്മണ്യ നഗറിലെ വീടിന് സമീപം തന്റെ ബൈക്കിന് സമീപം നില്‍ക്കുകയായിരുന്ന നഗുലിനെ മൂന്നംഗ സംഘം അരിവാളിന് വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ നഗുല മരിച്ചു. പ്രതികൾ ഉടൻ തന്നെ ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു. പ്രതികൾ ഒളിവിലാണെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും ഹൈദരാബാദ് പൊലീസ് പറയുന്നു.