raju-

തിരുവനന്തപുരം : മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിക്കെതിരെ ഉടൻ നടപടി ഉണ്ടാകില്ല. തത്കാലം നടപടി വേണ്ടെന്നും പിരിച്ചുവിടാനുള്ള തീരുമാനം വിശദമായ ചർച്ചയ്ക്ക് ശേഷം മതിയെന്നും തീരുമാനിച്ചു. രാജുനാരായണ സ്വാമിക്കെതിരെ ചീഫ് സെക്രട്ടറിതല സമിതി നൽകിയ ശുപാർശ മുഖ്യമന്ത്രി മടക്കി. സംഭവത്തിൽ കൂടുതൽ വ്യക്തത തേടിയാണ് മുഖ്യമന്ത്രിയുടെ നടപടി.

കേന്ദ്ര സംസ്ഥാന സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചു. സുപ്രധാന തസ്തികകൾ വഹിക്കുമ്പോഴും ഓഫീസുകളിൽ പലപ്പോഴും ഹാജരായിരുന്നില്ല, കേന്ദ്ര സർവീസിൽ നിന്ന് തിരികെ എത്തിയത് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല,നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തെ കാലാവധി പൂർത്തിയാക്കിയതിന് ശേഷം എവിടെയാണെന്നതിന് സർക്കാർ രേഖകളില്ല തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കെതിരെ ഉയർന്നത്.

നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും നാരായണ സ്വാമിയെ മാർച്ചിൽ നീക്കിയിരുന്നു. ഇതിനെതിരെയുള്ള പരാതി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. കേസ് നിലവിലുള്ളത് മൂലമാണ് കേന്ദ്ര സർവീസിൽ ചേരാത്തതെന്ന് പറഞ്ഞ നാരായണ സ്വാമി ഇക്കാര്യം ചീഫ് സെക്രട്ടറിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും അവകാശപ്പെടുന്നു.

സർവീസ് കാലാവധി 10 വർഷം കൂടി ശേഷിക്കെയാണ് രാജുനാരായണ സ്വാമിക്കെതിരെ സർക്കാർ നടപടിക്കൊരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ വന്നത്. പിരിച്ചുവിടാൻ കേരളം ശുപാർശ നൽകി അത് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം അംഗീകരിച്ചാൽ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി.