anthoor-

കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി പാറയിൽ സാജൻ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാൻ ഡിവൈ.എസ്‍.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം. അന്വേഷണച്ചുമതല നാർക്കോട്ടിക് ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസിന് കൈമാറി ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.

ഇതിനിടെ സംഭവത്തിൽ ആന്തൂർ നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെ സി.പി.എം നേതാവ് പി.ജയരാജൻ രംഗത്തെത്തി. ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്നതിൽ നിഷേധാത്മകമായ നിലപാടാണ് ആന്തൂര്‍ നഗരസഭാ സെക്രട്ടറി സ്വീകരിച്ചതെന്നും ഇവരെ തിരുത്താനോ വേണ്ട രീതിയിലുള്ള ഇടപെടൽ നടത്താനോ നഗരസഭ അദ്ധ്യക്ഷ പി കെ ശ്യാമളയ്ക്ക് സാധിച്ചില്ലെന്നും പി ജയരാജൻ പറഞ്ഞു.

15 കോടി രൂപ ചെലവിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവർത്താനുമതി നൽകാത്തതിൽ മനംനൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂർ കൊറ്റാളി സ്വദേശി സാജൻ പാറയിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌തത്‌. സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.