വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീൻ കാരോൾ രംഗത്ത്. രണ്ട് ദശാബ്ദം മുമ്പ് മാൻഹട്ടൻ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ഡ്രസിംഗ് മുറിയിൽവച്ച് ട്രംപ് തന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറിയെന്നാണ് തന്റെ ഏറ്റവും പുതിയ ബുക്കിലെ കരോളിന്റെ വെളിപ്പെടുത്തൽ. ബുക്കിൽ പ്രസ്തുത സംഭവം പറയുന്ന ഭാഗം ന്യൂയോർക്ക് മാഗസിനിൽ പ്രസിദ്ധീകരിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്.
വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലും 75കാരിയായ കാരോൾ ഇക്കാര്യം ആവർത്തിച്ചു. 1995, 96 കാലഘട്ടത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന 52കാരനായ ട്രംപ്, തന്റെ പെൺസുഹൃത്തിനു സമ്മാനം തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് താൻ ഒരു സ്യൂട്ട് തിരഞ്ഞെടുത്തു. അത് ധരിക്കാൻ ട്രംപ് നിർബന്ധിച്ചു. ഷോപ്പിംഗ് മാളിലെ ഡ്രസിംഗ് റൂമിൽ കയറിയ തന്നെ പിന്നാലെയെത്തി ലൈംഗികമായി അധിക്ഷേപിക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച തന്റെ കൈകൾ ബലമായി പിടിച്ചുനിറുത്തി, തല ഭിത്തിയിൽ ഇടിപ്പിച്ചു. ട്രംപിനെ തള്ളിമാറ്റി അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു, കാരോൾ പറയുന്നു. അക്കാലത്ത് എഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമായിരുന്ന താൻ ഭയംമൂലം സംഭവം പൊലീസിൽ അറിയിക്കുകയോ പുറത്തു പറയുകയോ ചെയ്തിരുന്നില്ലെന്നും ജീൻ കാരോൾ പുസ്തകത്തിൽ പറയുന്നുണ്ട്. ''തന്റെ അനുഭവം സ്ത്രീകളെ മുന്നോട്ടുവന്ന് തുറന്നുപറയാൻ പ്രചോദിപ്പിക്കും. നാണക്കേട് തോന്നേണ്ട കാര്യമില്ല. നിശബ്ദയായിരുന്നതിന് ഞാനെന്നെയാണ് കുറ്റപ്പെടുത്തുന്നത്. എനിക്ക് കുറ്റബോധമായിരുന്നു. അതിന് ഞാനെന്നെ തന്നെ മർദ്ദിച്ചു. " ആ ദിവസങ്ങളെ ഓർത്തെടുത്ത് കാരോൾ പറഞ്ഞു.
എല്ലാം കള്ളമെന്ന് ട്രംപ്
കാരോളിന്റെ ആരോപണങ്ങളെയെല്ലാം ട്രംപ് നിഷേധിച്ചു. എന്തുകൊണ്ടാണ് സംഭവത്തിന്റെ ദൃശ്യങ്ങളൊന്നും ലഭ്യമല്ലാത്തതെന്നും ദൃക്സാക്ഷികളില്ലാത്തതെന്നുമാണ് ട്രംപ് പ്രതികരിച്ചത്. കാരോൾ വ്യാജ ആരോപണങ്ങളിലൂടെ ബുക്ക് വിൽക്കാൻ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. അതേസമയം, ട്രംപ് തന്റെ ആദ്യഭാര്യ ഇവാനയ്ക്കും, കാരോൾ തന്റെ ഭർത്താവ് ജോൺ ജോൺസണിനുമൊപ്പവും നിൽക്കുന്ന ഒരു ചിത്രമുൾപ്പെടെയാണ് ന്യൂയോർക്ക് ടൈംസിൽ കാരോളിന്റെ പുസ്തകത്തെ പ്രതിപാദിച്ചുള്ള കുറിപ്പുള്ളത്. 1987 ൽ എൻ.ബി.സി (നാഷണൽ ബ്രോഡ്കാസ്റ്റിംഗ് കമ്പനി) യുടെ ഒരു പാരിപാടിക്കിടെ എടുത്ത ചിത്രമാണിതെന്നാണ് കാരോളിന്റെ വിശദീകരണം.