ജീവനോടെ പിറക്കില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ഒരു അത്ഭുതബാലൻ. പക്ഷേ, അവൻ ജനിച്ചു, ബലൂണിൽ വെള്ളം നിറച്ചതിന് സമാനമായ തലയോട്ടിയോടു കൂടി. അഞ്ചു വർഷം പോലും തികയ്ക്കില്ലെന്നായിരുന്നു അടുത്ത പ്രവചനം. അഞ്ചല്ല, ഇന്ന് ഇരുപത്തിയെട്ട് വർഷം പിന്നിട്ടിരിക്കുകയാണ് ആ ജീവൻ. ജീവിതം അവന് സമ്മാനിച്ച പേരും ജീവൻ എന്നു തന്നെയാണ്. ഓസ്റ്റിയോ ജെനിസിസ് ഇംപെർഫക്റ്റാ (ബ്രിട്ടിൽ ബോൺ ഡിസീസ്) എന്ന എല്ലുകൾ പൊടിയുന്ന അപൂർവ രോഗത്തിനുടമ. എന്നാൽ സ്വപ്നങ്ങൾക്ക് അതിരുനിശ്ചയിക്കുന്നത് ആരോഗ്യമില്ലാത്ത ശരീരമല്ലെന്ന് തെളിയിച്ച് നിശ്ചയദാർഢ്യത്തോടെ അവൻ പഠിച്ച് മുന്നേറി, രാജ്യത്തെ ഏറ്റവും മികച്ച ഐ.ടി കമ്പനിയായ മൈക്രോ സോഫ്ടിൽ എൻജിനിയറാണിപ്പോൾ ജീവൻ എന്ന പോരാളി. സന്തോഷമുള്ളൊരു ജീവിതം കെട്ടിപ്പടുക്കാൻ ആകെ വേണ്ടത് ആത്മവിശ്വാസവുമുള്ള മനസാണെന്നാണ് ഈ കൊല്ലം സ്വദേശി പറയുമ്പോൾ മകന്റെ വിജയത്തിൽ അഭിമാനം കൊണ്ട്, അവനെന്നും കൂട്ടായിരുന്ന അച്ഛൻ മനോജും അമ്മ താരയും തൊട്ടടുത്തുണ്ട്.
''അന്ന് ഇന്നത്തെപോലെ ആധുനികസ്കാനിംഗ് ഒന്നുമില്ല. ഗർഭിണിയാണെന്ന് കണ്ടെത്തുന്ന ആദ്യ സ്കാനിംഗ് മാത്രം. എനിക്കാണെങ്കിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല."" ജീവന്റെ അമ്മയായ കഥ പറയുകയാണ് താര. ഏഴാം മാസത്തിൽ പരിശോധനയ്ക്ക് പോയപ്പോൾ ഡോക്ടർക്ക് ചെറിയൊരു സംശയം. വയറ്റിൽ കുഞ്ഞിന്റെ കിടപ്പിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. അന്നുതന്നെ തിരുവനന്തപുരം ആർ.സി.സിയിലെത്തി വീണ്ടും സ്കാൻ ചെയ്തു. ആദ്യ സംശയം കുഞ്ഞിനൊരു കാലില്ലെന്നായിരുന്നു. പിന്നെ നോക്കിയപ്പോൾ തലയോട്ടി ഉറച്ചിട്ടില്ല. ബലൂണിൽ വെള്ളം നിറച്ച കണക്കെ നേർത്ത ഒരു പാട മാത്രമേയുള്ളൂ തലയിൽ. കുഞ്ഞിനെ ജീവനോടെ കിട്ടാൻ വഴിയില്ല. കിട്ടിയാൽ തന്നെ എല്ലുകൾ പൊടിയുന്ന അപൂർവരോഗവുമായാകും അവൻ എത്തുക. ജീവിതം കീഴ്മേൽ മറിഞ്ഞ നിമിഷങ്ങൾ. എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും കുഞ്ഞിനെ ജീവനോടെ കിട്ടണേ എന്നായിരുന്നു പ്രാർത്ഥന.
ആ പ്രാർത്ഥന ദൈവം കേട്ടു. അവൻ ജനിച്ചു. പക്ഷേ സാധാരണകുട്ടികളെ പോലെയായിരുന്നില്ല എന്നുമാത്രം. കാലിലും കൈയിലും പൊട്ടലുകൾ. നീരു വന്ന് വീർത്ത നിലയിലുള്ള ആ കൈകൾ ഇന്നും താരയുടെ മനസിലുണ്ട്. പിന്നെയുമുണ്ടായിരുന്നു പ്രത്യേകതകൾ. സാധാരണ കുഞ്ഞുങ്ങൾക്ക് ജനിക്കുമ്പോൾ കണ്ണുനീരുണ്ടാകാറില്ല. പക്ഷേ താര അന്നാദ്യമായി കണ്ടു, കണ്ണീരിൽ പൊതിഞ്ഞ സ്വന്തം കുഞ്ഞിനെ. അവന്റെ നിറുത്താതെയുള്ള കരച്ചിൽ ഇന്നും ഈ അമ്മയുടെ ഹൃദയം നോവിക്കുന്ന ഓർമ്മയാണ്. എങ്കിലും ജീവനോടെ ദൈവം തങ്ങളെ ഏൽപ്പിച്ച കുഞ്ഞിനെ ഓർത്ത് ഒരു നിമിഷം പോലും സങ്കടപ്പെടാൻ താരയും മനോജും തയാറായില്ല. ഇരുകൈകളും നീട്ടിആ കുഞ്ഞുജീവനെ അവർ വാരിയെടുത്തു. തങ്ങളെക്കാൾ ആത്മവിശ്വാസമായിരുന്നു ജീവനെന്ന് താര പറയുന്നു. ഇരിക്കില്ലെന്ന് പലരും പറഞ്ഞിട്ടും അവൻ ഇരുന്നു. നടക്കാൻ കഴിഞ്ഞില്ലെങ്കിൽ വേണ്ട താൻ ഇഴയാമെന്നായി. ഒരിക്കൽ പോലും ആ മുഖത്തെ ചിരി മാഞ്ഞ് കണ്ടിട്ടില്ല. എല്ലാം എനിക്കും പറ്റും അമ്മാ എന്ന അവന്റെ ആത്മവിശ്വാസമായിരുന്നു തങ്ങളുടെ ധൈര്യമെന്ന് താര ഓർത്തെടുക്കുന്നു.
മകന് വേണ്ടി അമ്മ ടീച്ചറായി
സമപ്രായത്തിലുള്ള കുട്ടികളൊക്കെ സ്കൂളിൽ പോകുന്നത് കണ്ടപ്പോൾ തനിക്കും പഠിക്കണമെന്ന് പറഞ്ഞ് വാശി പിടിച്ച് ജീവൻ കരഞ്ഞു. ഒരു നിയോഗമെന്നപോലെ വീടിനടുത്തായി ബന്ധുവിന്റെ തന്നെ സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. അങ്ങനെ ജീവനും സ്കൂളിലെത്തി. സ്കൂളിൽ പോകുന്ന മകനൊപ്പം അമ്മയും അവന്റെ ടീച്ചറായി സ്കൂളിലെത്തി. മിടുമിടുക്കനായി പഠിച്ചു. പിന്നെ പഠനത്തോടൊപ്പം സ്കൂളും മാറി. അടിക്കടി പൊട്ടിമാറുന്ന എല്ലുകൾ ആ യാത്രയ്ക്ക് അലോസരമുണ്ടാക്കി കൊണ്ടിരുന്നെങ്കിലും തോറ്റുപിൻമാറാൻ തയ്യാറായിരുന്നില്ല. വാശിയോടെ ഓരോ ക്ലാസും ജയിച്ചു കയറി. പത്താംക്ലാസിൽ പഠിക്കുമ്പോൾ തുടയുടെ എല്ല് പൊട്ടിമാറി ഒട്ടൊന്നുമല്ല ജീവൻ വേദനിച്ച് കരഞ്ഞത്. എന്നിട്ടും അവൻ നന്നായി പഠിച്ച് നല്ല മാർക്ക് നേടി. പതിയെ പതിയെ അവന്റെ അസുഖവും അവനിൽ നിന്ന് മാറി സഞ്ചരിക്കാൻ തുടങ്ങി.
അച്ഛനൊരുക്കിയ വീൽചെയർ
ഇഴഞ്ഞുനടന്ന ജീവന്റെ യാത്രയ്ക്ക് വേഗത കൂട്ടിയത് അച്ഛനാണ്. ചെറുപ്പത്തിലൊരിക്കൽ വീട്ടിലെ പഴയ ബേബി വാക്കറിൽ കയറ്റി ഇരുത്തിയപ്പോൾ ജീവൻ പതുക്കെ മുന്നോട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ എൻജിനിയറായ അച്ഛൻ മകനൊരു വീൽചെയർ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജീവന്റെ അളവിലുള്ള വീൽചെയർ പുറത്തു നിന്ന് കിട്ടുക പ്രയാസമായിരുന്നു. ഒടുവിൽ മകന് വേണ്ടി വീൽചെയറിനൊരു ഫ്രെയിം വാങ്ങി സ്വന്തമായി കുറച്ചു മാറ്റങ്ങൾ വരുത്തി നൽകി. അത് ജീവന്റെ വിജയയാത്രയ്ക്ക് വേഗം കൂട്ടി. ജീവൻ വളരുന്നതിനനുസരിച്ച് വീൽചെയറിലും കാര്യമായ മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. അന്നുമുതൽ ഈ നിമിഷം വരെ മകന്റെ ആവശ്യമറിഞ്ഞ് മനോജ് തന്നെയാണ് വീൽചെയർ ഒരുക്കുന്നത്.
എനിക്കും എൻജിനിയറാകണം
അച്ഛനും അമ്മാവനുമൊക്കെ എൻജിനിയറായതു കൊണ്ട് സ്വാഭാവികമായും ജീവനും ആഗ്രഹിച്ചത് എൻജിനിയർ ആകാൻ തന്നെയായിരുന്നു. എന്നാൽ ലാബും പ്രാക്ടിക്കലുമൊക്കെയായി എൻജിനിയറിംഗ് ബിരുദം നേടിയെടുക്കാൻ കഴിയുമോയെന്നുള്ള ആശങ്ക ജീവനെപോലെ തന്നെ മാതാപിതാക്കളെയും അലട്ടി. പക്ഷേ അവന്റെ ഇഷ്ടം അത്ര ആഴത്തിലുള്ളതാണെന്ന സത്യം തിരിച്ചറിഞ്ഞതോടെ വീട്ടുകാരെല്ലാം കൂടെ തന്നെ നിന്നു. പ്രവേശനപരീക്ഷ എന്ന കടമ്പയെക്കുറിച്ച് മാത്രം ചിന്തിച്ചാൽ മതിയെന്നും ബാക്കിയെല്ലാം ശരിയാക്കാമെന്നും അവർ വാക്ക് നൽകി. അങ്ങനെ രാപ്പകലില്ലാതെ ഉറക്കമൊഴിച്ച് പഠിച്ച് എൻട്രൻസ് മികച്ച മാർക്കോടെ പാസായി. വൈകാതെ, കൊല്ലം ടി.കെ.എം എൻജിനിയറിഗ് കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ പ്രവേശനവും നേടി. അവിടെ ജീവനെ കാത്തിരുന്നത് വലിയ അത്ഭുതങ്ങളായിരുന്നു. കോളേജിനുള്ളിൽ അവന്റെ യാത്രയ്ക്ക് പ്രത്യേക റാമ്പ് വരെ അധികൃതർ കെട്ടി നൽകി.
ബംഗളൂരു ഡേയ്സ്
പഠനം പൂർത്തിയാക്കിയതോടെ ജോലിയെക്കുറിച്ചായി പിന്നെ ചിന്ത. ഏതൊരു കംപ്യൂട്ടർ എൻജിനിയറിന്റേയും ഏറ്റവും വലിയ സ്വപ്നമായ മൈക്രോസോഫ്റ്റിലായിരുന്നു ജീവന്റേയും കണ്ണ്. അപേക്ഷ അയച്ചെങ്കിലും തന്റെ ശാരീരിക പരിമിതികൾ തടസമാകുമോ എന്ന ആശങ്ക ജീവനെ വല്ലാതെ അലട്ടി. എന്നാൽ അതെല്ലാം അസ്ഥാനത്താക്കി കമ്പനിയിൽ നിന്നും ജീവന് ജോലിയിൽ ചേരുന്നതിനുള്ള അറിയിപ്പും കിട്ടി. അങ്ങനെ ജീവിതം ബംഗളൂരുവിലേക്ക് പറിച്ചു നട്ടു. തന്റെ ആവശ്യങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ച മുറികളും സൗകര്യങ്ങളും മാതാപിതാക്കൾ ഒരുക്കിയതിനാൽ പ്രാഥമികാവശ്യങ്ങൾക്കടക്കം ആരുടേയും സഹായം ജീവന് വേണ്ടിവന്നില്ല. ഭിന്നശേഷി സൗഹൃദമായ ബംഗളൂരുവിലാകട്ടെ, സ്വന്തം ഓഫീസിലാകട്ടെ ജീവൻ സ്വതന്ത്രമായി സഞ്ചരിക്കാൻ തുടങ്ങി. എങ്കിലും അച്ഛനും അമ്മയും ഇടയ്ക്കിടെ മകനരികിലേക്ക് ഓടിയെത്തി. തന്റെ കാര്യങ്ങളെല്ലാം സ്വന്തമായി ചെയ്ത് അച്ഛന്റേയും അമ്മയുടേയും ഈ വരവ് കൂടി അവസാനിപ്പിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്ന് ജീവൻ പറയുന്നു. അമ്മ പി എച്ച് ഡി ചെയ്യുന്ന കാലത്താണ് ജീവനെ ഗർഭം ധരിക്കുന്നത്. അതിന് ശേഷം അമ്മയുടെ സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് ജീവനെ വേദനിപ്പിക്കുന്നുണ്ട്. സോഫ്റ്റ് വെയർ എൻജിനിയറായ മാധവാണ് സഹോദരൻ.
അക്ഷരങ്ങൾ നൽകുന്ന പ്രതീക്ഷ
പുസ്തകം വായിക്കാനും പാട്ടുകൾ കേൾക്കാനും ജീവന് വലിയ ഇഷ്ടമാണ്. തനിക്ക് യാത്രചെയ്യാൻ കഴിയാത്ത സ്ഥലങ്ങളിലേക്ക് ജീവൻ സഞ്ചരിക്കുന്നത് പുസ്തകങ്ങളിലൂടെയാണ്. എന്തു തിരക്കാണെങ്കിലും അരമണിക്കൂർ പുസ്തക വായനക്കായി മാറ്റിവയ്ക്കും. ഇംഗ്ലീഷ് പാട്ടുകളാണ് പൊതുവേ ഇഷ്ടം. കൂട്ടത്തിൽ ഗിറ്റാറും പഠിക്കുന്നുണ്ട്. കുഞ്ഞുന്നാളിൽ നീണ്ട വിരലുകളുള്ള കുട്ടി ചിത്രകാരനാകുമെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നതായി ജീവന്റെ അച്ഛൻ മനോജ് ഓർക്കുന്നു. അന്ന് വരച്ചില്ലെങ്കിലും വേണ്ടില്ല പേന പിടിച്ചൊന്ന് എഴുതിയാൽ മതിയെന്ന് ആശ്വസിക്കുമായിരുന്ന അച്ഛനെ ഞെട്ടിച്ച് ജീവൻ ഇന്ന് നല്ലൊരു ചിത്രകാരനായി തീർന്നു. അതോടൊപ്പം കൃത്യമായ വ്യായാമവും ഇന്ന് കൂടെയുണ്ട്. കൂറ്റൻ എൻജിനിയറിംഗ് പുസ്തകങ്ങളാണ് തന്നെ ഫിറ്റ്നസ് ഫ്രീക്കാക്കിയതെന്ന് പുഞ്ചിരിയോടെ ജീവൻ പറയുന്നു. അത് പിന്നെ ഡംബല്ലിലേക്ക് മാറി. ഇപ്പോൾ വ്യായാമം ചെയ്യാത്ത ഒരു ദിവസം പോലും തന്റെ ജീവിതത്തിലില്ലെന്നും ഈ മിടുക്കൻ പറയുന്നു.
കഴിഞ്ഞ ജന്മം നൽകിയ അവയവങ്ങൾ
''ഈ ജന്മത്തിൽ അവയവങ്ങൾ ദാനം ചെയ്താൽ അടുത്ത ജന്മത്തിൽ അവയവങ്ങൾ ഇല്ലാതെയാകും ജനിക്കേണ്ടി വരിക. "" അവയവദാനത്തെക്കുറിച്ച് ഒരിക്കൽ ഒരു സുഹൃത്ത് പറഞ്ഞ വാക്കുകളാണിതെന്ന് ജീവൻ ഓർക്കുന്നു. അയാളുടെ വിശ്വാസപ്രകാരമാണെങ്കിൽ ഒരു പക്ഷേ ഞാൻ കഴിഞ്ഞ ജന്മത്തിൽ അവയവങ്ങൾ ദാനം ചെയ്തിട്ടുണ്ടാകും. അതിനാലാകും ഈ ജന്മത്തിൽ താനിങ്ങനെ ജനിക്കേണ്ടി വന്നതെന്ന് ചിരിച്ചുകൊണ്ട് ജീവൻ പറയുന്നു. ഈ ജന്മത്തിലും അവയവങ്ങൾ ദാനം ചെയ്യാനാണ് ജീവന്റെ തീരുമാനം.
ജീവനെന്ന സൂപ്പർ സ്റ്റാർ
''പലരും എന്നോട് ചേദിക്കാറുണ്ട്. നടന്നിട്ടില്ലാത്ത, ഒരിക്കലും നടക്കാത്ത ജീവൻ എന്തിനാണ് എപ്പോഴും ഡ്രസ് ചെയ്യുമ്പോൾ ഷൂസിടുന്നതെന്ന്. ഷൂസിടുകയെന്നത് എന്റെ വസ്ത്രധാരണത്തിന്റെ ഭാഗമാണ്. അതിൽ വിട്ടുവീഴ്ച ചെയ്യാൻ ഞാൻ തയാറല്ല. നിങ്ങൾ നിങ്ങളെ സ്നേഹിക്കാൻ പഠിക്കുക. ശേഷം മറ്റുള്ളവരെയും. ജീവിതത്തിൽ യാതൊന്നും പ്രതിസന്ധികളല്ലെന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടത്. എന്തു വന്നാലും മുന്നോട്ട് തന്നെ നീങ്ങുമെന്നുള്ള ഉറച്ച തീരുമാനത്തിൽ നിന്ന് ആർക്കും നിങ്ങളെ പിന്തിരിപ്പിക്കാനാവില്ല."" ഇതാണ് ജീവന്റെ തിയറി.
ജീവനുള്ള സ്വപ്നങ്ങൾ
ജീവന്റെ സിനിമയെ വെല്ലുന്ന നാൾവഴികൾ തുള്ളിപോലും ചോരാതെ ഭംഗിയായി ചിത്രീകരിച്ച് ലോകത്തിന് തന്നെ മാതൃകയാകും വിധം 'ജീവനുള്ള സ്വപ്നങ്ങൾ" എന്ന പേരിൽ ഡോക്യുമെന്ററിയായി അഭ്രപാളിയിൽ എത്തിച്ചത് യുവ സംവിധായകൻ ഋത്വിക് ബൈജുവാണ്. കുട്ടിക്കാലം മുതൽ കണ്ട് വളർന്ന സുഹൃത്ത്. പലർക്കും പ്രചോദനമായേക്കാവുന്ന ജീവന്റെ കഥ ഡോക്യുമെന്ററിയാക്കാൻ ശ്രമിച്ചതിന് പിന്നിലും ഇത് തന്നെയായിരുന്നു കാരണമെന്ന് ഋത്വിക് പറയുന്നു. ഒന്നര വർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഋതു, പട്ടം പോലെ, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ഋത്വിക് ദൂരദർശൻ ഡയറക്ടർ ബൈജു ചന്ദ്രന്റേയും എഴുത്തുകാരി കെ.എ. ബീനയുടേയും മകനാണ്. ഫ്യൂച്ചർ സിനിമയാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. അശ്വിൻ നന്ദകുമാർ (ഛായാഗ്രഹണം), അരവിന്ദ് മൻമദൻ (എഡിറ്റിംഗ്), സിദ്ധാർത്ഥ പ്രദീപ് ( സംഗീതം) തുടങ്ങിയവരും ഡോക്യുമെന്ററിയുടെ ഭാഗമായിട്ടുണ്ട്.