ഇബ്സന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്, ഒറ്റയ്ക്ക് നടക്കുന്നവനാണ് ശക്തൻ എന്ന്. ആട്ടിൻപറ്റങ്ങളെപ്പോലെ കൂട്ടം കൂടി നടക്കുന്നവരേക്കാൾ ഒറ്റയ്ക്കുന്ന നടക്കുന്ന സിംഹങ്ങൾ ശ്രദ്ധേയരാകുന്നു. സിംഹഗർജ്ജനം പലപ്പോഴും കാടിനെ കിടിലം കൊള്ളിക്കുന്നു. അന്തരിച്ച പഴവിള രമേശൻ ആദ്യകാലത്ത് സാഹിത്യസുഹൃത്തുക്കളൊന്നിച്ച് മേഞ്ഞു നടന്നിരുന്നുവെങ്കിലും വളരെ വേഗം അദ്ദേഹം തന്റേതായ ഒരു ലോകത്തിന്റെ പ്രജാപതിയായി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അന്ന് അടുത്ത ബന്ധമുണ്ടായിരുന്നു. ട്രേഡ് യൂണിയൻ രംഗത്തുവരെ പ്രവർത്തിച്ചു. തനിക്കുപറ്റിയതല്ല ആ രംഗമെന്ന് മനസിലാക്കി വളരെവേഗം സ്വതന്ത്രനായി. നട്ടുച്ചയ്ക്ക് പാതിരാവെന്ന് നേതാവ് പറഞ്ഞാൽ, നക്ഷത്രങ്ങളും പൂനിലാവുമെന്ന് ഏറ്റു പറയുന്ന അനുയായിയായി കഴിയാൻ ആ ചെറുപ്പക്കാരൻ തയ്യാറായില്ല. ഒരിക്കൽ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞത് നിങ്ങൾക്ക് സുഖമായി ജീവിക്കാം, സ്വന്തമായി ഒരഭിപ്രായം ഉണ്ടായിരിക്കരുത് എന്നാണ്. പുരസ്കാരങ്ങളിൽ കണ്ണും നട്ടിരിക്കുന്നവർ എന്തിന് മറ്റുള്ളവരെ പിണക്കുന്നു എന്നു കരുതി പ്രധാന പ്രശ്നങ്ങൾ വരുമ്പോൾ ഒട്ടകത്തെപ്പോലെ തല മണലിൽ പൂഴ്ത്തുന്നു. മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കുന്നവരാണ് പലരും. പഴവിള രമേശൻ ആ ജനുസിൽപ്പെട്ട ആളായിരുന്നില്ല. തനിക്കു ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ആവുന്നത്ര ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
കെ. ബാലകൃഷ്ണൻ പത്രാധിപരായ കൗമുദി വാരികയിലെ പ്രവർത്തനകാലം രമേശന്റെ ജീവിതത്തിലെ വസന്തകാലമായിരുന്നു. സാഹിത്യകാരൻമാരുടെ തീർത്ഥാടന കേന്ദ്രമായിരുന്നു അന്ന് കൗമുദി ഓഫീസ്. സാഹിത്യ സുരഭിലമായ അവിടത്തെ അന്തരീക്ഷം പഴവിളയെ കരുത്തനാക്കി. പഴവിള അറിയാതെ ധിക്കാരത്തിന്റെയും നിഷേധത്തിന്റെയും വിത്തുകൾ കെ. ബാലകൃഷ്ണൻ മനസിൽ വിതറി. ആ വിത്തുകൾ മുളച്ച് പൂവിട്ടപ്പോൾ മറ്റുള്ളവർ പറയുന്നത് ഏറ്റുപറയുന്ന ഒരാളുടെ തൂവലുകൾ കൊഴിഞ്ഞുവീണു. ഒരു ഫീനിക്സ് പക്ഷിയുടെ ജനനം അവിടെ വച്ചുണ്ടായി.
വിധി ആ പ്രതിഭാശാലിയോടു കരുണ കാണിച്ചില്ല. പൂവുപോലുള്ള ചിറകുകൾ വീശി പറന്നുയരേണ്ട സമയത്ത് പഴവിള ശയ്യാവലംബിയായി. ഒരിക്കൽ കാലിൽ രോഗം ബാധിച്ചപ്പോൾ ആയുർവേദവും അലോപ്പതിയും മാറി മാറി പരീക്ഷിച്ചു. ഒടുവിൽ ലോകം മുഴുവൻ ആഹ്ളാദിക്കുന്ന ക്രിസ്മസ് ദിനത്തിൽ വലതു കാൽമുട്ടിന് മുകളിൽവച്ച് മുറിച്ചുമാറ്റപ്പെട്ടു. പിന്നെ വേദനകളുടെ നാളുകളായിരുന്നു. വേദന അസഹനീയമായപ്പോൾ ജീവിതം എന്ന നീർപ്പോള കുത്തിപ്പൊട്ടിച്ചാലെന്തെന്ന് ചിന്തിച്ചു. അതിൽ നിന്നും രക്ഷപ്പെടുത്തിയത് പുസ്തകങ്ങളായിരുന്നു. വിധിയിൽ ദുഃഖിച്ചു കഴിയാതെ അദ്ദേഹം കാവ്യസപര്യയിൽ മുഴുകി. നെൽസൺ മണ്ടേല ഉൾപ്പെടെയുള്ള മഹാരഥന്മാർ സഹിച്ച ശാരീരികവും മാനസികവുമായ വേദനകളെക്കുറിച്ചുമനസിലായപ്പോൾ തന്റേത് നിസാരമായിതോന്നി.
മുറിക്കകത്ത് കിടക്കയിൽ തളച്ചിട്ടപ്പോൾ ജീവിതത്തെ കുറിച്ചുള്ള ചിന്ത മനസിൽ തീക്കനലുകൾ വിതറി. തിരിഞ്ഞുനോക്കുമ്പോൾ അഭിമാനിക്കാൻ ഏറെ വകയില്ല. തന്നിലുള്ള പ്രതിഭയെ ധൂർത്തടിക്കുകയായിരുന്നു. രാഷ്ട്രീയത്തിനും സിനിമയ്ക്കും വേണ്ടി താൻ കാറ്റുപോലെ അലഞ്ഞു നടക്കുകയായിരുന്നു. വിധിയിൽ ദുഃഖിച്ചുകഴിയാതെ അദ്ദേഹം കാവ്യസപര്യയിൽ മുഴുകി. നാലപ്പാടിന്റെ കവിതയിലെ വരികൾ ഓർത്തു. ഈശ്വരൻ ആരേയും കണ്ണീരിൽ മുക്കിക്കൊല്ലുന്നില്ല. കൂടുതൽ മേന്മയേറിയ ഒരുനാളേക്കുവേണ്ടി ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ചങ്ങമ്പുഴ പാടിയ പോലെ ലഹരി പിടിക്കുന്ന വേദനയിൽ നിന്ന് എന്തുകൊണ്ട് ഒരു മുരളീ മൃദുരവമുണ്ടായിക്കൂട. വായനയുടേയും ധ്യാനത്തിന്റേയും ലോകത്തിലേക്ക് പഴവിള അറിയാതെ തെന്നിനീങ്ങി.
ഈ തൂലികയിൽ നിന്നും പൂക്കൾ പോലെ കവിതകൾ ചിതറിവീണു. ഒരു കൊല്ലം നൂറിലധികം കവിതകളെഴുതി. ജീവിതസ്മരണയായും പുസ്തകനിരൂപണങ്ങളാലും സാഹിത്യവിമർശനമായും ധാരാളം രചനകൾ പുറത്തുവന്നു. വിധിയോട് പകരം വീട്ടുകയായിരുന്നു.ആറുവയസുമുതൽ പഴവിള കവിതയെഴുതിത്തുടങ്ങി. അക്ഷരം മുഴുവൻ അറിഞ്ഞുകൂടെങ്കിലും ആ ബാലൻ കവിത കുത്തിക്കുറിച്ചു. രണ്ടു വയസുമുതൽ ഭാഗവതവും കമ്പരാമായണവും വായിക്കുന്നതു കേട്ടു. സംഗീതത്തിന്റേതായ ഒരു ലയം മനസിൽ സ്വയം രൂപം കൊണ്ടു.അടുത്തുള്ള വായനശാലയായിരുന്നു രമേശന്റെ അഭയകേന്ദ്രം. അവിടത്തെ പുസ്തകങ്ങൾ അദമ്യമായ ആർത്തിയോടെ വായിച്ചു. മനസിലേക്ക് വെളിച്ചം കിനിഞ്ഞിറങ്ങി. ഭാവനയുടെ ലോകത്തേക്ക് മനസ് ചിറകടിച്ചുയർന്നു. വായനശാലയുടെ ആഭിമുഖ്യത്തിൽ 'അരുണപ്രഭ" എന്നൊരു കൈയെഴുത്തു മാനസിക നടത്തിയിരുന്നു. അതിൽ കവിതയും കഥയും എഴുതിക്കൊണ്ടിരുന്നു. 'മലയാളരാജ്യം"വാരികയിലാണ് ആദ്യമായി കവിത അച്ചടിച്ചു കണ്ടത്. ആദ്യമായി പ്രതിഫലം കിട്ടുന്നത് 'പ്രഭാത" ത്തിൽ നിന്നായിരുന്നു. അഞ്ചുരൂപ. ടി. എൻ. കൃഷ്ണപിള്ള ഒരു പുസ്തകശാല ആരംഭിച്ചു. അതിൽ വീട്ടുകാർ കുറേ പണം മുടക്കിയിരുന്നു.
അതുകൊണ്ട് ബുക് സ്റ്റാളിൽ നിന്നും ഏതു പുസ്തകവും എടുത്ത് വായിക്കാമായിരുന്നു. ഇംഗ്ളീഷ് പുസ്തകങ്ങൾ വായിച്ചതോടെ ആ വിദ്യാർത്ഥിയുടെ മാനസിക ചക്രവാളം വികസ്വരമായി.വൈക്കം ചന്ദ്രശേഖരൻ നായർ 'ജനയുഗ"ത്തിന്റെ പത്രാധിപരായപ്പോൾ അതിൽ കുറേ കവിതകളെഴുതി. മൂന്നുകൊല്ലം വൈക്കത്തിന്റെ കൂടെയായിരുന്നു താമസം. വൈക്കത്തിന്റെ സഹായത്തോടെ എം. ഗോവിന്ദൻ, സി.ജെ. തോമസ്, പോണിക്കര റാഫി തുടങ്ങിയ സാഹിത്യകാരന്മാരുമായി സൗഹൃദത്തിലായി.ഇരുപത്തിയഞ്ചുകൊല്ലം പഴവിള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തു. മദ്രാസിൽ കഴിയുമ്പോഴാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറുടെ ഒഴിവുണ്ടെന്ന് അറിയുന്നത്. അപേക്ഷ അയച്ചു. മുണ്ടശ്ശേരി, എൻ.വി. കൃഷ്ണവാരിയർ തുടങ്ങിയവരാണ് ഇന്റർവ്യൂ ചെയ്തത്.
ഒരു സാധാരണ ഗവൺമെന്റ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാത്രമാണ് നാളുകൾ കഴിച്ചത്.കൊല്ലത്ത് സമ്പന്നമായ പഴവിള വീട്ടിലാണ് ജനനം. സ്വന്തമായി അമ്പലങ്ങളും കളരികളും വീട്ടുകാർക്കുണ്ടായിരുന്നു. ധനശേഷിയും പ്രതാപവും വീട്ടിൽ കത്തിജ്വലിച്ചുനിന്നു. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ ഹെഡ് ക്ലാർക്കായിരുന്നു അച്ഛൻ വേലായുധൻ. രാധയാണ് ഭാര്യ. കെ. ബാലകൃഷ്ണനും വേറെ രണ്ടുപേരും ചേർന്നാണ് വിവാഹാലോചനയ്ക്ക് പോയത്. തിരിച്ചുവന്ന് ബാലകൃഷ്ണൻ ചോദിച്ചു:''ഈ നാട്ടിൻ പുറത്തുകാരിയെ നീയെങ്ങനെ കണ്ടുപിടിച്ചെടാ.""പിന്നിട്ട് ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എന്തു തോന്നുന്നു എന്ന് ഒരിക്കൽ ചോദിച്ചപ്പോൾ പഴവിള പറഞ്ഞു:''ഇതുവരെയുള്ള ജീവിതം മുഴുവൻ കൂട്ടുകാരെ സമ്പാദിക്കാനുള്ള പരക്കം പാച്ചിലായിരുന്നു. ആ ബന്ധങ്ങൾ നിലനിറുത്തുവാൻ കഴിഞ്ഞില്ല. ഒരു ഘട്ടം കഴിഞ്ഞാൽ അവർ ശത്രുക്കളായി മാറും. യുക്തിയുടേതായ ഒരു മനസുണ്ട്. എല്ലാവരും ഒത്തു തീർപ്പിന് തയ്യാറാകും. ഞാൻ അതിന് തയ്യാറല്ല. അതുകൊണ്ട് ഞാൻ ഒറ്റപ്പെട്ടവനായി.""
(ലേഖകന്റെ നമ്പർ : 9544600969)