ഒന്നും ചെയ്യാനാകാതെ നിൽക്കേണ്ടി വരുന്ന അവസ്ഥ. നിസ്സഹായതയോടെ നിശബ്ദമായി സഹിച്ചു നിൽക്കുക എന്നത് എത്ര സങ്കടകരമാണ് - പ്രൊഫസർ രജനി സഹപ്രവർത്തകരോടു ചോദിച്ചു. വിശാലവീക്ഷണവും ചിന്തയുമുള്ള പ്രൊഫസർ മണികണ്ഠൻ ആ ചോദ്യത്തിന് പിന്നിലെ മാനസികാവസ്ഥയെക്കുറിച്ച് തിരക്കി. എല്ലായിടത്തും കാണുന്ന കുടുംബ പ്രശ്നങ്ങൾ ഒളിച്ചുവച്ചിട്ടെന്തു കാര്യം. രോഗങ്ങൾ എത്ര നാൾ ഒളിച്ചു വയ്ക്കാൻ. ഒരു മറുമരുന്ന് ആരെങ്കിലും നിർദേശിച്ചാലോ?
രജനിക്ക് ഒരു സഹോദരിയുണ്ട്, പേരെടുത്ത ഒരു നിയമജ്ഞ. വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട കൗൺസലർ, വിദ്യാലയങ്ങളിലെ പല രഹസ്യങ്ങളും പീഡനങ്ങളും അവർ പുറത്തുകൊണ്ടുവന്നു. ഈയിടെയായി ആ ജോലി ഉപേക്ഷിക്കാൻ പോകുകയാണെന്ന് പലരോടും പറഞ്ഞു. ജോലിയോട് നീതി പുലർത്താനാകുന്നില്ല. വിദ്യാലയങ്ങളിലെ പ്രശ്നങ്ങൾ പുറത്തുകൊണ്ടു വരാനും പരിഹരിക്കാനും കഴിയുന്നു. പക്ഷേ സ്വന്തം വീട്ടിലെ കാര്യങ്ങൾക്ക് മുന്നിൽ തോറ്റു പോകുന്നു. അതും ദയനീയമായി. കുറ്റബോധം കൊണ്ട് മറ്റുള്ളവരുടെ മുഖത്തു നോക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രൊഫസർ രജനിയോടും ഗദ്ഗദത്തോടെ പറഞ്ഞു.
കുടുംബ വീടിരിക്കുന്ന ഇരുപത് സെന്റ് സ്ഥലവും സാമാന്യം ഭേദപ്പെട്ട വീടുമാണ് ഇളയമകൾക്ക് പിതാവ് സ്ത്രീധനമായി നൽകിയത്. അനുജത്തിയുടെ ഭർത്താവ് സമത്വം പുലർന്നു കാണാനാഗ്രഹിക്കുന്ന ഒരു രാഷ്ട്രീയകക്ഷിയുടെ പ്രാദേശിക നേതാവ്. നല്ല പ്രാസംഗികൻ. കൗൺസലറായ ഭാര്യയെ കുത്തുവാക്കുകൾ പറഞ്ഞ് നോവിക്കുന്നത് ഒരു ഹോബിയാണ്. ഭാര്യ അതിനെ എതിർക്കുകയോ വിമർശിക്കുകയോ ചെയ്താൽ കുടുംബത്തിൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചുപോയവരെയും അടച്ചാക്ഷേപിക്കും. വാക്കുകൾ കൊണ്ടുള്ള ക്രൂരമായ റാഗിംഗ്. അനുജത്തി ഇടയ്ക്കിടെ സൂചിപ്പിക്കുന്നതിനാൽ രജനിക്ക് സംഭവവികാസങ്ങളുടെ വ്യാപ്തി ഊഹിക്കാൻ കഴിഞ്ഞു. പക്ഷേ, ഒന്നും ചെയ്യാൻ വയ്യ, പറയാൻ വയ്യ. നിങ്ങളിതിൽ എന്തിനിടപെടുന്നു. ഇത് ഞങ്ങളുടെ വീട്ടുകാര്യം എന്ന് സഹോദരീഭർത്താവ് പറഞ്ഞാൽ നാണം കെട്ടുപോകും. സുഗമമായ ബന്ധത്തിന് പോറലേൽക്കുകയും ചെയ്യും.
കുടുംബ വീടിന്റെ പഴയമൂന്നുമുറികൾ നിലനിറുത്തിയിട്ടുണ്ട്. അവിടെയാണ് അച്ഛനും അമ്മയും. പുതിയൊരു വീട് അനുജത്തി വച്ചു. അവിടേക്ക് അച്ഛനുമമ്മയ്ക്കും പ്രവേശനമില്ല. പഴയഭാഗത്ത് താമസിച്ചുകൊള്ളണം. ആഹാരം ഭാര്യ കൊടുക്കുന്നതിനും രാഷ്ട്രീയ നേതാവിന്റെ നിയന്ത്രണങ്ങളുണ്ട്. ഇപ്പോൾ നിത്യേന പുതിയ വീട്ടിൽ നിന്നുകൊണ്ട് ഭാര്യാപിതാവിനെയും മാതാവിനെയും അപഹസിക്കും. അസഭ്യങ്ങൾ പറയും. അയൽവാസികൾ ഊറി ചിരിക്കും. നാട്ടുകാരെ ബോധവത്കരിക്കാൻ നടക്കുന്നവരുടെ വീട്ടിലെ സ്ഥിതിയെപ്പറ്റി പഴിക്കും. ജോലി രാജി വച്ചാൽ ആ പഴിയെങ്കിലും ഒഴിവാകുമല്ലോ. എല്ലാം കേട്ടിട്ട് പ്രൊഫസർ രജനി ആശ്വസിപ്പിച്ചു, സാരമില്ല. മാതാപിതാക്കളെ ഞാൻ കൊണ്ടു പോകാം, ജോലി രാജിവയ്ക്കേണ്ട. രജനിയുടെ വാക്കുകൾ കേട്ട് അനുജത്തി മനസ് നിറഞ്ഞ് പുഞ്ചിരിച്ചു. ഒരുപാട് കാലത്തിന് ശേഷം പാഴ്ക്കൊമ്പിൽ വിരിയുന്ന പൂ പോലെ.
(ഫോൺ : 9946108220)