വേദനയില്ലാതെ മയക്കത്തിൽ നിന്നും ഒരാളെ ജീവിതത്തിലേക്ക് ഉണർത്തുകയാണ് അനസ്തേഷ്യയിലൂടെ. ഇവിടെ രോഗിയാണ് പ്രധാന വ്യക്തി. ആദ്യം അയാളുടെ വേദന ഇല്ലാതാക്കണം. എത്ര നീണ്ട ശസ്ത്രക്രിയ ആയാലും അതുകഴിഞ്ഞ് രോഗി മയക്കം വിട്ട് ഉണർന്ന ശേഷമേ ഡോ. ബി. ഗോപാലകൃഷ്ണൻ ആഹാരം കഴിക്കാറുള്ളൂ. അതുവരേക്കും രോഗിയുടെ അവയവങ്ങളെയെല്ലാം ചിട്ടതെറ്റാതെ പ്രവർത്തനനിരതമാക്കി ജാഗ്രതയോടെ എല്ലാം നിരീക്ഷിച്ച് രോഗിക്കരികിൽ തന്നെയുണ്ടാകും, ദൈവനിയോഗം പോലെ.
അനസ്തേഷ്യയെ സമർപ്പണമായി കണ്ട് അതിൽ ആത്മാർപ്പണം ചെയ്തു മുന്നോട്ട് പോവുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് അനസ്ത്യേഷ്യ വിദഗ്ദ്ധനായ ഡോ. ഗോപാലകൃഷ്ണൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മിക്ക ദിവസങ്ങളിലും സർജറിക്ക് തിരക്കുണ്ടാകും. സർജറി തുടങ്ങിയാൽ അത് തീരും വരെ ആഹാരം കഴിക്കാൻ പോകുന്നതിന് ഡോ. ഗോപാലകൃഷ്ണനെ മനസ് അനുവദിക്കാറില്ല. കാരണം, ഒാപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിക്കുന്ന ഒാരോ രോഗിയും പ്രധാനപ്പെട്ടവരാണ്. ഒരുപക്ഷേ, ആഹാരം കഴിക്കുന്നതിനിടെ രോഗി പെട്ടെന്ന് ഗുരുതരാവസ്ഥയിൽ എത്തിയാലോ എന്ന ആശങ്ക മനസിലുണ്ട്. അതുകൊണ്ടാണ് ശസ്ത്രക്രിയ കഴിയുന്നതുവരെ അടുത്തുണ്ടാകുന്നത്. മറ്റു ഡോക്ടർമാർ പലപ്പോഴും ഇക്കാര്യത്തിൽ സ്നേഹപൂർവം വഴക്കുപറയാറുണ്ട്. എന്നാൽ അതൊന്നും അത്ര കാര്യമാക്കാറില്ല.
1992,ൽ 49-ാം വയസിൽ ഡോ. ഗോപാലകൃഷ്ണന് കുടൽസംബന്ധമായ രോഗം പിടിപെട്ടു. ഗുരുതരമായി മേജർ ശസ്ത്രക്രിയ വേണ്ടിവന്നു. സർജറിക്കിടെ സ്ഥിതി അതീവഗുരുതരമായി ഹാർട്ട് നിന്നുപോകുന്ന അവസ്ഥ (കാർഡിയാക് അറസ്റ്റ്) ഉണ്ടായി. തുടർന്ന് പതിനാറുദിവസം ഡോ. ഗോപാലകൃഷ്ണൻ അബോധാവസ്ഥയിലായി. ശരീരം മരണതുല്യ നിശ്ചലാവസ്ഥയിലെത്തി. ഡോക്ടർമാർ എത്ര പരിശ്രമിച്ചിട്ടും അബോധ, നിശ്ചലാവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. അദ്ദേഹം മരണത്തോടടുത്തെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിലെ അന്നത്തെ ചികിത്സാരേഖയിൽ ഇതിലെ സ്ഥിതിവിവരം ബോദ്ധ്യമാകും. അതിനിടെ, ഡോ. ഗോപാലകൃഷ്ണന്റെ ശരീരത്തിൽ നിന്ന് ആത്മാവ് (സൂക്ഷ്മ ശരീരം) വേർപെട്ട് അതിവേഗത്തിൽ മുകളിലേക്ക് പോയി. നീന്തിപോകുന്നതു പോലെയുള്ള അനുഭവം. കുറെ അകലെ എത്തിയശേഷം ഒന്നുതിരിഞ്ഞുനോക്കുമ്പോൾ അങ്ങ് താഴെ ആശുപത്രിയിലുള്ള തന്റെ ശരീരത്തിന് അടുത്തായി ഡോക്ടർമാർ നിൽക്കുകയാണ്. അവർ എക്സറേയും മറ്റു രേഖകളും പരിശോധിക്കുന്നു. ഭാര്യ സുലോചന അവിടെനിന്ന് ഉറക്കെ കരയുന്നത് കാണാം. പിന്നെ മിന്നൽവേഗത്തിൽ ആത്മാവ് പാഞ്ഞുപോയി. കാഴ്ചയിൽ യഥാർത്ഥ ശരീരമെന്നേ പറയൂ. വലിപ്പത്തിനോ രൂപത്തിലോ ഒരു വ്യത്യാസവുമില്ല. ഭാരം ഒട്ടുമേയില്ല. എന്നാൽ ശരീരത്തിന് മൊത്തത്തിൽ പ്രത്യേക തിളക്കമുണ്ട്. ഇടയ്ക്ക് വലിയ വ്യാസമുള്ള കുഴലിനകത്ത് കൂടെയുള്ള യാത്രയിൽ നിറയെ ഒാങ്കാര ധ്വനി മുഴങ്ങി കേൾക്കാം. സമീപത്തുകൂടെ തിളക്കമുള്ള ശരീരങ്ങൾ (ആത്മാക്കൾ) കാറ്റിലൂടെ പറന്നുപോകുന്നത് കാണാം.
ഏറെ ദൂരം പിന്നിട്ട് മഞ്ഞുമൂടിയ മലനിരകൾക്ക് മുകളിലൂടെ അതിവേഗത്തിൽ സഞ്ചരിച്ച് വലിയ ഒരു വൃക്ഷചുവട്ടിലെത്തി. അവിടം കഴിഞ്ഞ് മാനസസരോവർ പോലെ മഞ്ഞ് ഒഴുകുന്ന നദിക്ക് അക്കരെ എത്തി. കുറച്ച് അകലെയായി ഭീമാകൃതി പൂണ്ട ഒരാൾ നിൽക്കുന്നതായി കണ്ടു. എന്നാൽ അതിനടുത്ത് എത്തിയപ്പോഴേക്കും കണ്ടത് നന്ദികേശൻ (ശിവവാഹനം) കിടക്കുന്നതായാണ്. നന്ദിയെ തൊട്ടശേഷം അല്പംമുന്നോട്ട് പോയതും കണ്ടത് ഒരു അഗ്നിരൂപം (സ്വർണവർണ്ണം) പത്മാസനത്തിൽ സ്തൂപം പോലെ ജ്വലിക്കുകയാണ്. അതിൽനിന്നും കണ്ണ് മങ്ങിപോകുംവിധം പ്രകാശരശ്മി പ്രസരിക്കുന്നു. ആ ചൈതന്യത്തിനടുത്ത് എത്തിനിന്നു. ആ നിമിഷം അവിടുന്ന് ഗോപാലകൃഷ്ണന്റെ കൈ തട്ടിമാറ്റിയിട്ട് (കൈസ്പർശിക്കുന്നതായി അനുഭവപ്പെട്ടു) 'സമയമായില്ല ഇനിയും ആയിരങ്ങളുണ്ട്. അവരെ നോക്കിക്കോ" എന്ന് പറഞ്ഞ് എടുത്തെറിയുംപോലെ ആദ്യത്തെക്കാൾ വേഗത്തിൽ മടക്കയാത്ര തുടങ്ങി. ആരോ കൂടെ അനുഗമിക്കുന്നതായി തോന്നി. വീണ്ടും ഏറെ ദൂരം സഞ്ചരിച്ച് വന്ന് വലിയ ഗേറ്റ് കടന്ന്, വലിയ മന്ദിരം, മുന്നിൽ നന്ദികേശന്റെ രൂപം (ബിംബം) അതിൽ തൊട്ടശേഷം അകത്തേക്ക് നോക്കുമ്പോൾ തലയ്ക്കുചുറ്റും പ്രഭാവലയമുള്ള ഒരാൾ ഇരുന്ന് കൈ ഉയർത്തി ഇങ്ങോട്ടുനോക്കി അനുഗ്രഹിക്കുന്നതായി കണ്ടു. അകലെ കണ്ട നദിയും കടന്ന് കുറേദൂരം ബാഹ്യപ്രപഞ്ചത്തിലൂടെ സഞ്ചരിച്ച് ശബ്ദമുള്ള ലോകത്ത് പ്രവേശിച്ചു. ഒരു കട്ടിലിൽ കിടക്കുന്നതായി അപ്പോൾ അറിഞ്ഞു. മനസ് ഉണർന്നു. കണ്ണുതുറന്ന് നോക്കി. അപ്പോൾ അരികിലായി ഭാര്യ ഇരുന്ന് കരയുകയാണ്. എന്തിനാണ് കരയുന്നത് എന്ന് ചോദിച്ചയുടൻ എല്ലാവരുടെയും മുഖത്ത് സന്തോഷം പ്രകടമായി. ശരീരത്തിനാകെ പ്രത്യേക ഉണർവ് വന്നപോലെയായി. എല്ലാവരിലും ആശ്വാസം. പിന്നീട് രോഗം പെട്ടെന്ന് ഭേദമായി. വീണ്ടും കർമ്മനിരതനായി.
ഇടയ്ക്ക് അത്രയൊന്നും തിരക്കില്ലാത്ത ഒരു ദിവസം വീട്ടിൽ ഉച്ചഭക്ഷണത്തിനെത്തി. ആഹാരം കഴിക്കാനിരുന്നതും ഫോൺ വന്നു. ഉടൻ എത്തണം. സിസേറിയനാണ്. രോഗിക്ക് ഗുരുതരാവസ്ഥ. ഡോ. ഗോപാലകൃഷ്ണൻ ഉടൻ ഒാപ്പറേഷൻ തിയേറ്ററിലെത്തി. നിമിഷവ്യത്യാസത്തിൽ ഗർഭസ്ഥ ശിശുവിന്റെ ജീവൻ രക്ഷിച്ചുനൽകി. എന്നിട്ട് പുറത്തേക്ക് വരവേ, വാതിൽക്കൽ നിന്ന് ഒരാൾ ഒരു അലൂമിനിയം തൂക്കുപാത്രത്തിൽ ഒരു ഗ്ളാസ് പാലും ബ്രഡും ഡോക്ടർക്ക് നേരെ ഉയർത്തികാട്ടി അയാൾ പറയുകയാണ്. ഡോക്ടർ ഇത് കഴിക്കണം, പതിനഞ്ചുവർഷമായി ഒരു കുഞ്ഞിനായി ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് ഇപ്പോൾ കുഞ്ഞിനെ രക്ഷിച്ചുതന്നു. ഡോക്ടർക്ക് നല്ല വിശപ്പുണ്ട്. ഞങ്ങൾക്ക് ഇതേ തരാനുള്ളൂ. ഇതുകഴിക്കണം. ഡോ. ഗോപാലകൃഷ്ണൻ അയാളുടെ കൈയിൽനിന്ന് പാലും ബ്രഡും വാങ്ങി കഴിച്ചു. എന്നിട്ട് ഉടൻ ഒാപ്പറേഷൻ തിയേറ്ററിന് അകത്തേക്ക് പോയി. അടുത്ത രോഗിക്ക് രക്ഷയേകാൻ.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നും വിരമിച്ച ഡോ . ഗോപാലകൃഷ്ണൻ, പിറ്റേദിവസം തന്നെ ആർ.സി.സിയിലെ അനസ്തേഷ്യ വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തു. എന്നാൽ മൂന്നു വർഷം കഴിഞ്ഞ് വീണ്ടും മെഡിക്കൽ കോളേജിൽ രോഗികൾക്ക് ആശ്വാസവുമായി മടങ്ങിയെത്തി. ശ്രീസത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് പുട്ടപർത്തിയിൽ വച്ച് 2002 മേയ് 28ന് നടത്തിയ അന്താരാഷ്ട്ര ഹൃദയ ശസ്ത്രക്രിയാവിദഗ്ധരുടെ സമ്മേളനത്തിലേക്ക് ഡോ. ഗോപാലകൃഷ്ണനെയും ക്ഷണിച്ചു. മെഡിക്കൽ കോളേജിലെ കുറെ ഡോക്ടർമാരും കൂട്ടുണ്ടായിരുന്നു. ആദ്യമായാണ് ഡോ. ഗോപാലകൃഷ്ണൻ പുട്ടപർത്തിയിൽ പോകുന്നത്. യാത്രയ്ക്കിടെയാണ് ഓർമ്മകൾ മനസിലേക്ക് ഓടി വന്നത്. കാണുന്നതെല്ലാം പണ്ടെന്നോ മനസിൽ പതിഞ്ഞ ചിത്രങ്ങൾ. മെഡിക്കൽ കോളേജിൽ (1992 ൽ) മരണതുല്യ അവസ്ഥയിലെത്തി ആത്മാവ് (സൂക്ഷശരീരം) സഞ്ചരിച്ച വഴികൾ അന്നുകണ്ട ചിത്രാവതി നദി, ഗണേഷ് ഗേറ്റ്, വലിയവൃക്ഷം, വെളുത്ത പൂക്കളുള്ള കുറ്റിച്ചെടികൾ, നന്ദീവാഹന പ്രതിഷ്ഠ, ആശ്രമം എല്ലാം ഡോ. ഗോപാലകൃഷ്ണന്റെ കൺമുമ്പിൽ!
എല്ലാവരും കാണാനായി ആദരവോടെ കാത്തിരുന്ന ശ്രീ സത്യസായിബാബ സമ്മേളന വേദിയിലേക്ക് വരികയാണ്. കൺമുന്നിൽ കണ്ട സത്യസായി ബാബയുടെ തലയ്ക്കുചുറ്റും ഒരു ദിവ്യപ്രകാശം. തൊട്ടടുത്തിരുന്ന സുഹൃത്തായ ഹൈക്കോടതി ജഡ്ജിയോട് ഇക്കാര്യം പറഞ്ഞെങ്കിലും ഒന്നും കാണുന്നില്ലെന്നായിരുന്നു മറുപടി. അവിടെ കൂടിയവർ ആരും കാണാത്ത ആ പ്രകാശധാര ഇന്നും വലിയ അത്ഭുതമാണ് ഡോക്ടർക്ക്. കുറച്ചുസമയം കഴിഞ്ഞ് ബാബ വേദിയിൽ നിന്നിറങ്ങി. എല്ലാവരും ഇരിക്കുന്നതിന്റെ പുറകിലേക്ക് പോകുന്നതായി കണ്ടു. ഇൗ സമയം മുമ്പിൽനിന്ന ഒരാൾ എന്നെ നോക്കി കൈചൂണ്ടി ആംഗ്യം കാണിച്ചു. അല്പം പുറകിലോട്ട് നീങ്ങാനാണെന്നു കരുതി. നീങ്ങി ഇരുന്നത് ശ്രീസത്യസായി ബാബയുടെ പാദത്തിലായിരുന്നു. ബാബ പുറകിൽ നിൽക്കുന്നതായി അറിഞ്ഞില്ല. ഉടൻ ചാടി എഴുന്നേറ്റ് ആ കാൽ തൊട്ടു നമസ്കരിച്ചു. 'ഗോപാലകൃഷ്ണൻ ഇതിനുമുമ്പ് നമ്മൾ തമ്മിൽ കണ്ടത് ഒാർമ്മയുണ്ടോ" എന്നു ചോദിച്ച നിമിഷം തന്നെ കൈവെള്ളയിൽ കിട്ടിയത് ഒരു ചെറിയ ബോക്സായിരുന്നു. കവർ തുറന്നുനോക്കിയപ്പോൾ കണ്ടത് ഒരു റിസ്റ്റ് വാച്ച്. വീട്ടിൽ നിന്ന് യാത്ര പുറപ്പെടാൻ നേരം ഡോ. ഗോപാലകൃഷ്ണന്റെ ഭാര്യ പറഞ്ഞത് ഒന്നുമാത്രം, ഇനിയെങ്കിലും ഒരു വാച്ച് വാങ്ങണം. ഇൗ യാത്രയിലെങ്കിലും അത് വാങ്ങികെട്ടണം. അതും വല്ലാത്തൊരു അനുഭവമായിരുന്നു. പതിനേഴുവർഷങ്ങൾക്ക് മുമ്പ് ബാബ നൽകിയ ആ റിസ്റ്റ് വാച്ച് ഇന്നും കൃത്യതയോടെ അദ്ദേഹത്തിന്റെ കയ്യിലുണ്ട്.
ശസ്ത്രക്രിയ നടത്താനോ ആഹാരത്തിനോ ഗതിയില്ലാതെ ചില രോഗികൾ പറയാറുണ്ട്. 'ഡോക്ടറേ ജീവൻ രക്ഷിച്ചു തന്നാൽ കുടുംബം കഷ്ടത്തിലാകില്ല" ജീവന്റെ വിലയറിയുന്ന നിമിഷങ്ങളാണ് ആ വാക്കുകൾ. പലരുടെയും അതിദയനീയ അവസ്ഥ കണ്ട് കൂടെയുള്ള ഡോക്ടർമാരെ സഹകരിപ്പിച്ച് ശസ്ത്രക്രിയ നടത്തി മരുന്നിനും ആഹാരത്തിനും വേണ്ടുന്നത് കഴിയുംവിധം ചെയ്തു കൊടുക്കാറുണ്ട്. പിന്നീടവർ നന്നായി ജീവിക്കുന്നുണ്ട് എന്നറിയുമ്പോൾ മനസിൽ നിറയുന്ന സംതൃപ്തി മറ്റെവിടെ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. സ്വാർത്ഥത മനസിൽ തൊടാതെ രോഗികളോടുള്ള ആത്മാർത്ഥത എന്ന സമ്പാദ്യം മാത്രമാണ് ഒരു പുനർജന്മ സാഫല്യമായി ഇന്നും ഇൗ ഡോക്ടറെ മുന്നോട്ട് നയിക്കുന്നത്.
(ലേഖകന്റെ ഫോൺ നമ്പർ: 9656773969)