വാരാന്ത്യകൗമുദിയിലെ ജനപ്രിയപംക്തിയാണ് മയിൽപ്പീലി. അനുഭവങ്ങളുടെ തീജ്വാലയിൽ കാച്ചിക്കുറുക്കിയെടുത്ത മഞ്ചുവെള്ളായണിയുടെ എൺപത് പീലിത്തുണ്ടുകളുടെ സമാഹാരമാണ് മയിൽപ്പീലി വർണങ്ങൾ. വ്യത്യസ്ത വികാരങ്ങളുടെ മയൂരനൃത്തമാണ് ഈ കൃതി കാഴ്ച വയ്ക്കുന്നത്. മലയാള സാഹിത്യത്തിൽ അനുഭവക്കുറിപ്പ് എന്ന സാഹിത്യശാഖ അത്രത്തോളം വികസിച്ചിട്ടില്ലായെങ്കിലും നിരവധി സാഹിത്യകാരൻമാരുടെയും ഭിഷഗ്വരൻമാരുടെയും രാഷ്ട്രീയ വ്യക്തിത്വങ്ങളുടെയുമെല്ലാം അനുഭവക്കുറിപ്പുകൾ നമുക്ക് സുപചരിതമാണ്. തങ്ങളുടെ ഉള്ളാഴങ്ങളെ തൊട്ടറിഞ്ഞ സന്ദർഭങ്ങളെ മറ്റുള്ളവരിലേക്ക് പകർന്നു നൽകുവാനുള്ള ത്വരയാണ് ഇത്തരം അനുഭവക്കുറിപ്പുകളുടെ ലക്ഷ്യം. എന്നാൽ അനുഭവക്കുറിപ്പുകൾ വായനക്കാരിലേക്ക ് ആഴ്ന്നിറങ്ങുന്നത് സന്ദർഭങ്ങളുടെ തീവ്രതയും എഴുത്തിലെ വൈകാരികതയും കൊണ്ടാണ്. പറഞ്ഞറിയിക്കാൻ കഴിയാത്ത തരത്തിലുള്ള വൈകാരികത സമ്മാനിക്കാൻ മഞ്ചു വെള്ളായണിക്ക് 'മയിൽപ്പീലി വർണ" ങ്ങളിലൂടെ കഴിയുന്നു. അനുഭവങ്ങളുടെ അമൂല്യ സമ്പത്ത്, നിരീക്ഷണ പ്രാഗത്ഭ്യം, ഭാഷാഘടന എന്നിവ കൊണ്ട് 'മയിൽപ്പീലിവർണങ്ങൾ" എന്ന കൃതി ഒരു നക്ഷത്രമായി വായനക്കാരനെ നോക്കി കൺചിമ്മുന്നു.
സാമൂഹ്യപ്രതിബദ്ധതയുള്ള വീക്ഷണം കാത്തുകൊണ്ട് നിസാരസംഭവങ്ങളെ ഏറെ ശ്രദ്ധയോടെ നിരീക്ഷിച്ച് തന്റേതായ അനുഭവങ്ങളാക്കി ഭാഷയുടെ കരുത്തിലാവഹിച്ച് സാഹിത്യലോകത്തിന് സമ്മാനിച്ച തൂലിക ഏറെ അഭിനന്ദനീയം. പ്രശസ്ത കഥാകൃത്ത് ബി. മുരളിയാണ് അവതാരിക. ഇതിനുള്ളിൽ വായനക്കാരന് നൽകുന്ന പരോക്ഷമായ സന്ദേശങ്ങൾ, സാരോപദേശങ്ങൾ, മാനവികതയുടെ കരൾക്കാമ്പുകൾ, പ്രകൃതിസ്നേഹം, കുടുംബബന്ധങ്ങളുടെ ശിഥിലതയും ശക്തിയും വ്യക്തിത്വപിന്നാമ്പുറ വിശേഷങ്ങൾ, ചടങ്ങുകളിലെ സാന്ദർഭികതത്വദർശനങ്ങൾ, സരസാവിഷ്കാരങ്ങൾ, പഴഞ്ചൊല്ലുകളുടെ സ്വാധീനം, വിധിയെന്ന വിശ്വാസവെല്ലുവിളികൾ, ബന്ധങ്ങളുടെ കാഴ്ചപ്പാടകലങ്ങൾ, ഒറ്റയ്ക്കുമാകാമെന്ന സ്നേഹവിപ്ളവമെന്ന നവീന ആശയം, യാത്രാനുഭവങ്ങൾ, പ്രശ്നങ്ങളോടുള്ള സമീപനം, മാതൃസ്നേഹം, മനുഷ്യാവകാശബോദ്ധ്യങ്ങൾ, മനസെന്ന മാന്ത്രികശക്തിയെ അടുത്തറിയൽ, ദുർബലതകളിൽ കണ്ടെത്തുന്ന ശക്തി സ്രോതസുകൾ എന്നിവയെല്ലാം ഇതിൽ കാണാം.
ഈ കൃതിയുടെ മറ്റൊരു പ്രത്യേകത ഭാഷയുടെ ലാളിത്യമാണ്. വായനക്കാരന് ഹൃദയസ്പർശിയും എന്നാൽ ഒട്ടുമിക്ക വായനക്കാർക്കും ഉണ്ടായിരിക്കുന്ന വ്യക്തി, സാമൂഹ്യ, വൈകാരിക, കുറവുകൾ അവരെ വേദനിപ്പിക്കാതെ തന്നെ ഓർമ്മിപ്പിക്കുകയും വീണ്ടുവിചാരത്തിനും തിരുത്തലുകൾക്കും ഇടനൽകുന്നുവെന്നതും മറ്റൊരു സവിശേഷത. ജീവിതം പഠിപ്പിക്കാൻ സഹായിക്കുന്ന ഈ കൃതി ഒരു പാഠപുസ്തകത്തിന്റെ ഗുണം ചെയ്യുന്നു. വായനക്കാരന്റെ മനസിൽ മയൂരനൃത്തമാടുന്ന ആശയങ്ങളും ഭാഷയുമാണ് ഈ കൃതിയെ വേറിട്ടതാക്കുന്നത്.
സൈകതം ബുക്സ്, ₹160 രൂപ