കാലങ്ങൾക്ക് മുമ്പേ മലയാളികൾ മനസിൽ പതിപ്പിച്ച പേരാണ് നടി പൂർണിമയുടേത്. അഭിനേത്രിയായും അവതാരകയായും കോസ്റ്റ്യൂം ഡിസൈനറായുമൊക്കെ കൈവയ്ക്കുന്ന മേഖലകളിലൊക്കെ പൂർണിമ സ്വന്തം പേര് അടയാളപ്പെടുത്തിയിരുന്നു. അഭിനയിക്കാതിരുന്ന പതിനേഴുവർഷങ്ങളിലും ആരും ആ പേര് മറന്നിരുന്നില്ല. 'വൈറസ്" തിയേറ്ററുകളെ സ്വന്തമാക്കുമ്പോൾ ചർച്ച ചെയ്യപ്പെടുന്നത് പൂർണിമയുടെ രണ്ടാം വരവ് കൂടിയാണ്. തിരിച്ചു വരവിൽ മാറിയ മലയാള സിനിമ, ഇടവേള, പുതിയ സിനിമ... പൂർണിമാ ഇന്ദ്രജിത്ത് സംസാരിക്കുന്നു.
എനിക്കുള്ള അംഗീകാരം
തിരിച്ചുവരവിലും പ്രേക്ഷകരിൽ നിന്ന് കിട്ടുന്ന സ്നേഹം വലിയൊരു ഊർജം തന്നെയാണ്. ഇടവേള കഴിഞ്ഞ് മടങ്ങിയെത്തി എന്നതിനേക്കാൾ നല്ലൊരു കഥാപാത്രം ചെയ്യാനായി എന്നതിലാണ് ഞാൻ കൂടുതൽ സന്തോഷിക്കുന്നത്. സമൂഹത്തിൽ എടുത്തുപറയേണ്ട, നമുക്കിടയിൽ തന്നെ ജീവിക്കുന്ന ഒരുപാട് വ്യക്തികളുണ്ട്. അവരെ സമൂഹം ആദരിക്കുമ്പോൾ അതിന്റെ ഭാഗമാകാൻ കഴിയുക എന്നത് തന്നെ എത്രയോ വലിയ കാര്യമാണ്. പൂർണിമ എന്ന വ്യക്തിയേക്കാൾ പ്രേക്ഷകർ നെഞ്ചിലേറ്റിയത് സ്മൃതി ഭാസ്കർ എന്ന കഥാപാത്രത്തെയാണ്.
നിപാ ബാധിതസമയത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച നാലു മെഡിക്കൽ ഉദ്യോഗസ്ഥരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രൂപപ്പെടുത്തിയ കഥാപാത്രമാണ് സ്മൃതി ഭാസ്കറിന്റേത്. ചിത്രത്തിൽ ഞാനെത്തുന്നത് ഹെൽത്ത് സർവീസ് ഡയറക്ടർ ആയാണ്. യഥാർത്ഥ ജീവിതത്തിലെ നായകന്മാരെയാണ് വൈറസ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. നിപ ബാധിച്ച സമയത്ത് ഇവരോരുത്തരും എന്തൊക്കെ ചെയ്തുവെന്ന് കൃത്യമായി മനസിലാക്കിയിരുന്നു. അത് സ്മൃതി ഭാസ്കറിനെ അവതരിപ്പിക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നെ ആ സിനിമയുടെ മൂല്യം എല്ലാവർക്കും അറിയാവുന്നതാണ്. പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തൽ വേണ്ട. ഈ സിനിമയെയും കഥാപാത്രത്തെയും ഞാനൊരു അംഗീകാരമായിട്ടാണ് കാണുന്നത്. ആഷിഖ് എന്നെ വ്യക്തിയെ നന്നായറിയാം. ആഷിഖ് എന്ന സംവിധായകനെയും ഇഷ്ടമാണ്. ഇങ്ങനെയൊരു കഥാപാത്രമുണ്ടെന്ന് പറഞ്ഞപ്പോൾ അതുവേണ്ടെന്ന് വയ്ക്കാൻ കഴിയുമായിരുന്നില്ല. തിരിച്ചുവരവിൽ സമകാലിക പ്രസക്തിയുള്ള, അതിജീവനത്തിന്റെ കഥ പറഞ്ഞ ഒരു സിനിമയുടെ ഭാഗമാക്കുക എന്നത് വ്യക്തി എന്ന നിലയിലും ആക്ടർ എന്ന നിലയിലും വലിയൊരു ഭാഗ്യമായിരുന്നു.
ഇതാണ് ആ സമയം
പതിനേഴ് വർഷങ്ങൾ വലിയൊരു ഇടവേളയാണെന്ന് ഞാൻ മനസിലാക്കിയത് സത്യത്തിൽ വീണ്ടും കാമറയ്ക്ക് മുന്നിലെത്തിയപ്പോഴാണ്. വീട്ടിലെല്ലാവരും സിനിമയിൽ തന്നെയാണ്. ഞങ്ങളുടെ ബ്രെഡ് ആൻഡ് ബട്ടർ സിനിമയാണ്. അതുകൊണ്ട് സിനിമയുടെ എല്ലാം അറിയുന്നുണ്ടായിരുന്നു. പക്ഷേ തിരിച്ചുവന്നപ്പോഴാണ് സിനിമ ഇത്രയേറെ മാറിപ്പോയെന്ന് മനസിലായത്, സിനിമ മാത്രമല്ല, നമ്മളെല്ലാവരും മാറി. അത് പ്രകടമായ മാറ്റം തന്നെയാണ്. ഞാനും പ്രേക്ഷകനെ പോലെ കൗതുകത്തോടെയാണ് അതിനെ കാണുന്നത്. മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് നമ്മൾ പൊയ്ക്കൊണ്ടിരിക്കുന്നത്. കാമറയ്ക്ക് മുന്നിലും പിന്നിലുമെല്ലാം ശക്തമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അത് വീണ്ടും അനുഭവിക്കുമ്പോഴാണ് ആ മാറ്റം കൃത്യമായി മനസിലാവുക. ആകെ ഒരു വർഷമേ ഞാൻ സിനിമയിലുണ്ടായിരുന്നുള്ളൂ. പക്ഷേ മാറി നിന്നപ്പോഴും ഒരു ദിവസം തിരിച്ചുവരും എന്നെനിക്ക് ഉറപ്പായിരുന്നു. പക്ഷേ എപ്പോൾ എങ്ങനെ ഏത് റോൾ എന്നതിൽ ഒരു തീരുമാനമില്ലായിരുന്നു. ഇപ്പോഴാണതിന്റെ സമയമായത്.
നോ പറയാൻ കഴിയുമായിരുന്നില്ല
രാജീവ് രവിയുടെ 'തുറമുഖം" എന്ന ചിത്രമാണ് ആദ്യം ചെയ്യാമെന്ന് സമ്മതിച്ചത്. രാജീവ് കഥ പറഞ്ഞപ്പോൾ ആ വേഷം എനിക്ക് ചലഞ്ചിംഗായി തോന്നിയത് കൊണ്ടാണ് സമ്മതം അറിയിച്ചത്. എന്നേക്കാൾ ഏറെ ഉയരത്തിലുള്ള ഒരു കഥാപാത്രമാണ്. എന്നിട്ടും എനിക്ക് നോ പറയാൻ സാധിച്ചില്ല. ആ സമയത്തു തന്നെയായിരുന്നു ആഷിഖിന്റെ വിളി വന്നത്. എന്റെ കഥാപാത്രം ഏതാണെന്ന് ചോദിക്കുക പോലും ചെയ്യാതെ വൈറസ് ചെയ്യാമെന്ന് സമ്മതിച്ചു. ഒരുപക്ഷേ ആ സിനിമ ഒഴിവാക്കിയിരുന്നെങ്കിൽ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് അതാകുമായിരുന്നു. വേഷം എത്ര ചെറുതാണെങ്കിലും ആ സിനിമയുടെ ഭാഗമാവുക എന്നതായിരുന്നു എനിക്ക് പ്രധാനം. തുറമുഖവും അങ്ങനെ തന്നെയാണ്. ഏറെ പ്രത്യേകതകളുള്ള ഒരു സിനിമയാണതും.
തുറമുഖത്തിന്റെ ഷൂട്ട് കുറച്ച് കഴിഞ്ഞേയുണ്ടാകൂവെന്ന് ആദ്യമേ പറഞ്ഞിരുന്നതുകൊണ്ട് രണ്ടു കഥാപാത്രങ്ങളെ കുറിച്ചും പഠിക്കാൻ നല്ല സമയം കിട്ടി. വ്യക്തിപരമായി രണ്ടും എനിക്ക് ഹൃദയത്തോട് ചേർക്കാൻ ഇഷ്ടമുള്ളവയാണ്. അതുപോലെ എന്നെ കംഫർട്ടബിൾ ആക്കാൻ ആഷിഖ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തൊക്കെ പറഞ്ഞാലും ഇത്രയും വർഷത്തെ ഇടവേള സ്വാഭാവികമായിട്ടും ഒരു ഉത്കണ്ഠയുണ്ടാക്കും. അതിനെ ഇല്ലാതാക്കാൻ അവർക്ക് കഴിഞ്ഞു.
ഇന്ദ്രനുമായി ഒരു സീൻ
തിരിച്ചുവരവിൽ ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന ചോദ്യം ഇന്ദ്രജിത്തും പൂർണിമയും ഒരുമിച്ചുള്ള ചിത്രമാണല്ലോ വരുന്നത് എന്നതാണ്. ഇന്ദ്രനും ഞാനും തമ്മിൽ ഒന്നിച്ചുള്ള ഒരു സീൻ പോലുമില്ല. ഞാനേറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന നടനാണ് ഇന്ദ്രജിത്ത്. മടങ്ങി വരുമ്പോൾ സ്ക്രീൻ സ്പെയ്സ് ഷെയർ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു നടനാണ് അദ്ദേഹം. അദ്ദേഹത്തിന് സിനിമയോടുള്ള കാഴ്ചപ്പാടും ഓരോ കഥാപാത്രമാകാനെടുക്കുന്ന എഫർട്ടും എത്രത്തോളമുണ്ടെന്ന് കാലാകാലങ്ങളായി കാണുന്നൊരാളാണ് ഞാൻ. ആ എനർജി എത്രത്തോളമുണ്ടെന്നും എനിക്കറിയാം. ഒരു ആക്ടർ എന്ന നിലയിൽ അങ്ങനെയൊരു ആഗ്രഹമുണ്ട്. ഭാര്യയും ഭർത്താവും എന്ന ബന്ധം അല്ല, ആ കഥാപാത്രം ചെയ്യാൻ ഏറ്റവുമനുയോജ്യമായ അഭിനേതാക്കൾ എന്ന രീതിയിൽ കാണാനാണിഷ്ടം. പിന്നെ, ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നതിലല്ലല്ലോ പ്രസക്തി. രണ്ടു അഭിനേതാക്കൾ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നതിലല്ലേ കാര്യം. സംവിധായകൻ പറയുന്നതു പോലെ ചെയ്യുകയെന്നതാണ് അവിടെ വലുത്.
ഇനിയും സിനിമകളുണ്ടാകും
സിനിമ ചെയ്തിരുന്ന സമയത്തും ഞാൻ ഓടി നടന്ന് സിനിമ ചെയ്തിരുന്ന ആളല്ല. എനിക്ക് കുറച്ച് സമയമെടുത്തേ അഭിനയിക്കാൻ കഴിയൂ. സ്ക്രീനിൽ പെർഫോം ചെയ്യുന്ന വേഷം പ്രേക്ഷകരുടെ മനസിലുണ്ടാകണമെങ്കിൽ അത്ര നന്നായി നമ്മൾ ആ കഥാപാത്രത്തെ അവതരിപ്പിക്കണം. അതിന് അത്രത്തോളം കഠിനാദ്ധ്വാനവും വേണം. റിയലിസ്റ്റിക് സിനിമകൾ മാത്രമേ ചെയ്യൂവെന്ന് എനിക്ക് നിർബന്ധമില്ല. പ്രേക്ഷകരെ ഒരിക്കലും നമുക്ക് ജഡ്ജ് ചെയ്യാൻ പറ്റില്ല. അവർക്ക് എല്ലാത്തരം സിനിമകളെയും ഇഷ്ടമാണ്. ഒരു ആക്ടർ എന്ന നിലയിൽ ഒരു പരിധിയും പരിമിതിയും പാടില്ല എന്ന് വിശ്വസിക്കുന്ന ആള് കൂടിയാണ് ഞാൻ. കിട്ടുന്ന കഥാപാത്രം മികച്ചതാണെങ്കിൽ അത്രയും സന്തോഷം.