sarfaezi

തിരുവനന്തപുരം: മനുഷ്യത്വവിരുദ്ധവും, ഏറെ ആത്മഹത്യകൾക്ക് കാരണവുമായ സർഫാസി നിയമം നടപ്പാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ബാങ്കേഴ്സ് സമിതി. പത്ര പരസ്യത്തിലൂടെയാണ് വായ്‌പാ തവണ മുടങ്ങിയാൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാങ്കേഴ്സ് സമിതി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ആർ.ബി.ഐ മൊറട്ടോറിയം നീട്ടാത്ത സാഹചര്യത്തിലാണ് ബാങ്കേഴ്സ് സമിതി ഇങ്ങനെ ഒരു നടപടി എടുത്തത്. സർഫാസി നിയമം അനുസരിച്ചുള്ള ജപ്തി നടപടികളുമായി മുന്നോട്ട് പോകും എന്നാണ് ഈ പരസ്യത്തിലൂടെ ബാങ്കേഴ്സ് സമിതി പ്രഖ്യാപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ച ബാങ്കേഴ്സ് സമിതി യോഗം മറ്റന്നാൾ ചേരാനിരിക്കെയാണ് ഈ പരസ്യം പുറത്ത് വന്നിരിക്കുന്നത്. പ്രളയകാലത്ത് സർക്കാർ ഏർപ്പെടുത്തിയ മൊറട്ടോറിയം ഈ വർഷം ഡിസംബർ വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ റിസർവ് ബാങ്ക് ഏതാനും ദിവസം മുൻപ് ഇതിന് അനുമതി നിഷേധിച്ചിരുന്നു. ഈ വിഷയത്തിൽ കടുത്ത നടപടികൾ പാടില്ലെന്ന് ബാങ്കുകളോട് അഭ്യർത്ഥിക്കുമെന്ന് കഴിഞ്ഞ ദിവസം കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ബാങ്കേഴ്സ് സമിതി യോഗം വിളിച്ച് ചേർത്ത് സർക്കാർ ഇത്തരം ചില നീക്കങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു.

അതേസമയം, ബാങ്കുകളുടെ നടപടി ധിക്കാരപരമാണെന്നാണ് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പ്രതികരിച്ചത്. '25ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബാങ്കേഴ്സ് സമിതി യോഗം ചേരാനിരിക്കെ ഇങ്ങനെയൊരു നടപടി ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലായിരുന്നു. പ്രളയത്തിന് ശേഷം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ബാങ്കുകൾക്ക് ആവുന്നില്ലെങ്കിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇനിയൊരു സഹകരണം പ്രതീക്ഷിക്കേണ്ടതില്ല. ഈ വിഷയത്തിൽ ബാങ്കേഴ്സ് സമിതിയോട് ശക്തമായ പ്രതിഷേധം സർക്കാർ അറിയിക്കും. ഇത് വെള്ളരിക്കാപട്ടണമൊന്നുമല്ലല്ലോ? ജനങ്ങളുടെ നന്മയ്ക്കാണ് സർക്കാർ മുൻഗണന നൽകുക.' വി.എസ് സുനിൽകുമാർ പറഞ്ഞു.

ബാങ്ക് വായ്പ എടുത്ത ആളുകൾ മൂന്ന് മാസത്തിൽ കൂടുതൽ സമയത്തേക്ക് തിരിച്ചടവ് മുടക്കിയാൽ വീട് ജപ്തി ചെയ്യാനുള്ള അവകാശം ബാങ്കിന് ലഭിക്കും. ഇതാണ് സർഫാസി നിയമം. ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ വായ്‌പ എടുത്തവർക്കെതിരെയാണ് ഇത്തരത്തിൽ നടപടി സ്വീകരിക്കാൻ ബാങ്കിന് സാധിക്കുക. ഇങ്ങനെ നടപടി ഉണ്ടായാൽ മറ്റ് കോടതി നടപടികളിലേക്ക് വായ്‌പ എടുത്തവർക്ക് പോകാനാകില്ല. ഇത് കരിനിയമമാണെന്നും ഇത് പിൻവലിക്കണമെന്നും സർക്കാർ പലതവണ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയവും പാസാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏകദേശം 20,000ത്തോളം പേർ ഈ നിയമം കാരണം ജപ്തി ഭീഷണി നേരിടുന്നുവെന്നാണ് കണക്ക്.