സൗത്താംപ്ടൺ: ലോകകപ്പിൽ ഇന്നലെ അവസാന പന്ത് വരെ ആവേശം നിറഞ്ഞതായിരുന്നു ഇന്ത്യ- അഫ്ഗാനിസ്ഥാൻ മത്സരം. നിർണായകമായ അവസാന ഓവർ എറിഞ്ഞത് മുഹമ്മദ് ഷമിയും. അഫ്ഗാന്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് ഷമി ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഒപ്പം ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം കൈവരിക്കുന്ന താരവുമായി ഷമി.
അഫ്‌ഗാനെതിരെ മിന്നുന്ന ജയം നേടിത്തന്ന ബൗളർമാരെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി. ബൗളർമാർ അവിസ്‌മരണീയ പ്രകടനം കാഴ്‌ചവച്ചു എന്നാണ് മത്സരശേഷം കൊഹ്‌ലിയുടെ വാക്കുകൾ. പേസർമാരായ മുഹമ്മദ് ഷമിയുടെ ഹാട്രിക്കിലും ബുമ്രയുടെ തകർപ്പൻ ബൗളിംഗിലുമായിരുന്നു ഇന്ത്യയുടെ ജയം.
തങ്ങളുടെ പദ്ധതികളെല്ലാം പാളിയെന്നത് സത്യമാണ്. എന്നാൽ, കാര്യങ്ങൾ തങ്ങളുടെ വരുതിക്ക് വന്നപ്പോൾ അവസാന പന്തുവരെ പോരാടാൻ ടീമിനായി. നിർണായകമായ 49-ാം ഓവർ ബുമ്രയെ ഏൽപിച്ചത് നിർണായകമായി. അവസാന ഓവറിൽ ഷമിക്ക് അനായാസം പ്രതിരോധിക്കാനുള്ള റൺസ് ലഭിച്ചു. ചാഹലിനെ ഉപയോഗിച്ച രീതിയും ഗുണം ചെയ്‌തു. ജയം മുന്നോട്ടുള്ള കുതിപ്പിന് പ്രചോദനമായെന്നും" കൊഹ്‌ലി പറഞ്ഞു.
അഫ്ഗാനിസ്ഥാനൊരുക്കിയ സ്പിൻ കെണിയിൽ കുടുങ്ങിയ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പതോവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 49.5 ഓവറിൽ 213 റൺസിന് ആൾഔട്ടാവുകയായിരുന്നു.
അവസാന ഓവറിൽ ഹാട്രിക്കുമായി മിന്നിത്തിളങ്ങിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഷമി നാലും ബുംറ,ചഹൽ,പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തേ ഇന്ത്യയ്ക്കായി നായകൻ വിരാട് കൊഹ്‌ലി (63 പന്തിൽ 67), കേദാർ ജാദവ് (68 പന്തിൽ 52) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. ഗുൽബദിൻ നയിബ്, മുഹമ്മദ് നബി എന്നിവർ രണ്ട് വിക്കറ്റ് വീതവും റഷീദ് ഖാൻ, മുജീബ്, റഹ്മത്ത് ഷാ, അഫ്‌ത്താബ് ആലം എന്നിവർ ഓരോവിക്കറ്റ് വീതവും വീഴ്ത്തി.