veerappa-moily

ബംഗളൂരു: പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യമുണ്ടാക്കിയത് തെറ്റായ തീരുമാനമായിരുന്നെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി. ജെ.ഡി.എസുമായി സഖ്യമുണ്ടാക്കിയില്ലായിരുന്നെങ്കിൽ പാർട്ടിക്ക് 15-16 സീറ്റ് ലഭിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

'സഖ്യമില്ലായിരുന്നെങ്കിൽ ഇവിടെമാത്രമല്ല (ചിക്കാബല്ലാപൂർ)മറ്റ് മണ്ഡലങ്ങളിലുമായി കോൺഗ്രസിന് 15-16 സീറ്റ് ലഭിക്കുമായിരുന്നെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. സഖ്യത്തെ വിശ്വസിച്ചത് തെറ്റായിപ്പോയി, ഞങ്ങളുടെ ജനങ്ങൾ(കോൺഗ്രസ്) എനിക്ക് എതിരായെന്ന് വളരെ വ്യക്തമാണ്.' വീരപ്പ മൊയ്ലി പറഞ്ഞു. സഖ്യമില്ലായിരുന്നെങ്കിൽ ചിക്കാബല്ലാപൂരിൽ ജയിക്കുമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ താങ്കളെ എതിർത്തതെന്ന ചോദ്യത്തിന് അദ്ദേഹം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. കാരണം പണമോ അധികാരമോ ആയിരിക്കാം എന്ന് മാത്രമാണ് പറഞ്ഞത്.

ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തില്ലെന്നും എന്നാൽ ജനങ്ങളെ സ്‌നേഹിക്കുന്നതും സേവിക്കുന്നതും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും ലോക്‌സഭ തിരഞ്ഞെടുപ്പിൽ മോശം ഫലം ലഭിക്കാൻ കാരണമാകുമെന്ന് സൂചിപ്പിച്ച അദ്ദേഹം, സർക്കാരിനെ രക്ഷിക്കുക മാത്രമല്ല അധികാരത്തിലിരിക്കുന്നവർ ജനങ്ങളുടെ ആവശ്യങ്ങൾ പരിശോധിക്കുകയും വേണമെന്നും പറഞ്ഞു. ഇത്തരത്തിൽ മോശമായ ഒരു അനുഭവം ഇനി ഉണ്ടാകാൻ പാടില്ല, കോൺഗ്രസിനെ അടിത്തട്ടിൽ നിന്ന് പുനസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുൻ കേന്ദ്രമന്ത്രിയായ വീരപ്പ മൊയ്‌ലി ലോക്‌സഭ തിരഞ്ഞെടുപ്പിൽ ചിക്കാബെല്ലാപൂരിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ സ്ഥാനാർത്ഥിയായിരുന്നു. വീരപ്പ മൊയ്‌ലിയെ ബി.ജെ.പി സ്ഥാനാർത്ഥിയായ ബി.എൻ ബച്ചേ ഗൗഡ 1,82,110 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കർണ്ണാടകയിലെ 28 ലോക്‌സഭ സീറ്റിൽ 25 സീറ്റ് ബി.ജെ.പിയും ഓരോ സീറ്റ് വീതം കോൺഗ്രസും ജെ.ഡി.എസും നേടി. ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സുമതല അംബരീഷിന് മണ്ഡ്യയിൽ ഒരു സീറ്റ് ലഭിച്ചിരുന്നു.